ആലപ്പുഴ: മുന്‍മന്ത്രി ജി സുധാകരന്റെ മുനവെച്ചുള്ള കവിതയ്ക്ക് എണ്ണിയെണ്ണി മറുപടിയുമായി ഡിവൈഎഫ്ഐ നേതാവിന്റെ മറ്റൊരു കവിത. തന്റെ രാഷ്ട്രീയ ജീവിതത്തിന് യാതൊരു നന്ദിയും ലഭിച്ചില്ലെന്ന തരത്തിലുള്ള സുധാകരന്റെ കവിതയ്ക്ക് ചെയ്തതിന്റെ ഗുണമാണ് തിരിച്ചെത്തുന്നത് എന്നാണ് ഡിവൈഎഫ്ഐ അമ്പലപ്പുഴ മേഖല പ്രസിഡന്റ് അനു കോയിക്കലിന്റെ മറുപടി. സുധാകരന്റെ പേര് പരാമര്‍ശിക്കാതെയാണ് ഞാന്‍ എന്ന തലക്കെട്ടോടെ കവിത ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
രാജാവിന്റെ അധികാരം ഉപയോഗിച്ചപ്പോള്‍ പ്രജകളുടെ അഭിമാനത്തെക്കുറിച്ച് ഓര്‍ത്തില്ലെന്നും അധികാരത്തിന്റെ ബലത്തിലാണ് ഇതെല്ലാം ചെയ്തതെന്നുമടങ്ങുന്നതാണ് സുധാകരനെ വിമര്‍ശിക്കുന്ന തരത്തിലുള്ള അനുവിന്റെ വരികള്‍. നാം ചെയ്തതിന്റെ ഗുണങ്ങള്‍ ഗുണങ്ങളായി തന്നെ എന്നിലെത്തുമെന്നതു മാത്രമാണ് സത്യമെന്നും കവിതയില്‍ പറയുന്നു.
അനുവിന്റെ കവിത ഇങ്ങനെ;
ഞാന്‍
ഞാന്‍ ചെയ്ത ഗുണങ്ങള്‍ എത്രയെത്ര അനുഭവിച്ചു നിങ്ങള്‍
തിരിച്ചെനിക്കൊ…. നന്ദിയില്ലാ മുഖങ്ങള്‍ മാത്രം
നന്ദി കിട്ടുവതിനായി ഞാന്‍ ചെയ്തതോ കേള്‍ക്കുനിങ്ങള്‍
രാജാവിനധികാരം ഉപയോഗിച്ചു ഞാന്‍
പ്രജകള്‍ തന് അഭിമനം ഞാനുണ്ടോ അറിവതു
അധികാരത്തിന് ബലത്തിലല്ലോ ഞാനതു ചെയ്തതു
അധികാരമൊഴിയുമോരുന്നാള്‍ എന്നതുണ്ടോ ഓര്‍ക്കുവതു ഞാന്‍
പുതിയ പാദങ്ങള്‍ പടവുകള്‍ താണ്ടിയെത്തീടണമെന്നത്
കാലത്തിനനുസൃത മാറ്റമെന്നെന്തെ ഓര്‍ത്തില്ല ഞാന്‍
ഞാന്‍ ചെയ്വതിന് ഗുണങ്ങള്‍ ഗുണങ്ങളായി തന്നെ
എന്നിലെത്തുമെന്നതു മാത്രം സത്യം.
കലാകൗമുദിയില്‍ പ്രസിദ്ധീകരിച്ച കവിതയിലാണ് സുധാകരന് വിമര്‍ശനാത്മകമായ പരാമര്‍ശങ്ങള്‍ ഉള്‍ക്കൊള്ളിച്ചത്. ‘ഒരു തരത്തിലും നന്ദി കിട്ടാത്തൊരാ പണികളൊക്കെ നടത്തി ഞാനെന്റെയീ മഹിത ജീവിതം സാമൂഹ്യമായെന്നും പറയും സ്നേഹിതര്‍ സത്യമെങ്കിലും വഴുതി മാറും. മഹാനിമിഷങ്ങളില്‍ മഹിത സ്വപ്നങ്ങള്‍ മാഞ്ഞു മറഞ്ഞുപോയ് അവകളൊന്നുമേ തിരികെ വരാനില്ല പുതിയ രൂപത്തില്‍ വന്നാല്‍ വന്നെന്നുമാം!’ സുധാകരന് കവിതയില്‍ കുറിച്ചു.
തന്റെ ഇത്രയും കാലത്തെ രാഷ്ട്രീയ ജീവിതം നന്ദി കെട്ടതായി പോയെന്നും ചില സ്വപ്നങ്ങള്‍ യാഥാര്ത്ഥ്യമായില്ലെന്നുമാണ് സുധാകന് കവിതയില്‍ പറയുന്നത്. നവാഗതര്‍ക്ക് വഴി മാറുന്നെന്ന സൂചനയോടെയാണ് കവിത അവസാനിക്കുന്നത്. പുതിയ തലമുറയെ ക്ഷണിക്കുന്ന കവിയാണെന്നും ദുര്‍വ്യാഖ്യാനങ്ങള്‍ക്ക് പ്രസക്തിയില്ലെന്നുമുള്ള അടിക്കുറിപ്പോടെ സുധാകരന് കവിത ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് മറുപടിയെന്നോണം അനു കോയിക്കലിന്റെ കവിതയും എത്തിയിരിക്കുന്നത്.