കൊടകരയില്‍ വെച്ച് ദേശീയപാതയില്‍ വാഹനാപകടമുണ്ടാക്കി 3.5 കോടിയുടെ കുഴല്‍പണം കവര്‍ന്ന കേസിലേക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇടപെടല്‍. കുഴല്‍പണം കടത്തല്‍ കേസില്‍ ഇ ഡി പ്രാഥമിക അന്വേഷണം തുടങ്ങി. പൊലീസ് അന്വേഷണ സംഘത്തില്‍ നിന്ന് ഇഡി എഫ്ഐആര്‍ ശേഖരിച്ചു. കേസിന്റെ അന്വേഷണ വിവരങ്ങളും ഇഡി പരിശോധിച്ചു. കേസിന് വിദേശ ബന്ധമുണ്ടോയെന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് ഇഡി പ്രതികരിച്ചു. പൊലീസുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും കേന്ദ്ര ഏജന്‍സി വ്യക്തമാക്കി.
പൊലീസ് കുഴല്‍പണം കടത്തല്‍ കേസിലെ തെളിവുകള്‍ ശേഖരിച്ച് വിവരം എന്‍ഫോഴ്സ്മെന്റിന് കൈമാറുമെന്ന് സൂചനകളുണ്ടായിരുന്നു. കേസില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷനെ പൊലീസ് അന്വേഷണ സംഘം ചോദ്യം ചെയ്യുമെന്ന് ഉറപ്പായി. പാര്‍ട്ടി ഫണ്ട് കൈകാര്യം ചെയ്യുന്നതിന്റെ ചുമതല കെ സുരേന്ദ്രനായിരുന്നെന്ന് മൂന്ന് പേര് മൊഴി നല്‍കിയതോടെയാണിത്. വിവിധ മണ്ഡലങ്ങളിലേക്ക് നല്കുന്ന തുകയേക്കുറിച്ച് തീരുമാനിച്ചത് സുരേന്ദ്രന് അടക്കമുള്ള സംസ്ഥാന നേതാക്കളാണെന്ന് മൊഴിയുണ്ട്. കുഴല്‍പണം കടത്തല്‍ കേസും കവര്‍ച്ചാ കേസും ആഭ്യന്തരവകുപ്പ് രണ്ടായി അന്വേഷിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കവര്‍ച്ചാ കേസില്‍ ഇതുവരെ ബിജെപി നേതാക്കള്‍ പ്രതികളായിട്ടില്ല.
അന്വേഷണത്തിന്റെ അവസാനഘട്ടത്തിലാകും സുരേന്ദ്രന് അടക്കമുള്ള സംസ്ഥാന നേതാക്കളെ വിളിച്ചുവരുത്തുക. ഇതിനിടെ കൊടകരസംഭവവുമായി ബിജെപിക്ക് യാതൊരു ബന്ധവുമില്ലെന്ന് ആവര്‍ത്തിക്കുകയാണ് കെ സുരേന്ദ്രന്. കൊടകരയില്‍ അപഹരിക്കപ്പെട്ടത് ബിജെപിയുടെ പണമല്ല. പൊലീസ് ചോദ്യം ചെയ്യാന്‍ വിളിക്കുന്നത് പരാതിക്കാരന്റെ കോള്‍ ലിസ്റ്റിലുള്ളവരെയാണ്. ബിജെപി നേതാക്കളെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത് ഒരു കാരണവുമില്ലാതെയാണ്. ബിജെപി നേതാക്കള്‍ക്ക് ഭയക്കാന്‍ ഒന്നുമില്ലെന്നും കെ സുരേന്ദ്രന് പറഞ്ഞു.