മോന്‍സന്റെ പണംകൊണ്ട് പ്രസ് ക്ലബ്ബ് കുടുംബമേള; വിവാദമായപ്പോള്‍ കള്ളക്കണക്കുണ്ടാക്കാന്‍ നോക്കിയെന്ന് വിനു വി ജോണ്‍

മോന്‍സന്‍ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് എറണാകുളം പ്രസ് ക്ലബ്ബിനെതിരെ ഗുരുതര ആരോപണവുമായി ഏഷ്യാനെറ്റ് ന്യൂസ് ചീഫ് കോഡിനേറ്റിങ് എഡിറ്റര്‍ വിനു വി ജോണ്‍. കേസില്‍ ട്വന്റി ഫോര്‍ ന്യൂസ് റിപ്പോര്‍ട്ടര്‍ സഹിന്‍ ആന്റണി കുടുങ്ങുമെന്നായപ്പോള്‍ എറണാകുളം പ്രസ് ക്ലബ്ബ് വെളുപ്പിക്കല്‍ നടപടി തുടങ്ങിയെന്ന് വിനു ആരോപിച്ചു. പ്രസ് ക്ലബ്ബ് കള്ളക്കണക്കുണ്ടാക്കാന്‍ ശ്രമിച്ചത് കെയുഡബ്ല്യുജെ സംസ്ഥാന സെക്രട്ടറി ടി.പി. പ്രശാന്ത് ഒരു കത്തിലൂടെ വെളിപ്പെടുത്തിയെന്നും വിനു പ്രതികരിച്ചു. കെയുഡബ്ല്യുജെ സംസ്ഥാന നേതാവിന്റെ കുറിപ്പിന്റെ ഭാഗങ്ങള്‍ വിനു ട്വീറ്റ് ചെയ്തിട്ടുണ്ട്.

കള്ളബില്ലുണ്ടാക്കി കണക്കില്‍ കയറ്റാനായിരുന്നു നീക്കം. അപ്പോഴേക്കും തെളിവെല്ലാം ക്രൈംബ്രാഞ്ചിന് കിട്ടിയിരുന്നു.

വിനു വി ജോണ്‍

എറണാകുളം പ്രസ് ക്ലബ്ബിന്റെ 2020ലെ കുടുംബമേള സ്‌പോണ്‍സര്‍ ചെയ്തത് വിവാദ തട്ടിപ്പുകാരന്‍ മോന്‍സന്‍ ആണെന്ന് വ്യക്തമായപ്പോള്‍ തന്നെ ചില നടപടികള്‍ തുടങ്ങേണ്ടതായിരുന്നെന്ന് മാധ്യമപ്രവര്‍ത്തക സംഘടനയുടെ നേതാവ് കുറിപ്പില്‍ പറയുന്നു. 2020ലെ കുടുംബമേള നടത്തിയതിന്റെ ഒരു സാമ്പത്തികച്ചെലവ് രേഖയും പ്രസ് ക്ലബ്ബിന്റെ ഓഡിറ്റ് ചെയ്ത കണക്കില്‍ ഇല്ലെന്ന് ടി. പി. പ്രശാന്ത് വ്യക്തമാക്കി. എന്നിട്ടിപ്പോള്‍ വ്യാജബില്ല് ഉണ്ടാക്കി വെച്ചാല്‍ പ്രശ്‌നം തീരുമെന്ന് പറയുമ്പോള്‍ അത് അവിടെ തീരില്ല എന്നതിന് തെളിവ് പുറത്തുവന്നുകൊണ്ടിരിക്കുകയാണെന്നും കെയുഡബ്ല്യുജെ നേതാവ് ചൂണ്ടിക്കാട്ടി.

വളരെയധികം അശുഭകരമായ സാഹചര്യത്തിലൂടെയാണ് നമ്മള്‍ കടന്നുപോകുന്നത്. ശരിയായ ഇടപെടലും നടപടിയും ഇല്ലെങ്കില്‍ നാണക്കേട് സംഭവിക്കാന്‍ പോകുന്നത് സംഘടനയ്ക്കാകെയാണ്.

ടി. പി. പ്രശാന്ത്

പത്ത് ലക്ഷം രൂപ മോന്‍സന്റെ കൈയ്യില്‍ നിന്നും എറണാകുളം പ്രസ് ക്ലബ്ബ് സെക്രട്ടറി കൈപ്പറ്റിയെന്ന് രേഖ സഹിതം, മോന്‍സന്റെ മൊഴി സഹിതം സംസ്ഥാന ക്രൈം ബ്രാഞ്ച് കണ്ടെത്തി സെക്രട്ടറിയെ (പ്രസ് ക്ലബ്ബ്) ചോദ്യം ചെയ്യാന്‍ വിളിച്ചിരിക്കുകയാണ്. മാത്രമല്ല അറിയുന്ന ഒരു കാര്യം സെക്രട്ടറി ഈ പണം മറ്റു ചിലര്‍ക്കും പങ്കുവെച്ചിട്ടുണ്ട് എന്നാണ്. 24 ന്യൂസിന്റെ പ്രതിനിധി ക്രൈം ബ്രാഞ്ചിന് കൊടുത്ത മൊഴിയില്‍ പത്ത് ലക്ഷത്തില്‍ നിന്നും രണ്ട് ലക്ഷം തനിക്ക് തന്നതായി പറയുന്നുണ്ടെന്നാണ്. ഈ പങ്കിട്ടെടുക്കല്‍ പ്രസ് ക്ലബ്ബിന്റെ കുടുംബമേളയുടെ പേരിലാണ് നടത്തിയിരിക്കുന്നത്. ക്ലബ്ബിന്റെ രേഖയില്‍ ഒരു കണക്കും കാണിക്കാതെയാണ് ഇത് നടത്തിയത്. ഇത്തരം പ്രവണതയ്‌ക്കെതിരെ സന്ധിയില്ല എന്ന് സമൂഹത്തെ ബോധ്യപ്പെടുത്തിയില്ലെങ്കില്‍ ഉള്ള മാനവും പോകും. അതിനാല്‍ എത്രയും പെട്ടെന്ന് നേതൃത്വം തീരുമാനം പ്രഖ്യാപിക്കണമെന്നും ടി. പി. പ്രശാന്ത് കെയുഡബ്ല്യുജെയുടെ പ്രസിഡന്റിനും ജനറല്‍ സെക്രട്ടറിയ്ക്കും അച്ചടക്ക സമിതി കണ്‍വീനര്‍ക്കും അയച്ച കത്തില്‍ ആവശ്യപ്പെടുന്നു.

വ്യാജ പുരാവസ്തുക്കളുടെ മറവില്‍ മോന്‍സന്‍ മാവുങ്കല്‍ കോടികളുടെ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ സഹിന്‍ ആന്റണിക്ക് പങ്കുള്ളതായി ആരോപണമുയര്‍ന്നിരുന്നു. ചില ഉന്നതരെ മോന്‍സന്‍ മാവുങ്കലിന് പരിചയപ്പെടുത്തിയത് 24ന്റെ കൊച്ചി റിപ്പോര്‍ട്ടറാണെന്ന് പരാതിക്കാര്‍ പറഞ്ഞു. മൊഴികളില്‍ സഹിന്‍ ആന്റണിയും മോന്‍സനും തമ്മിലുള്ള ബന്ധത്തേക്കുറിച്ച് വ്യക്തമായ സാഹചര്യത്തിലാണ് ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം മാധ്യമപ്രവര്‍ത്തകനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തത്. സഹിന്‍ ആന്റണിയും മോന്‍സനും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്ന് വെളിവാക്കുന്ന ചിത്രങ്ങളും വീഡിയോകളും കേസിന് പിന്നാലെ പുറത്തുവരികയുണ്ടായി.

Also Read: ‘സഹപ്രവര്‍ത്തകയോട് അതിക്രമം നടത്തിയ ക്രിമിനല്‍ കേസ് പ്രതിയെ മത്സരിപ്പിക്കരുത്’; രാധാകൃഷ്ണന്റെ പ്രസ് ക്ലബ്ബ് സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ വനിതാ മാധ്യമപ്രവര്‍ത്തക കൂട്ടായ്മ