‘വ്യക്തിപരമായ പരാജയമായി കാണരുത്, നല്ല മത്സരമായിരുന്നു’; തല മൊട്ടയടിക്കുമെന്ന് പറഞ്ഞ അഗസ്തിയോട് എംഎം മണി

തല മൊട്ടയടിച്ച് വാക്ക് പാലിക്കുമെന്ന ഉടുമ്പഞ്ചോലയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പ്രഖ്യാപനത്തോട് പ്രതികരിച്ച് മന്ത്രി എം എം മണി. തന്റെ സുഹൃത്തുകൂടിയായ ഇ എം അഗസ്തി നല്ല മല്‍സരമാണ് കാഴ്ച വെച്ചതെന്ന് എം എം മണി പറഞ്ഞു. മണ്ഡലത്തിലെ പൊതു സ്ഥിതി മാത്രമാണ് വോട്ടിങ്ങില്‍ പ്രതിഫലിച്ചതെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

അത് ആഗസ്തിയുടെ വ്യക്തിപരമായ പരാജയമായി കാണില്ലയെന്ന് പ്രതീക്ഷിക്കുന്നു. മണ്ഡലത്തിന്റെ പൊതു വികസനത്തില്‍ നമുക്ക് ഒന്നിച്ചു മുന്നേറാം. എല്ലാവര്‍ക്കും നന്ദി.

എം എം മണി

പരാജയം അംഗീകരിക്കുകയാണെന്നായിരുന്നു അഗസ്തി പറഞ്ഞത് തോറ്റാല്‍ തല മുണ്ഡനം ചെയ്യുമെന്ന വാക്ക് പാലിക്കുമെന്നും നാളെത്തന്നെ തല മൊട്ടയടിക്കുമെന്നും ഇ എം അഗസ്തി പ്രതികരിച്ചു.

എം.എം മണിക്ക് അഭിവാദ്യങ്ങള്‍. തല കുനിച്ച് ജനവിധി മാനിക്കുന്നു. ശ്രീകണ്ഠന്‍ നായര്‍ വെല്ലുവിളി ഏറ്റെടുത്തില്ലെങ്കിലും ഞാന്‍ പറഞ്ഞ വാക്ക് പാലിക്കുന്നു. നാളെ തല മൊട്ടയടിക്കും. സ്ഥലവും സമയവും പിന്നീട് അറിയിക്കും. തിരഞ്ഞെടുപ്പ് വിലയിരുത്തല്‍ പിന്നീട് അറിയിക്കും.

ഇ എം അഗസ്തി

ഉടുമ്പഞ്ചോലയില്‍ രണ്ട് പതിറ്റാണ്ടായി തുടരുന്ന എല്‍ഡിഎഫ് ആധിപത്യം ഇത്തവണ അവസാനിപ്പിക്കുമെന്നായിരുന്നു അഗസ്തിയുടെ പ്രതിജ്ഞ. ഭൂപ്രശ്‌നങ്ങള്‍ ഉയര്‍ത്തിയാണ് താന്‍ വോട്ട് ചോദിക്കുന്നതെന്നും ജയിച്ചാല്‍ 90 ദിവസത്തിനകം ഭൂപതിവ് ചട്ടങ്ങള്‍ ഭേദഗതി ചെയ്യാന്‍ നടപടി സ്വീകരിക്കുമെന്നും ഇ എം അഗസ്തി പ്രഖ്യാപിക്കുകയുണ്ടായി.

1996ലെ തെരഞ്ഞെടുപ്പില്‍ അഗസ്തിയോട് തോറ്റ എം എം മണിക്ക് ഇത്തവണത്തെ ജയം മധുരപ്രതികാരം കൂടിയാണ്. കന്നിയങ്കത്തിലെ തോല്‍വിയുടെ കയ്പാണ് അന്ന് സിപിഐഎം നേതാവ് അറിഞ്ഞത്. 25 വര്‍ഷത്തിന് ശേഷം മുന്‍ എംഎല്‍എയെ നേരിട്ട എം എം മണിക്ക് മന്ത്രിയെന്ന നിലയിലുള്ള മെച്ചപ്പെട്ട പ്രകടനവും മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങളുമാണ് മുതല്‍ക്കൂട്ടായത്.