അസംബ്ലിയിലെ ഹാജര്‍ എടുക്കുന്ന പണിയില്‍ ടീച്ചര്‍ ഒടുങ്ങാതിരിക്കട്ടെ

പിണറായി വിജയന്‍ സര്‍ക്കാരിനെക്കുറിച്ച് അദ്ദേഹത്തിന്റെ ഭക്തര്‍ സമ്മതിച്ച് കൊടുക്കാത്ത ഒരു കാര്യമുണ്ട്. അതൊരു സമഗ്രാധിപത്യമാണ്. പിണറായി വിജയന്‍ എന്ന അധികാരകേന്ദ്രത്തിന്റെ തിരിവായ്ക്ക് എതിര്‍വാ ഇല്ലാത്ത വാഴ്ച. നിപ വ്യാപന കാലത്തും കൊവിഡ് ദുരന്ത കാലത്തും ലോകം കേരളത്തെ നോക്കി പ്രകീര്‍ത്തിച്ച കെകെ ശൈലജ എന്ന വനിതാ രാഷ്ട്രീയ പ്രവര്‍ത്തകയെ പുതിയ മന്ത്രിസഭയില്‍നിന്നും മാറ്റി നിര്‍ത്താനുള്ള തീരുമാനം ഈ സ്വേച്ഛാ പ്രവണതയുടെ പ്രത്യക്ഷ ഉദാഹരണം മാത്രമാണ്.

ചരിത്രത്തിലെ ആദ്യ തുടര്‍ഭരണം ഉറപ്പാക്കി ഇടതുപക്ഷ ജനാധിപത്യമുന്നണി നേടിയ തെരഞ്ഞെടുപ്പ് വിജയം പിണറായി വിജയന്‍ എന്ന ക്യാപ്റ്റന്റെ മാത്രം വിജയമാണെന്ന് കരുതുന്നവരുണ്ടാവാം. എന്നാല്‍, ഓരോ കൊവിഡ് വാര്‍ത്താ സമ്മേളനങ്ങളുടെ നേരത്തും പിണറായിയുടെ വലതുവശത്ത് നിശബ്ദയായിരുന്ന ശൈല ടീച്ചര്‍ക്കുകൂടിയുള്ള പിന്തുണയുടെ പ്രഖ്യാപനം കൂടിയായിരുന്നു ആ വിജയം. മട്ടന്നൂര്‍ മണ്ഡലത്തില്‍ അവര്‍ നേടിയ കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം മാത്രമല്ല അതിന് തെളിവ്. കഴിഞ്ഞ തവണ കിട്ടിയതിനേക്കാള്‍ വന്‍തോതിലുള്ള സ്ത്രീ വോട്ടര്‍മാരുടെ പിന്തുണ കൂടിയായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് കേരളത്തിലെ ഓരോ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയും മണ്ഡലത്തില്‍ ഉറപ്പാക്കാന്‍ ശ്രമിച്ച സാന്നിധ്യം പിണറായി വിജയനോടൊപ്പം ശൈലജ ടീച്ചറുടേതുമായിരുന്നു.

എന്നാല്‍, ഈ പിന്തുണയും ജനസമ്മതിയുമൊന്നും സിപിഐഎം ഗൗനിക്കുന്നില്ല എന്നാണ് ആ പാര്‍ട്ടി പറയുന്നത്.

ക്യാപ്റ്റനൊഴികെ എല്ലാവരും പുതുമുഖങ്ങളാകണം എന്ന വാശി സാമൂഹിക മാധ്യമങ്ങളില്‍ ആവേശം കൊള്ളാന്‍ ഉപകരിച്ചേക്കും. എന്നാല്‍, ഇതാണ് ഇടതുപക്ഷ നയം എന്നൊന്നും പറയരുത്. പാര്‍ലമെന്ററി പ്രവര്‍ത്തനത്തില്‍ തലമുറമാറ്റം സാധ്യമാക്കുന്നതിനോടൊപ്പം ഭരണപരമായ അനുഭവസമ്പത്തുകൂടി ഉപയോഗപ്പെടുത്തുക എന്നതാണ് ഇടതുപക്ഷ രീതി. പശ്ചിമബംഗാളിന്റെ വഴിയേ കേരളത്തിലെ ഇടതുപക്ഷം പോകാതിരിക്കാന്‍ കാലേക്കൂട്ടി തലമുറമാറ്റം സാധിക്കുന്നു എന്ന് പറയുന്ന ശുദ്ധാത്മാക്കളുണ്ട്. യഥാര്‍ത്ഥത്തില്‍ ബംഗാളില്‍ സംഭവിച്ചത് തലമുറ മാറാതിരുന്നതല്ല. മറിച്ച് ജനങ്ങളുടെ രാഷ്ട്രീയാഭിലാഷങ്ങള്‍ നേതൃത്വത്തിന് മനസിലാകാതെ പോയതാണ് ബംഗാളിലെ 35 വര്‍ഷത്തെ ഭരണവും 53 ശതമാനം വോട്ട് ഷെയറും ഇല്ലാതാക്കിയത്. ഒരു എംഎല്‍എയെപ്പോലും വിജയിപ്പിച്ചെടുക്കാന്‍ പറ്റാത്ത ദുരന്തത്തിലേക്ക് വീണത്.

പിണറായിക്ക് ശേഷം ഇടതുപക്ഷത്തിന്റെ മുഖ്യമന്ത്രി മെറ്റീരിയല്‍ ആര് എന്ന ചോദ്യത്തിന് ജനമനസില്‍ ഉയര്‍ന്നുവന്ന ഉത്തരങ്ങളിലൊന്ന് ശൈലജ ടീച്ചറായിരുന്നു. ഒന്നിലധികം ജനഹിത സര്‍വ്വേകളില്‍ അത് പ്രതിഫലിക്കുകയും ചെയ്തു. കേരളത്തിന്റെ ആദ്യത്തെ വനിതാ മുഖ്യമന്ത്രിയെന്ന സാധ്യതയെക്കൂടിയാണ് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് ഇല്ലാതാക്കിയത്.

ശൈലജയെ മാറ്റാനുള്ള കാരണങ്ങള്‍ പലതാണ്. കണ്ണൂരിലെ മുതിര്‍ന്ന നേതാക്കളില്‍ പലരും സ്ഥാനമാനങ്ങള്‍ക്ക് പുറത്തുനില്‍ക്കുമ്പോള്‍ ഒരു ശൈലജ മാത്രം വിളയേണ്ട എന്ന കുശുമ്പ് അതിലൊന്ന് മാത്രം.

ശൈലജ ഉള്‍പ്പെടെ അനുഭവ സമ്പത്തുള്ള എല്ലാവരെയും മാറ്റി നിര്‍ത്താനുള്ള തീരുമാനം മുഖ്യമന്ത്രിയുടെ ഓഫീസിലെ അധികാര കേന്ദ്രീകരണത്തിലാണ് കലാശിക്കുക. കഴിഞ്ഞ മന്ത്രിസഭയുടെ കാലത്തും തോമസ് ഐസക് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന മന്ത്രിമാരുണ്ടായിരുന്നിട്ട് പോലും അധികാരം മുഖ്യമന്ത്രിയുടെ ഓഫീസില്‍ കേന്ദ്രീകരിച്ചു എന്ന വിമര്‍ശനമുയര്‍ന്നതാണ്. പിണറായി വിജയനും അദ്ദേഹത്തിന്റെ അനേകം ഉപദേഷ്ടാക്കളും ചേര്‍ന്നാണ് ഭരണം നടത്തിയത് എന്ന് വിമര്‍ശനമുയര്‍ന്നു. ആഭ്യന്തര വകുപ്പ് അടക്കമുള്ളവയുടെ നടത്തിപ്പില്‍ ആ ഉപദേശി രാജ് പ്രതിഫലിക്കുകയും ചെയ്തു. മുഖ്യമന്ത്രിയൊഴികെ എല്ലാവരും പുതുമുഖങ്ങളായ ഒരു ക്യാബിനറ്റ് അധികാര കേന്ദ്രീകരണത്തിന് കാരണമാകുമെന്ന ആശങ്ക സ്വാഭാവികം മാത്രം. ആ ആശങ്ക പുലരാതിരിക്കട്ടെ.

നിയമസഭയില്‍ സിപിഐഎം എംഎല്‍എമാരുടെ ഹാജര്‍ എടുക്കുന്ന പണിയില്‍ ശൈലജ ടീച്ചര്‍ എന്ന രാഷ്ട്രീയ പ്രവര്‍ത്തകയുടെ കരിയര്‍ അവസാനിക്കാതിരിക്കട്ടെ.