‘ഷാരൂഖ് ഖാന്‍ ബിജെപിയില്‍ ചേര്‍ന്നാല്‍ ഈ ലഹരി മരുന്നെല്ലാം പഞ്ചസാരയാവും’; കേന്ദ്ര അന്വേഷണ ഏജന്‍സിക്കെതിരെ മഹാരാഷ്ട്ര മന്ത്രി

മുംബൈ: ആര്യന്‍ ഖാന്റെ അറസ്റ്റില്‍ കേന്ദ്ര അന്വേഷണ ഏജന്‍സിയെ പരിഹസിച്ച് മഹാരാഷ്ട്രാ മന്ത്രിയും എന്‍സിപി നേതാവുമായ ഛരണ്‍ ഭുജ്ബാല്‍. ഷാരൂഖ് ഖാന്‍ ബിജെപിയില്‍ ചേര്‍ന്നാല്‍ ഇപ്പോള്‍ കണ്ടെത്തിയ ലഹരി മരുന്നെല്ലാം വെറും പഞ്ചസാരപ്പൊടിയായി മാറും. ഗുജറാത്തിലെ മുദ്ര പോര്‍ട്ടില്‍ വലിയ ലഹരി മരുന്ന് വേട്ടയുണ്ടായിട്ടും അതില്‍ ശ്രദ്ധിക്കാതെ എന്തുകൊണ്ടാണ് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ആര്യന്‍ ഖാനെ വേട്ടയാടുന്നതെന്നും മന്ത്രി ചോദിച്ചു. എന്‍സിപിയുടെ ഒരു പൊതുപരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സെപ്തംബര്‍ അവസാന ആഴ്ചയായിരുന്നു അദാനിയുടെ നിയന്ത്രണത്തിലുള്ള ഗുജറാത്തിലെ മുദ്രാ തുറമുഖത്തുനിന്നും 21,000 കോടി വിലമതിക്കുന്ന മയക്കുമരുന്ന് പിടിച്ചെടുത്തത്. രണ്ട് കണ്ടെയ്‌നറുകളിലായി 3000 കിലോ ഹെറോയിനായിരുന്നു പിടിച്ചെടുത്തത്. സംഭവത്തില്‍ ഇ.ഡി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും രാജ്യം കണ്ട ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയില്‍ മറ്റ് കോളിളക്കങ്ങളൊന്നും ഉണ്ടായില്ല. ഇത് ചൂണ്ടിക്കാട്ടിയാണ് ഭുജ്ബാലിന്റെ വിമര്‍ശനം.

ഒക്ടോബര്‍ രണ്ടിന് മുംബൈ തീരത്തിന് സമീപത്ത് ആഢംബര കപ്പലിലെ റേവ് പാര്‍ട്ടിക്കിടെ നടന്ന റെയ്ഡില്‍ അറസ്റ്റ് ചെയ്യപ്പെട്ട ആര്യന്‍ രണ്ടാഴ്ചയിലധികമായ തടവിലാണ്. ആര്യന്റെ ജാമ്യാപേക്ഷ മുംബൈയിലെ പ്രത്യേക കോടതി തള്ളിയിരുന്നു. നിരോധിത മയക്കുമരുന്ന് ഇടപാടുകളിലെ ആര്യന്റെ പങ്ക് വാട്സാപ്പ് ചാറ്റുകളില്‍ നിന്ന് പ്രഥമ ദൃഷ്ട്യാ വ്യക്തമാണെന്നാണ് കോടതിയുടെ നിരീക്ഷണം. ആര്യന്‍ ഖാന്റെ പക്കല്‍ നിന്നും മയക്കുമരുന്നുകളൊന്നും കണ്ടെത്താനായില്ലെങ്കിലും തന്റെ സുഹൃത്ത് അര്‍ബ്ബാസ് മര്‍ച്ചന്റിന്റെ ഷൂസില്‍ ആറ് ഗ്രാം ചരസിരിക്കുന്ന വിവരം ആര്യന് അറിയാമായിരുന്നെന്നും ജാമ്യാപേക്ഷ തള്ളിക്കൊണ്ട് കോടതി പ്രസ്താവിച്ചിരുന്നു ബോംബെ ഹൈക്കോടതിയെ സമീപിച്ച ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ ചൊവ്വാഴ്ച്ച പരിഗണിക്കും.