സീറോ മലബാര്‍ സഭ ഭൂമിയിടപാടിലെ കള്ളപ്പണത്തില്‍ അന്വേഷണമാരംഭിച്ച് ഇ.ഡി; കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയടക്കം 24 പ്രതികള്‍

കൊച്ചി: സീറോ മലബാര്‍ സഭയുടെ ഭൂമിയിടപാടിലെ കള്ളപ്പണത്തെക്കുറിച്ച് അന്വേഷണമാരംഭിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ആധാരം വിലകുറച്ച് കാണിച്ച് കോടികളുടെ ഇടപാട് നടത്തിയെന്നാണ് കേസ്. കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയടക്കം 24 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. ഇടനിലക്കാരും ഭൂമി വാങ്ങിയവരുമുള്‍പ്പെടെയാണിത്.

പ്രാഥമിക അന്വേഷണത്തില്‍ ഭൂമിയിടപാടുകള്‍ക്ക് കള്ളപ്പണം ഉപയോഗിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. ആധാരത്തില്‍ കാണിച്ച തുകയ്ക്കല്ല ഇടപാടുകള്‍ നടന്നതെന്നാണ് കണ്ടെത്തല്‍. 27 കോടി രൂപയ്ക്ക് മുകളിലുള്ള പണമിടപാടുകള്‍ ഭൂമി വില്‍പനയുമായി ബന്ധപ്പെട്ട് നടന്നിട്ടുണ്ടെങ്കിലും ഒമ്പത് കോടി രൂപമാത്രമാണ് ബാങ്ക് അക്കൗണ്ടുകള്‍ വഴി കൈമാറിയത്. ബാക്കി തുക കള്ളപ്പണ ഇടപാടാണോ എന്ന കാര്യമാണ് ഇ.ഡി പരിശോധിക്കുന്നത്. ഇടനിലക്കാര്‍ക്ക് ഇ.ഡി നോട്ടീസ് അയച്ചു.

കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി, ജോഷി, ഇടനിലക്കാരനായ സാജു, ഭൂമി പ്ലോട്ടുകളാക്കി മറിച്ചുവിറ്റ അജാസ് എന്നിവരുള്‍പ്പെടെ 24 പേരെയാണ് കേസില്‍ പ്രതി ചേര്‍ത്തിട്ടുള്ളത്. അന്വേഷണ സംഘം പരാതിക്കാരനായ പാപ്പച്ചന്റെ മൊഴിരേഖപ്പെടുത്തും.

2017ല്‍ സീറോ മലബാര്‍ സഭയുടെ കീഴിലുള്ള അങ്കമാലി അതിരൂപതയുടെ ഭൂമി വിറ്റതുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പിന്റെ നേതൃത്വത്തില്‍ കേസ് നടക്കുന്നുണ്ട്. ഭൂമിയിടപാടില്‍ സഭാ നേതൃത്വത്തിനെതിരെ നിരവധി പരാതികളുയര്‍ന്നിരുന്നു. ഈ പരാതികളില്‍ വിചാരണ നേരിടണമെന്ന് ജോര്‍ജ് ആലഞ്ചേരിയടക്കമുള്ളവരോട് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. തണ്ടപ്പേര് തിരുത്തിയോ, ക്രമക്കേടില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് റവന്യൂ സംഘം അന്വേഷിക്കുന്നത്. ഇതിനിടയിലാണ് കേസെടുത്ത് ഇ.ഡിയും അന്വേഷണം തുടങ്ങിയിരിക്കുന്നത്.