‘ബിജെപി പ്രവര്‍ത്തകര്‍ മോഷ്ടിച്ച പ്ലക്കാര്‍ഡുകള്‍ തിരികെ വാങ്ങിത്തരണം’; ഡിവൈഎഫ്‌ഐ പൊലീസിന് പരാതി നല്‍കി

തിരുവനന്തപുരം: ബിജെപി പ്രവര്‍ത്തകര്‍ തങ്ങളുടെ പ്ലക്കാര്‍ഡുകള്‍ മോഷ്ടിച്ചെന്നും അവ തിരികെ ലഭിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് പൊലീസിന് പരാതി നല്‍കി ഡിവൈഎഫ്‌ഐ ആറ്റിങ്ങല്‍ ടൗണ്‍ കമ്മറ്റി. ഇന്നലെ ബിജെപി നടത്തിയ പ്രതിഷേധത്തില്‍ ഡിവൈഎഫ്‌ഐയുടെ പ്ലക്കാര്‍ഡും ഉണ്ടായിരുന്നു. മാധ്യമങ്ങള്‍ ശ്രദ്ധിച്ചതിനെ തുടര്‍ന്ന് ഈ പ്ലക്കാര്‍ഡ് നശിപ്പിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ഡിവൈഎഫ്‌ഐ പൊലീസിന് പരാതി നല്‍കിയത്.

പരാതി ഇങ്ങനെ

പെട്രോള്‍ വിലവര്‍ധനവിനെതിരെ നേരത്തെ ഡിവൈഎഫ്‌ഐ ആറ്റിങ്ങല്‍ നഗരസഭ പരിസരത്ത് പ്രതിഷേധം നടത്തിയിരുന്നു. ഇതിന് ശേഷം പ്ലക്കാര്‍ഡുകള്‍ നഗരസഭയ്ക്ക് അടുത്ത് തന്നെ സൂക്ഷിച്ചിരുന്നു. ഇതില്‍ നിന്ന് ഒരു പ്ലക്കാര്‍ഡ് ബിജെപി പ്രവര്‍ത്തക മോഷ്ടിക്കുകയും അത് ബിജെപി പ്രതിഷേധത്തിനിടെ ഉയര്‍ത്തി കാണിക്കുകയും ചെയ്തിരുന്നു. ഇതില്‍ രോഷാകുലരായ മറ്റ് ബിജെപി പ്രവര്‍ത്തകര്‍ ഡിവൈഎഫ്‌ഐയുടെ മറ്റ് പ്ലക്കാര്‍ഡുകള്‍ നശിപ്പിക്കുകയും ഉപേഷിക്കുകയും ചെയ്തു. ഇത്തരത്തില്‍ 20 പ്ലക്കാര്‍ഡുകള്‍ ഡിവൈഎഫ്‌ഐക്ക് നഷ്ടപ്പെട്ടു. പെട്രോള്‍ -ഡീസല്‍ വിലവര്‍ധനവ് വീണ്ടും ഉണ്ടാവുന്നതിനാല്‍
ഡിവൈഎഫ്‌ഐക്ക് പ്രതിഷേധിക്കേണ്ടി വരും. ആയതിനാല്‍ ബിജെപി പ്രവര്‍ത്തകര്‍ മോഷ്ടിച്ച പ്ലക്കാര്‍ഡുകള്‍ തിരികെ ലഭിക്കുന്നതിനും ഇനി ഇത് പോലെ സംഭവിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നുമാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഇന്നലെ രാത്രി ദൃശ്യ മാധ്യമങ്ങളിലൂടെയാണ് പ്ലക്കാര്‍ഡ് നഷ്ട്ടപ്പെട്ട വിവരം സംഘടന പ്രവര്‍ത്തകര്‍ മനസിലാക്കിയത്. ആറ്റിങ്ങല്‍ പട്ടണം സമ്പൂര്‍ണ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന സാഹചര്യത്തില്‍ വളരെ ബുദ്ധിമുട്ടിയാണ് പ്രവര്‍ത്തകര്‍ ഇത്രയും പ്ലക്കാര്‍ഡുകള്‍ തയ്യാറാക്കിയിരുന്നത്. കൂടാതെ ദിനംപ്രതി എണ്ണ വില കുത്തനെ ഉയരുന്നതിനാല്‍ നിരന്തര സമര പരിപാടികളും സംഘടന അസൂത്രണം ചെയ്തിരുന്നു. അതിനാല്‍ നശിപ്പിച്ച പ്ലക്കാര്‍ഡുകള്‍ ബി.ജെ.പി നേതൃത്വത്തിന് തിരിച്ച് നല്‍കാന്‍ സാധിച്ചില്ലെങ്കിലും ശേഷിച്ചവ സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഡിവൈഎഫ്‌ഐ ടൗണ്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൊലീസിന് പരാതി നല്‍കിയെന്നും പ്രസിഡന്റ് പ്രശാന്ത് മങ്കാട്ടു പറഞ്ഞു.

‘വനംകൊള്ളക്കാരെ അറസ്റ്റ് ചെയ്യൂ’ എന്ന പ്ലക്കാര്‍ഡുകളാണ് ബിജെപി ഉയര്‍ത്തിയത്. അതിനിടയിലാണ് ‘പെട്രോള്‍ വില സെഞ്ച്വറിയടിച്ചു. പ്രതിഷേധിക്കുക-ഡിവൈഎഫ്ഐ’ എന്ന പ്ലക്കാര്‍ഡും ഉയര്‍ന്നത്.

ഇത് കണ്ടയുടന്‍ ചാനല്‍ ക്യാമറകള്‍ പകര്‍ത്താന്‍ തുടങ്ങി. അപ്പോഴാണ് ബിജെപി നേതാക്കള്‍ക്ക് അമളി പിണഞ്ഞെന്ന് മനസ്സിലായത്. ഉടന്‍ തന്നെ പ്ലക്കാര്‍ഡ് മാറ്റി നല്‍കുകയായിരുന്നു.

സംഭവത്തില്‍ മുന്‍ മന്ത്രി തോമസ് ഐസക് പ്രതികരിച്ചു. ഫേസ്ബുക്കിലൂടെയാണ് ഐസകിന്റെ പ്രതികരണം.

തോമസ് ഐസകിന്റെ പ്രതികരണം

വിലക്കയറ്റത്തെക്കുറിച്ചുള്ള കഴിഞ്ഞ പോസ്റ്റിനുശേഷം ഇതും കിടക്കട്ടെ…
ആറ്റിങ്ങലില്‍ ബിജെപിയുടെ ഒരു പ്രതിഷേധ പരിപാടിയില്‍ ഡിവൈഎഫ്ഐയുടെ പ്ലക്കാര്‍ഡ് പ്രത്യക്ഷപ്പെട്ടത് ഒരു അബദ്ധമായി ഞാന്‍ കാണുന്നില്ല. നാം അതിനെ മറ്റൊരു തരത്തിലാണ് കാണേണ്ടത്. ഡിവൈഎഫ്ഐയുടെ ഒരു പ്ലക്കാര്‍ഡ് ബിജെപി പ്രവര്‍ത്തകര്‍ ഉയര്‍ത്തിപ്പിടിക്കില്ല എന്നത് നൂറു തരം. പക്ഷേ, ഇവിടെ പെട്രോള്‍ വില വര്‍ദ്ധനയ്ക്കെതിരെയാണ് പ്ലക്കാര്‍ഡ്. ഈ പ്ലക്കാര്‍ഡ് പിടിച്ച പെണ്‍കുട്ടി മുദ്രാവാക്യം മാത്രമേ വായിച്ചിട്ടുണ്ടാകൂ എന്നാണ് ഞാന്‍ മനസിലാക്കുന്നത്. പെട്രോള്‍ വില ഇങ്ങനെ കുതിച്ചുയരുന്നതില്‍ ആ പ്രവര്‍ത്തകയുടെ ഉള്ളിലും പ്രതിഷേധമുണ്ട്. ബിജെപി സംഘടിപ്പിക്കുന്ന സമരം അതിനെതിരെ ആയിരിക്കും എന്ന് കരുതിയിട്ടുണ്ടാകും.
ആ കുട്ടിയെ ട്രോളുന്നതില്‍ അര്‍ത്ഥമില്ല. പെട്രോള്‍ വില വര്‍ദ്ധനയ്ക്കെതിരെ ആ കുട്ടിയുടെ ഉള്ളിലും പ്രതിഷേധമുണ്ട്. രാജ്യത്താകമാനം ബിജെപി പ്രവര്‍ത്തകര്‍ തങ്ങളുടെ ഉള്ളില്‍ അടക്കിപ്പിടിക്കുന്ന ആ പ്രതിഷേധമാണ്, അബദ്ധത്തിലെങ്കിലും അവര്‍ ഉയര്‍ത്തിപ്പിടിച്ചത്.
ഇത് അല്ലെങ്കില്‍ എങ്ങനെ ഇത് സംഭവിച്ചു? മറിച്ചൊരു വിശദീകരണം തരാന്‍ ആര്‍ക്കെങ്കിലും കഴിയുമോ?