‘മുല്ലപ്പെരിയാറില്‍ പ്രശ്‌നങ്ങളില്ല’; സമൂഹമാധ്യമങ്ങളിലൂടെ അനാവശ്യ ഭീതി പടര്‍ത്തിയാല്‍ നിയമപരമായി നേരിടുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിലവില്‍ പ്രശ്‌നങ്ങളില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാമൂഹിക മാധ്യമങ്ങളിലൂടെ നടക്കുന്നത് തെറ്റായ പ്രചാരണമാണ്. അനാവശ്യ ഭീതി പരത്തിയാല്‍ നിയമപരമായി നേരിടുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ജലനിരപ്പ് 139 അടിയായി ക്രമീകരിക്കണമെന്ന കേരളത്തിന്റെ അപേക്ഷ സുപ്രീംകോടതി പരിഗണിക്കുകയാണ്.

പുതിയ അണക്കെട്ട് വേണം, മുല്ലപ്പെരിയാര്‍ അണക്കെട്ട് ഡീകമ്മീഷന്‍ ചെയ്യണം തുടങ്ങിയ ആവശ്യങ്ങള്‍ മുന്‍ നിര്‍ത്തി സോഷ്യല്‍മീഡിയാ ക്യാമ്പയ്‌നുകള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. സിനിമാ താരങ്ങളടക്കമുള്ള പ്രമുഖര്‍ ഈ ആവശ്യമുന്നയിച്ച് രംഗത്തെത്തിയിരുന്നു. ഡാം പൊളിച്ചുകളയണമെന്ന് നടന്‍ പൃഥ്വിരാജ് അഭിപ്രായപ്പെട്ടിരുന്നു. വസ്തുതകളും കണ്ടെത്തലുകളും എന്താണെങ്കിലും 125 വര്‍ഷം പഴക്കമുള്ള അണക്കെട്ട് ഇപ്പോഴും നിലനിര്‍ത്തുന്നതിന് കാരണമോ ഒഴികഴിവോ അല്ല. രാഷ്ട്രീയവും സാമ്പത്തികവുമായി കാരണങ്ങള്‍ മാറ്റിവെച്ച് ശരിയായത് ചെയ്യേണ്ട സമയമാണെന്നായിരുന്നു പൃഥ്വിരാജിന്റെ പോസ്റ്റ്. ഡാം പൊട്ടി മരിക്കാന്‍ സാധ്യതയുള്ള എല്ലാവരും ഒരു മരണമൊഴിയെഴുതി ഇപ്പോഴേ കോടതിയില്‍ സമര്‍പ്പിക്കണമെന്ന് സംവിധായകന്‍ ജൂഡ് ആന്റണി ജോസഫും പ്രതികരിച്ചിരുന്നു. ‘ഇതെല്ലാം അറിഞ്ഞിട്ടും ഒന്നും ചെയ്യാതിരുന്ന അധികൃതരുടെ പേരുകള്‍ സഹിതം പ്രതിപ്പട്ടികയില്‍ വരുന്ന ഒരു മാസ്സ് മരണമൊഴി. 30 ലക്ഷം മരണമൊഴികളെ അവഗണിക്കാന്‍ ഒരു കോടതിക്കും സാധിക്കില്ല’, ജൂഡിന്റെ പോസ്റ്റ് ഇങ്ങനെ. താരങ്ങളുടെ പോസ്റ്റുകള്‍ക്ക് പുറമേ അണക്കെട്ട് പൊളിക്കണം എന്ന ആവശ്യം ട്വിറ്റര്‍, ഫേസ്ബുക്ക് അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ ക്യാമ്പയിനുകളായി ഉയര്‍ന്നിരുന്നു.

അണക്കെട്ടില്‍ ജലനിരപ്പുയര്‍ന്ന പശ്ചാത്തലത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രിയെ ബന്ധപ്പെട്ട് ജനങ്ങള്‍ ആശങ്കയിലാണെന്നും സര്‍ക്കാര്‍ തല ഇടപെടല്‍ വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. നാല് വര്‍ഷമായി പ്രകൃതിക്ഷോഭങ്ങള്‍ തുടരുന്ന പശ്ചാത്തലത്തില്‍ ജനങ്ങളുടെ ആശങ്കയ്ക്ക് അടിസ്ഥാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

142 അടിയാണ് മുല്ലപ്പെരിയാര്‍ഡാമിന്റെ പരമാവധി സംഭരണ ശേഷി. നിലവില്‍ ജലനിരപ്പ് 136.80 അടിയാണ്. ഇതോടെ രണ്ട് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. ജലനിരപ്പ് 140 അടിയായാല്‍ ആളുകളെ മാറ്റിപ്പാര്‍പ്പിച്ച് തുടങ്ങുമെന്നാണ് വിവരം. തമിഴ്‌നാടിനോട് കൂടുതല്‍ വെള്ളം ഒഴുക്കണമെന്നും സ്പില്‍വേയിലൂടെ കുറച്ച് വെള്ളം ഒഴുക്കണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.