വീട്ടിലുള്ളവര്‍ക്ക് കൊവിഡ്; പശുക്കുട്ടിക്ക് സംരക്ഷണമൊരുക്കി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍

തൃശ്ശൂര്‍: കൊവിഡ് ബാധിച്ച് ആശുപത്രിയിലേക്ക് മാറ്റുമ്പോള്‍ വീട്ടുകാരന്റെ ആശങ്ക തന്റെ പശുക്കുട്ടിയെ ആര് നോക്കുമെന്നതായിരുന്നു. തൃശ്ശൂര്‍ പുത്തന്‍ചിറ രണ്ടാം വാര്‍ഡില്‍ അച്ഛനും മകനും മാത്രമുള്ള വീട്ടില്‍ മകന്‍ കൊവിഡ് ബാധിച്ച് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. പശുക്കുട്ടിയെ ആര് നോക്കുമെന്ന ആശങ്ക വീട്ടുകാരന്‍ ആര്‍ആര്‍ടി വളണ്ടിയര്‍മാരെ അറിയിച്ചു.

ഉണ്ടായിരുന്ന പശുവിനെ കൊടുത്ത് വാങ്ങിയതാണ് ഈ പശുക്കുട്ടിയെ. വീട്ടുകാരന്റെ ആശങ്ക അറിഞ്ഞ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പശുക്കുട്ടിയെ പരിപാലന ചുമതല ഏറ്റെടുക്കുകയായിരുന്നു.

മേഖല സെക്രട്ടറി സാരംഗിന്റെ വീട്ടിലേക്ക് പശുക്കുട്ടിയെ കൊണ്ടുപോയി. യൂത്ത് ബ്രിഗേഡ് വളണ്ടിയര്‍മാരായ അഭിരാം, വിഷ്ണു, അര്‍ജുന്‍, സുബിന്‍, അര്‍ജുന്‍ ദിനേശ് എന്നിവരുടെ നേതൃത്വത്തില്‍ താല്‍ക്കാലിക സംരക്ഷണത്തിനുള്ള സംവിധാനം ഒരുക്കി.

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരോടൊപ്പം വാര്‍ഡ് മെമ്പര്‍ രേണുകയും മറ്റ് അയല്‍ക്കാരും പശുക്കുട്ടിയ്ക്ക് സംരക്ഷണം നല്‍കാനെത്തി.