താലിബാന് തന്റെ കൊച്ചുമകള്‍ ഉമ്മുകുല്‍സുവിനെ വിട്ടുകൊടുക്കരുതെന്ന് നിമിഷ ഫാത്തിമയുടെ അമ്മ. താലിബാന്റെ കൈകളില്‍ നിന്ന് കൊച്ചുമകളെ രക്ഷിക്കാന്‍ സംസ്ഥാനത്തേയും ദേശീയ തലത്തിലേയും ശിശുക്ഷേമ സമിതികളോട് അഭ്യര്ത്ഥിച്ചുകൊണ്ടിരിക്കുകയാണെന്ന് നിമിഷയുടെ അമ്മ ബിന്ദു സമ്പത്ത് ദ വീക്കിനോട് പ്രതികരിച്ചു. ഇസ്ലാമിക സ്റ്റേറ്റ് ഓഫ് ഖൊറാസാന്‍ പ്രൊവിന്‍സില്‍ (ഐസ്കെപി) ചേരാനായി കേരളത്തില്‍ നിന്ന് പോയ നിമിഷ ഫാത്തിമയുടെ മകള്‍ ഉമ്മുകുല്‍സുവിന് നാളെ അഞ്ച് വയസ് തികയും.
ഐഎസ്ഐഎസില്‍ ചേര്‍ന്നതിലൂടെ എന്റെ മകള്‍ രാജ്യത്തിനെതിരെ വലിയ തെറ്റാണ് ചെയ്തതെന്ന് എനിക്കറിയാം. അവളെ നമ്മുടെ രാജ്യത്തെ ജയിലില്‍ അടയ്ക്കൂ. പക്ഷെ, ഉമ്മുകുല്‍സുവിനെ താലിബാന്റെ കൈയിലേക്ക് എറിഞ്ഞു കൊടുക്കരുത്.
ബിന്ദു സമ്പത്ത്
ഞാനെന്റെ പേരക്കുട്ടിയെ ഇതുവരെ കണ്ടിട്ടുപോലുമില്ല. നിമിഷ മുന്‍പ് എന്നെ ഫോണ്‍ ചെയ്തിരുന്നപ്പോള്‍ ഉമ്മുകുല്‍സുവിന്റെ ശബ്ദം മാത്രമാണ് കേട്ടിരുന്നത്. ഒരു തെറ്റും ചെയ്യാത്ത കുഞ്ഞിനെ എറിഞ്ഞുകൊടുക്കരുത്. താലിബാന്റെ ഭരണത്തില്‍ പെണ്‍കുട്ടികള്‍ എന്താണ് അനുഭവിക്കുന്നതെന്ന് നമുക്കെല്ലാം അറിയാവുന്നതല്ലേയെന്നും നിമിഷയുടെ മാതാവ് ചൂണ്ടിക്കാട്ടി.
ഇസ്ലാമിലേക്ക് മാറിയ ഭര്‍ത്താവ് ബെസ്റ്റിനൊപ്പം നിമിഷ രാജ്യം വിടുമ്പോള്‍ ഏഴ് മാസം ഗര്‍ഭിണിയായിരുന്നു. ദന്തഡോക്ടറായിരുന്നു നിമിഷ. താനും ഭര്‍ത്താവും ബിസിനസ് ആവശ്യത്തിന് വേണ്ടി ശ്രീലങ്കയില്‍ പോകുകയാണെന്നാണ് അവര്‍ പറഞ്ഞതെന്ന് ബിന്ദു പറയുന്നു.

2016 മെയ് മാസത്തിനും ജൂലൈയ്ക്കും ഇടയില്‍ കേരളത്തില്‍ നിന്ന് കാണാതായ 21 പേരുടെ പട്ടികയില്‍ നിമിഷയുണ്ട്. ആറ് സ്ത്രീകളും മൂന്ന് കുട്ടികളും ഈ 21 പേരില്‍ ഉള്‍പ്പെടുന്നു. കാണാതായവരില്‍ ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും എംബിഎ ബിരുദധാരികളുമുണ്ട്. ദൗലത്തുള്‍ ഇസ്ലാമില്‍ (ഇസ്ലാമിക് സ്റ്റേറ്റ് നിയന്ത്രണത്തിനുള്ള സ്ഥലം) എത്തിയെന്ന് ഇവരില്‍ ചിലരുടെ ബന്ധുക്കള്‍ക്ക് ടെലിഗ്രാം സന്ദേശം ലഭിച്ചു. ഇത് മാത്രമായിരുന്നു ഇവര്‍ രാജ്യം വിട്ടുവെന്നതിന്റെ സൂചന.
കേരളത്തില്‍ നിന്ന് ഐസിസില്‍ ചേരാന്‍ പോയെന്ന് കരുതപ്പെടുന്ന 21 പേരില്‍ ഭൂരിഭാഗം പുരുഷന്മാരും കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 2019 നവംബറില്‍ അറസ്റ്റ് ചെയ്യപ്പെട്ട നിമിഷയടക്കമുള്ള സ്ത്രീകള്‍ അന്ന് മുതല്‍ തടവിലായിരുന്നു. അഫ്ഗാനിസ്താന്റെ അധികാരം പിടിച്ചെടുത്ത താലിബാന് നിമിഷയെ ജയിലില്‍ നിന്ന് മോചിപ്പിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ബിന്ദു പറയുന്നു.

ക്രിസ്തുമതത്തില്‍ നിന്ന് ഇസ്ലാമിലേക്ക് മാറിയ ശേഷം അഫ്ഗാനിലേക്ക് പോയ ബെസ്റ്റിനും ബെക്സനും നാറ്റോ സൈനിക നടപടിയില്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഇരുവരുടേയും മാതാവായ ഗ്രേസിയും ബെസ്റ്റിന്റെ മകള്‍ ഉമ്മുകുല്‍സുവിനെ വിട്ടുകിട്ടണമെന്ന് അഭ്യര്‍ത്ഥിച്ചു.
എന്റെ രണ്ട് മക്കളും മരിച്ചു പോയി. എനിക്കിനിയാകെ ബാക്കിയുള്ളത് എന്റെ കൊച്ചുമോളാണ്.
ഗ്രേസി
ഉമ്മുകുല്‍സുവിനെ ഒന്ന് കാണാനെങ്കിലും കഴിഞ്ഞെങ്കിലെന്ന് ആഗ്രഹിക്കുകയാണെന്ന് ഗ്രേസി ദ വീക്കിനോട് പ്രതികരിച്ചു.