ദുല്‍ഖര്‍ സല്മാന് ചിത്രം ‘കുറുപ്പ്’ നീണ്ട കാലത്തെ പ്രതിസന്ധിക്ക് ശേഷം സിനിമാശാലകളെ സജീവമാക്കുന്നതിന്റെ ആശ്വാസത്തില്‍ തിയേറ്റര്‍ ഉടമകള്‍. ഇന്നലെ ആരംഭിച്ച ഓണ്‍ലൈന്‍ ബുക്കിങ്ങ് മണിക്കൂറുകള്‍ക്കകം ഹൗസ് ഫുള്ളായതിനേത്തുടര്ന്നാണിത്. പ്രദര്‍ശനത്തിന് മുന്നേ തന്നെ മെഗാ സ്റ്റാര്‍ ചിത്രങ്ങള്‍ക്ക് മാത്രം കിട്ടാറുള്ള സ്വീകാര്യത കുറുപ്പിന് ലഭിച്ചതോടെ തിയേറ്റര്‍ ഉടമകള്‍ കൂടുതല്‍ സ്ക്രീനിങ്ങിന് ശ്രമം തുടങ്ങി.
കൊവിഡ് പ്രതിസന്ധി കാരണം ഒടിടി പ്ലാറ്റ്ഫോമില്‍ നേരിട്ട് റിലീസാകേണ്ടിയിരുന്ന ‘കുറുപ്പ്’ മമ്മൂട്ടിയുടെ ഇടപെടലിനേത്തുടര്‍ന്നാണ് തിയേറ്ററുകളിലെത്തുന്നത്. തിയേറ്ററുകള്‍ തുറന്നതിനാല്‍ ചിത്രം സിനിമാശാലകളില്‍ തന്നെ ആദ്യം പ്രദര്ശിപ്പിക്കട്ടെയെന്ന് ദുല്‍ഖറും നിലപാടെടുത്തു. കുറുപ്പ് നിര്‍മ്മാതാക്കള്‍ തങ്ങളെ ഇങ്ങോട്ട് സമീപിക്കുകയായിരുന്നെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോകിന്റെ പ്രസിഡന്റ് കെ വിജയകുമാര്‍ വ്യക്തമാക്കിയിരുന്നു. ഡയറക്ട് ഒടിടി റിലീസിന് വേണ്ടി നെറ്റ്ഫ്ളിക്സ് മുന്നോട്ടുവെച്ച 40 കോടിയുടെ ഓഫറാണ് ദുല്‍ഖര്‍ സല്മാന് നിരസിച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

പ്രഖ്യാപിക്കപ്പെട്ടതുമുതല്‍ ‘കുറുപ്പ്’ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. ചാക്കോ വധവും 36 വര്‍ഷം പിടികിട്ടാപ്പുള്ളിയായി തുടരുന്ന സുകുമാരക്കുറുപ്പിന്റെ തിരോധാനവും പശ്ചാത്തലമാക്കിയുള്ള ചിത്രത്തില്‍ ദുല്‍ഖറിനെ കേന്ദ്ര കഥാപാത്രമാക്കിയത് പ്രേക്ഷകരില്‍ കൗതുകമുണര്‍ത്തി. ദുല്‍ഖറിന്റെ മേക്കോവറും ലൊക്കേഷന്‍ സ്റ്റില്ലുകളും നാല് പതിറ്റാണ്ടുമുമ്പത്തെ സാഹചര്യങ്ങള്‍ പുനസൃഷ്ടിച്ചുകൊണ്ടുള്ള ടീസര്‍ രംഗങ്ങളും വൈറലായി. സ്റ്റൈലിഷ് ത്രില്ലര്‍ പ്രതീക്ഷകള്‍ ഏറുന്നതിനൊപ്പം കുറുപ്പിനെ ഹീറോ ആയാണോ ചിത്രീകരിക്കുന്നതെന്ന ചോദ്യവും വിവാദവും ഉയര്‍ന്നു.
വെയ്ഫാറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്മാന് തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. 35 കോടിയോളം നിര്‍മ്മാണ ചെലവ് അവകാശപ്പെടുന്ന ചിത്രം ദുല്‍ഖറിന്റെ കരിയറിലെ ഏറ്റവും ബജറ്റുള്ള ചിത്രമാണ്. 2012ല്‍ ദുല്‍ഖറിന്റെ അരങ്ങേറ്റ ചിത്രമായ ‘സെക്കന്‍ഡ് ഷോ’ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രനാണ് സംവിധാനമെന്നതും മറ്റൊരു പ്രത്യേകതയാണ്. കെ എസ് അരവിന്ദ്, ജിതിന് കെ ജോസ്, ഡാനിയേല്‍ സായൂജ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയെഴുതിയത്. നിമിഷ് രവി ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നു. സുഷിന് ശ്യാമിന്റേതാണ് സംഗീതം. എഡിറ്റിങ്ങ് വിവേക് ഹര്ഷന്. നവംബര്‍ 12ന് പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തിന് വമ്പന്‍ ഇനീഷ്യല്‍ ക്രൗഡ് പുള്‍ ഉണ്ടാകുമെന്ന് ഉറപ്പായി.