പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് നീട്ടി; ഫെബ്രുവരി 22ന് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഫെബ്രുവരി 14ന് നടക്കേണ്ടിയിരുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് തിയതി നീട്ടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഫെബ്രുവരി 22ലേക്കാണ് തെരഞ്ഞെടുപ്പ് മാറ്റിയിരിക്കുന്നത്. ഫെബ്രുവരി 16ന് ഗുരു രവിദാസ് ജയന്തിയാണെന്നും ആ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് നടത്തരുതെന്നും നിരവധി രാഷ്ട്രീയപാര്‍ട്ടികള്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് തീരുമാനം.

ഗുരു രവിദാസ് ജയന്തി ആഘോഷങ്ങള്‍ക്കായി വിശ്വാസികള്‍ യുപിയിലെ വരാണസിയില്‍ തീര്‍ത്ഥാടനത്തിന് പോകാറുണ്ട്. അതുകൊണ്ട് നിരവധി വോട്ടര്‍മാര്‍ക്ക് വോട്ട് ചെയ്യാന്‍ സാധിക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് പാര്‍ട്ടികള്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. വരാണസിയിലേക്ക് പോകാന്‍ തയ്യാറെടുത്ത് നില്‍ക്കുന്ന വിശ്വാസികളുടെ പട്ടിക തയ്യാറാക്കി തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് നല്‍കിയിരുന്നു. ഇത് പരിഗണിച്ചാണ് തീരുമാനമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

സാഹചര്യം വ്യക്തമാക്കി പഞ്ചാബ് മുഖ്യമന്ത്രി ചരഞ്ജിത്ത് സിങ് ചന്നി തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കുകയും ചെയ്തിരുന്നു. ഗുരു രവിദാസ് ജയന്തിക്ക് അടുത്തുള്ള ആറ് ദിവസങ്ങളില്‍ തെരഞ്ഞെടുപ്പ് നടത്തരുത് എന്നതായിരുന്നു അദ്ദേഹത്തിന്റെ നിര്‍ദ്ദേശം. പഞ്ചാബ് ജനസംഖ്യയുടെ 32 ശതമാനത്തോളം വരുന്ന പട്ടിക ജാതിക്കാരുടെ പ്രതിനിധി എന്ന നിലയില്‍, ഈ വിഭാഗത്തിലെ ഒട്ടേറെപ്പേര്‍ തീര്‍ത്ഥാടനത്തിന് പോകുമെന്നും ഫെബ്രുവരി പത്തുമുതല്‍ 16 വരെയുള്ള ദിവസങ്ങളില്‍ തെരഞ്ഞെടുപ്പ് നടത്തിയാല്‍ അവര്‍ക്ക് വോട്ട് രേഖപ്പെടുത്താന്‍ കഴിയില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.

പഞ്ചാബില്‍ 117 മണ്ഡലങ്ങളാണ് ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ്. പഞ്ചാബിന് പുറമേ യുപി, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ഗോവ എന്നിവിടങ്ങളും തെരഞ്ഞെടുപ്പ് ചൂടിലാണ്. യുപിയില്‍ ഏഴ് ഘട്ടങ്ങളിലായി ഫെബ്രുവരി 10, 14, 20, 23, 27 മാര്‍ച്ച് 3, 7 ദിവസങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. രണ്ട് ഘട്ടമായുള്ള മണിപ്പൂരില്‍ ഫെബ്രുവരി 27, മാര്‍ച്ച് മൂന്ന് തിയതികളിലായി ജനം വിധിയെഴുതും. ഗോവയിലും ഉത്തരാഖണ്ഡിലും ഫെബ്രുവരി 14ന് തെരഞ്ഞെടുപ്പ് നടക്കും. മാര്‍ച്ച് മാസത്തോടെ അഞ്ച് സംസ്ഥാനങ്ങളുടെയും മന്ത്രിസഭകളുടെ കാലാവധി അവസാനിക്കുമെന്ന് തെരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിച്ച ഘട്ടത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുശീല്‍ ചന്ദ്ര അറിയിച്ചിരുന്ന