മരിച്ച കുട്ടിയുടെ മാതാപിതാക്കള്‍ക്കടക്കം നിപയില്ല; എട്ട് സാമ്പിളുകളും നെഗറ്റീവ്

കോഴിക്കോട്: നിപ വൈറസ് ബാധിച്ച് മരിച്ച പന്ത്രണ്ടുവയസുകാരനുമായി പ്രാഥമിക സമ്പര്‍ക്കത്തിലുണ്ടായിരുന്ന എട്ടുപേരുടെയും പരിശോധന ഫലം നെഗറ്റീവ്. കുട്ടിയുടെ അമ്മയുള്‍പ്പെടെയുള്ളവരുടെ മൂന്ന് വീതം സാമ്പിളുകളാണ് പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കയച്ചിരുന്നത്. ഇവരില്‍ ആര്‍ക്കും നിപ ഇല്ലെന്നാണ് സ്ഥിരീകരണം. ഇവരില്‍ നേരിയ നിപാ ലക്ഷണങ്ങള്‍ കണ്ടതിന് പിന്നാലെ ആശയങ്കയുയര്‍ന്നിരുന്നു.

കുട്ടിയുടെ മാതാപിതാക്കള്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരുടെ സാമ്പിളുകളായിരുന്നു പരിശോധനയ്ക്ക് അയച്ചിരുന്നത്. പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലുള്ളവരിലേക്ക് രോഗം വ്യാപിച്ചിട്ടില്ല എന്നത് ആശ്വാസമുണ്ടാക്കുന്ന കാര്യമാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു. കൂടുതല്‍ സാമ്പിളുകള്‍ ഇന്ന് പരിശോധയ്ക്ക് അയക്കും.

ഹൈറിസ്‌ക് വിഭാഗത്തിലുള്ള 48 പേരാണ് കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ എട്ടുപേരുടെ സാമ്പികളുകള്‍ പരിശോധിച്ചു. ചിലരുടെ സാമ്പികള്‍ കഴിഞ്ഞ ദിവസം തന്നെ പൂനെയിലേക്കയച്ചിട്ടുണ്ട്. മുഴുവന്‍ ആളുകളുടെയും സാമ്പിളുകള്‍ പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളെജിന്റെയും എന്‍.ഐ.ഡി പൂനെയുടെയും ആഭിമുഖ്യത്തില്‍ കോഴിക്കോട് ലാബ് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

Also Read: നിപ പ്രതിരോധത്തില്‍ സര്‍ക്കാരിന് പ്രതിപക്ഷത്തിന്റെ പൂര്‍ണ്ണ പിന്തുണ; വി.ഡി സതീശന്‍

കഴിഞ്ഞദിവസമാണ് ചാത്തമംഗലം സ്വദേശിയായയ പന്ത്രണ്ടുകാരനായ ഹാഷിം നിപ ബാധയേറ്റ മരിച്ചത്. 129 ആരോഗ്യപ്രവര്‍ത്തകരടക്കം 251 പേരാണ് കുട്ടിയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ളത്. ഇവരില്‍ 38 പേരെ ഐസൊലേഷന്‍ വാര്‍ഡിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

വൈറസിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങളും ഊര്‍ജ്ജിതമായി നടക്കുന്നുണ്ട്. കുട്ടിയുടെ വീടിന്റെ പരിസരത്ത് വിവിധ വകുപ്പുകള്‍ പരിശോധന നടത്തി. റമ്പൂട്ടാന്‍ പഴത്തിലൂടെയാണോ വൈറസ് ബാധയുണ്ടായതെന്ന സംശയമുയര്‍ന്നതോടെ പഴം ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ് മൃഗസംരക്ഷണ വകുപ്പ്. കുട്ടിയുടെ വീട്ടിലെ ആടിന്റെ ശ്രവവും ശേഖരിച്ചു.