അല്ലു അര്ജുന് ചിത്രം പുഷ്പയിലെ ‘ശ്രീവള്ളി’ ലിറിക് വീഡിയോ ഏറ്റെടുത്ത് പ്രേക്ഷകര്‍. പുറത്തിറങ്ങി ഒരു മണിക്കൂര്‍ കഴിയുന്നതിനിടെ യു ട്യൂബില്‍ പാട്ട് കേട്ടവരുടെ എണ്ണം പത്ത് ലക്ഷമെത്തി. പുഷ്പയും ശ്രീവള്ളിയും (രഷ്മിക മന്ദാന) തമ്മിലുള്ള പ്രണയത്തിനാണ് ദേവി ശ്രീ പ്രസാദ് (ഡിഎസ്പി) ഈണമിട്ടിരിക്കുന്നത്. ചന്ദ്ര ബോസിന്റെ വരികള്‍ക്ക് സിദ്ധ് ശ്രീറാം ശബ്ദം നല്കി. അല്ലു അര്‍ജുന്റെ ചുവടുകള്‍ക്കൊപ്പം ഹൈലൈറ്റായി ഡിഎസ്പിയുടെ ബാഞ്ചോ, മെലഡിക്ക നോട്ടുകളുണ്ട്. ഡിഎസ്പി-കോംബോ മികച്ചതാണെന്നും പാട്ട് റിപ്പീറ്റ് മോഡിലിട്ടെന്നും സമൂഹമാധ്യമങ്ങളില്‍ കമന്റുകളെത്തിത്തുടങ്ങി.
ഫഹദ് ഫാസില്‍ തെലുങ്കിലേക്ക് അരങ്ങേറുന്ന ചിത്രം കൂടിയാണ് പുഷ്പ. അഴിമതിക്കാരനായ പൊലീസ് ഉദ്യോഗസ്ഥന്റെ വേഷമാണ് ഫഹദിന്. നീചനും അത്രയേറെ അപകടകാരിയുമാണ് ഫഹദ് കഥാപാത്രമെന്ന അണിയറക്കാരുടെ വിശേഷണം ഫാഫ ആരാധകരുടെ പ്രതീക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. ബിഗ് ബജറ്റ് ആക്ഷന്‍ എന്റര്‍ടെയ്നറിന്റെ ഒന്നാം ഭാഗം ക്രിസ്മസ് റിലീസായി (ഡിസംബര്‍ 17) തിയേറ്ററുകളിലെത്തും. തെലുങ്ക് കൂടാതെ, ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളിലും പുഷ്പ പുറത്തിറക്കും.
ആര്യ, ആര്യ 2 എന്നീ തെന്നിന്ത്യന്‍ ഹിറ്റുകള്‍ക്ക് ശേഷം അല്ലുവും സുകുമാറും വീണ്ടുമൊന്നിക്കുന്ന ചിത്രമാണിത്. ചന്ദനക്കൊള്ള പശ്ചാത്തലമായുള്ള തിരക്കഥ ഒരുക്കിയിരിക്കുന്നത് സുകുമാര്‍ തന്നെയാണ്. ഫഹദിനേയും അല്ലുവിനേയും കൂടാതെ രശ്മിക മന്ദാന, ജഗപതി ബാബു, പ്രകാശ് രാജ്, ധനഞ്ജയ്, സുനില്‍, ഹരീഷ് ഉത്തമന്, വെണ്ണേല കിഷോര്‍, അനസൂയ ഭരദ്വാജ്, ശ്രീതേജ് എന്നിവരടങ്ങുന്ന വമ്പന്‍ താരനിരയുണ്ട്. മിറോസ്ലോ കുബ ബ്രോസെക് ആണ് ഛായാഗ്രഹണം. കാര്‍ത്തിക ശ്രീനിവാസാണ് എഡിറ്റിങ്ങ്. റസൂല്‍ പൂക്കുട്ടി ശബ്ദലേഖനം നിര്‍വ്വഹിക്കുന്നു. മൈത്രി മൂവി മേക്കേഴ്സിന്റേയും മുട്ടംസേട്ടി മീഡിയയുടേയും ബാനറില്‍ നവീന്‍ യേര്‍നേനിയും വൈ രവിശങ്കറും ചേര്‍ന്നാണ് 250 കോടി ബജറ്റ് പറയപ്പെടുന്ന ചിത്രം നിര്‍മ്മിക്കുന്നത്.