മണിയാശാന്റെ മധുരപ്രതികാരം; തോല്‍വി സമ്മതിച്ച് ഇ എം ആഗസ്തി; ‘നാളെ തലമൊട്ടയടിക്കും’

വോട്ടെണ്ണുമ്പോള്‍ ഉടുമ്പഞ്ചോലയില്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ മുന്നേറി വിജയമുറപ്പിച്ചിരിക്കുകയാണ് മന്ത്രി എം എം മണി. പതിനൊന്നരയോടെ തന്നെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഇ എം അഗസ്തിയേക്കാള്‍ 20,000 വോട്ടിന്റെ ലീഡ് എം എം മണിക്കുണ്ട്. ഇതിനോടകം തന്നെ തോല്‍വി സമ്മതിച്ചിരിക്കുകയാണ് ഇ എം അഗസ്തി. പരാജയം അംഗീകരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. എം എം മണിയോട് തോറ്റാല്‍ തല മുണ്ഡനം ചെയ്യുമെന്ന വാക്ക് പാലിക്കുമെന്നും നാളെത്തന്നെ തല മൊട്ടയടിക്കുമെന്നും ഇ എം അഗസ്തി പ്രതികരിച്ചു.

എം.എം മണിക്ക് അഭിവാദ്യങ്ങൾ. തല കുനിച്ച് ജനവിധി മാനിക്കുന്നു. ശ്രീകണ്ഠൻ നായർ വെല്ലുവിളി ഏറ്റെടുത്തില്ലെങ്കിലും ഞാൻ പറഞ്ഞ വാക്ക് പാലിക്കുന്നു. നാളെ തല മൊട്ടയടിക്കും. സ്ഥലവും സമയവും പിന്നീട് അറിയിക്കും. തിരഞ്ഞെടുപ്പ് വിലയിരുത്തൽ പിന്നീട് അറിയിക്കും.

ഇ എം അഗസ്തി.

ഉടുമ്പഞ്ചോലയില്‍ രണ്ട് പതിറ്റാണ്ടായി തുടരുന്ന എല്‍ഡിഎഫ് ആധിപത്യം ഇത്തവണ അവസാനിപ്പിക്കുമെന്നായിരുന്നു അഗസ്തിയുടെ പ്രതിജ്ഞ. ഭൂപ്രശ്‌നങ്ങള്‍ ഉയര്‍ത്തിയാണ് താന്‍ വോട്ട് ചോദിക്കുന്നതെന്നും ജയിച്ചാല്‍ 90 ദിവസത്തിനകം ഭൂപതിവ് ചട്ടങ്ങള്‍ ഭേദഗതി ചെയ്യാന്‍ നടപടി സ്വീകരിക്കുമെന്നും ഇ എം അഗസ്തി പ്രഖ്യാപി്ക്കുകയുണ്ടായി.

1996ലെ തെരഞ്ഞെടുപ്പില്‍ അഗസ്തിയോട് തോറ്റ എം എം മണിക്ക് ഇത്തവണത്തെ ജയം മധുരപ്രതികാരം കൂടിയാണ്. കന്നിയങ്കത്തിലെ തോല്‍വിയുടെ കയ്പാണ് അന്ന് സിപിഐഎം നേതാവ് അറിഞ്ഞത്. 25 വര്‍ഷത്തിന് ശേഷം മുന്‍ എംഎല്‍എയെ നേരിട്ട എം എം മണിക്ക് മന്ത്രിയെന്ന നിലയിലുള്ള മെച്ചപ്പെട്ട പ്രകടനവും മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങളുമാണ് മുതല്‍ക്കൂട്ടായത്.