മരംകൊള്ളക്കെതിരെ ബിജെപി ധര്‍ണ്ണ; പെട്രോള്‍ വിലവര്‍ധനക്കെതിരെ ഡിവൈഎഫ്‌ഐ പ്ലക്കാര്‍ഡുമായി പ്രവര്‍ത്തക, വേഗം മാറ്റി നേതാക്കള്‍

തിരുവനന്തപുരം: വനത്തില്‍ നിന്നും മരം മുറിച്ചു കടത്തിയ സംഭവത്തില്‍ ബിജെപി നടത്തിയ പ്രതിഷേധത്തില്‍ ഇന്ധന വിലവര്‍ധനവിനെതിരായ ഡിവൈഎഫ്‌ഐ പ്ലക്കാര്‍ഡുമായി ബിജെപി പ്രവര്‍ത്തക. പിന്നീട് അബദ്ധം തിരിച്ചറിഞ്ഞ നേതാക്കള്‍ വേഗം പ്ലക്കാര്‍ഡ് മാറ്റി ബിജെപിയുടെ തന്നെ നല്‍കി.

മരംകൊള്ളക്കെതിരെ ബിജെപി സംസ്ഥാന തലത്തില്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി ആറ്റിങ്ങല്‍ നഗരസഭ ആസ്ഥാനത്തിന് മുന്നില്‍ ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ ധര്‍ണ്ണയിലാണ് പ്ലക്കാര്‍ഡ് മാറിയ സംഭവം നടന്നത്.

‘വനംകൊള്ളക്കാരെ അറസ്റ്റ് ചെയ്യൂ’ എന്ന പ്ലക്കാര്‍ഡുകളാണ് ബിജെപി ഉയര്‍ത്തിയത്. അതിനിടയിലാണ് ‘പെട്രോള്‍ വില സെഞ്ച്വറിയടിച്ചു. പ്രതിഷേധിക്കുക-ഡിവൈഎഫ്‌ഐ’ എന്ന പ്ലക്കാര്‍ഡും ഉയര്‍ന്നത്.

ഇത് കണ്ടയുടന്‍ ചാനല്‍ ക്യാമറകള്‍ പകര്‍ത്താന്‍ തുടങ്ങി. അപ്പോഴാണ് ബിജെപി നേതാക്കള്‍ക്ക് അമളി പിണഞ്ഞെന്ന് മനസ്സിലായത്. ഉടന്‍ തന്നെ പ്ലക്കാര്‍ഡ് മാറ്റി നല്‍കുകയായിരുന്നു.

സംഭവത്തില്‍ മുന്‍ മന്ത്രി തോമസ് ഐസക് പ്രതികരിച്ചു. ഫേസ്ബുക്കിലൂടെയാണ് ഐസകിന്റെ പ്രതികരണം.

തോമസ് ഐസകിന്റെ പ്രതികരണം

വിലക്കയറ്റത്തെക്കുറിച്ചുള്ള കഴിഞ്ഞ പോസ്റ്റിനുശേഷം ഇതും കിടക്കട്ടെ…
ആറ്റിങ്ങലില്‍ ബിജെപിയുടെ ഒരു പ്രതിഷേധ പരിപാടിയില്‍ ഡിവൈഎഫ്‌ഐയുടെ പ്ലക്കാര്‍ഡ് പ്രത്യക്ഷപ്പെട്ടത് ഒരു അബദ്ധമായി ഞാന്‍ കാണുന്നില്ല. നാം അതിനെ മറ്റൊരു തരത്തിലാണ് കാണേണ്ടത്. ഡിവൈഎഫ്‌ഐയുടെ ഒരു പ്ലക്കാര്‍ഡ് ബിജെപി പ്രവര്‍ത്തകര്‍ ഉയര്‍ത്തിപ്പിടിക്കില്ല എന്നത് നൂറു തരം. പക്ഷേ, ഇവിടെ പെട്രോള്‍ വില വര്‍ദ്ധനയ്‌ക്കെതിരെയാണ് പ്ലക്കാര്‍ഡ്. ഈ പ്ലക്കാര്‍ഡ് പിടിച്ച പെണ്‍കുട്ടി മുദ്രാവാക്യം മാത്രമേ വായിച്ചിട്ടുണ്ടാകൂ എന്നാണ് ഞാന്‍ മനസിലാക്കുന്നത്. പെട്രോള്‍ വില ഇങ്ങനെ കുതിച്ചുയരുന്നതില്‍ ആ പ്രവര്‍ത്തകയുടെ ഉള്ളിലും പ്രതിഷേധമുണ്ട്. ബിജെപി സംഘടിപ്പിക്കുന്ന സമരം അതിനെതിരെ ആയിരിക്കും എന്ന് കരുതിയിട്ടുണ്ടാകും.

ആ കുട്ടിയെ ട്രോളുന്നതില്‍ അര്‍ത്ഥമില്ല. പെട്രോള്‍ വില വര്‍ദ്ധനയ്‌ക്കെതിരെ ആ കുട്ടിയുടെ ഉള്ളിലും പ്രതിഷേധമുണ്ട്. രാജ്യത്താകമാനം ബിജെപി പ്രവര്‍ത്തകര്‍ തങ്ങളുടെ ഉള്ളില്‍ അടക്കിപ്പിടിക്കുന്ന ആ പ്രതിഷേധമാണ്, അബദ്ധത്തിലെങ്കിലും അവര്‍ ഉയര്‍ത്തിപ്പിടിച്ചത്.
ഇത് അല്ലെങ്കില്‍ എങ്ങനെ ഇത് സംഭവിച്ചു? മറിച്ചൊരു വിശദീകരണം തരാന്‍ ആര്‍ക്കെങ്കിലും കഴിയുമോ?