‘ആദ്യം വിശ്വസിച്ചില്ല, അത്രയും ബുദ്ധിശൂന്യമായി പെരുമാറില്ലെന്ന് കരുതി’; ഡിവൈഎഫ്‌ഐയുടെ നിലവാരം പരിശോധിക്കണമെന്ന് എ എ റഹീമിനോട് രാഹുല്‍ മാങ്കൂട്ടത്തില്‍

ഇന്ധനവിലവര്‍ധനയ്‌ക്കെതിരെ പ്രതിഷേധിച്ച് ഡിവൈഫ്‌ഐ പ്രവര്‍ത്തകര്‍ പെട്രോള്‍ പമ്പിന് മുന്നില്‍ കോലം കത്തിച്ച സംഭവത്തില്‍ രൂക്ഷ പരിഹാസവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍. സമൂഹമാധ്യമങ്ങളില്‍ ഫോട്ടോ കണ്ടെങ്കിലും വിശ്വസിച്ചില്ല. അത്രയും ബുദ്ധിശൂന്യമായി പെരുമാറില്ലല്ലോയെന്ന് കരുതി. മറ്റ് സംഘടനകള്‍ക്ക് നിരന്തരം ‘നിലവാര’ സര്‍ട്ടിഫിക്കറ്റ് നല്കുന്ന എ എ റഹീം ഡിവൈഎഫ്‌ഐയുടെ നിലവാരത്തേക്കുറിച്ച് വിശദമായി പരിശോധിക്കണമെന്നും രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

സംസ്ഥാനത്തിന്റെ നികുതി ഒഴിവാക്കാന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെടുക. അതിന് ശേഷം ഞങ്ങള്‍ നടത്തുന്ന ഇന്ധന വിലയിലെ കേന്ദ്ര സര്‍ക്കാരിന്റെ നികുതി ഭീകരതയ്‌ക്കെതിരായ സമരത്തില്‍ പങ്കാളിയാവുക. അല്ലാതെ പമ്പ് കൊളുത്തികള്‍ ആകരുത് ഡിവൈഎഫ്‌ഐ.

രാഹുല്‍ മാങ്കൂട്ടത്തില്‍

വെറും എസ്എഫ്‌ഐ/ബാലസംഘം നിലവാരത്തിനും താഴെയാണ് ഡിവൈഎഫ്‌ഐയുടെ നിലവാരം. പമ്പില്‍ പന്തം കൊളുത്തുന്നത് പോയിട്ട് തീപ്പെട്ടി ഉരയ്ക്കാന്‍ പോലും പാടില്ലായെന്നും അത് വലിയ അപകടമാണെന്നും പറഞ്ഞ് മനസിലാക്കണം. ഒരു നാട്ടില്‍ അഗ്‌നി ദുരന്തമുണ്ടാകുവാന്‍ അത് മതിയെന്നും യൂത്ത് കോണ്‍ഗ്രസ് നേതാവ് പ്രതികരിച്ചു.

എംസി റോഡില്‍ ചങ്ങനാശേരിക്കും അടൂരിനും ഇടയിലുള്ള പമ്പിന് മുന്നിലായിരുന്നു ഡിവൈഎഫ്‌ഐയുടെ കോലം കത്തിക്കല്‍ പ്രതിഷേധം. കോലത്തിന് തീ വെച്ചതോടെ ഇന്ധനം അടിക്കാനെത്തിയവരും പമ്പ് ജീവനക്കാരും ഓടി മാറി. പെട്രോള്‍ പമ്പിന് സമീപം ഇത്തരം ബുദ്ധിശൂന്യമായ പ്രതിഷേധ പരിപാടികള്‍ നടത്തരുതെന്ന് പമ്പുടമകള്‍ ഡിവൈഎഫ്‌ഐ നേതൃത്വത്തോട് ആവശ്യപ്പെട്ടു. ചങ്ങനാശേരി സംഭവത്തില്‍ പരാതി നല്‍കാനില്ലെന്നും പമ്പ് ഉടമകള്‍ പറഞ്ഞു.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രതികരണം

പ്രിയപ്പെട്ട റഹീം,

ഇന്ധനവിലയുടെ പേരിലെ നികുതി കൊള്ളയ്‌ക്കെതിരെ പമ്പിന് മുന്നില്‍ ഡിവൈഎഫ്‌ഐ കോലം കത്തിച്ച് സമരം നടത്തിയെന്ന് ചില ഫേസ്ബുക്ക് സ്റ്റോറികള്‍ കണ്ടപ്പോള്‍ ഞാന്‍ ആദ്യം വിശ്വസിച്ചില്ല. കാര്യം ഡിവൈഎഫ്‌ഐയൊക്കെ ആണെങ്കിലും അത്രയും ബുദ്ധിശൂന്യമായി പെരുമാറില്ലല്ലോ എന്ന് കരുതി. പക്ഷേ എന്റെ ഭാവനകള്‍ക്കപ്പുറമാണ് ഡിവൈഎഫ്‌ഐ യുടെ ബോധ നിലവാരം എന്ന് തിരിച്ചറിഞ്ഞത് വാര്‍ത്തകള്‍ വന്നപ്പോഴാണ്. അത് നിങ്ങള്‍ നിഷേധിച്ചും കണ്ടില്ലാ എന്നത് കൊണ്ടാണ് വിശ്വസിച്ചത്.

മറ്റ് സംഘടനകള്‍ക്ക് നിരന്തരം ‘നിലവാര ‘സര്‍ട്ടിഫിക്കറ്റ് നല്കുന്ന താങ്കള്‍ ഡിവൈഎഫ്‌ഐ യുടെ നിലവാരത്തെക്കുറിച്ച് വിശദമായി പരിശോധിക്കണം. താങ്കളുടെ ഭാഷയില്‍ പറഞ്ഞാല്‍ വെറും എസ്എഫ്‌ഐ / ബാലസംഘം നിലവാരത്തിനും താഴെയാണ് അവരുടെ നിലവാരം. പമ്പില്‍ പന്തം കൊളുത്തുന്നത് പോയിട്ട് തീപ്പെട്ടി ഉരയ്ക്കുവാന്‍ പോലും പാടില്ലായെന്നും, അത് വലിയ അപകടമാണെന്നും പറഞ്ഞ് മനസിലാക്കണം. ഒരു നാട്ടില്‍ അഗ്‌നി ദുരന്തമുണ്ടാകുവാന്‍ അത് മതി.

പിന്നെ ഇന്ധന വിലയ്‌ക്കെതിരെ സമരം ചെയ്യുമ്പോള്‍, പിണറായി വിജയനോട് പറയണം ഒരു 96 രൂപ വിലയുള്ള ലിറ്റര്‍ പെട്രോളിന് 24 രൂപ സംസ്ഥാന നികുതിയാണ്, അത് ഒഴിവാക്കിയാല്‍ പോലും 72 രൂപയ്ക്ക് പെട്രോള്‍ കിട്ടുമെന്ന്. അതിനു ശേഷം ഞങ്ങള്‍ നടത്തുന്ന ഇന്ധന വിലയിലെ കേന്ദ്ര സര്‍ക്കാരിന്റെ നികുതി ഭീകരതയ്‌ക്കെതിരായ സമരത്തില്‍ പങ്കാളിയാവുക. അല്ലാതെ പമ്പ് കൊളുത്തികള്‍ ആകരുത് ഡിവൈഎഫ്‌ഐ.