ക്ലബ്ബ് ഫുട്ബോളിലെ ഏറ്റവും ഗ്ലാമര്‍ പോരാട്ടങ്ങളിലൊന്നായ എല്‍ ക്ലാസിക്കോയ്ക്ക് ഇനി മണിക്കൂറുകള്‍ മാത്രം. ഇത്തവണ കാംപ്നൂവില് വെച്ച് നടക്കുന്ന മത്സരത്തില്‍ റയല്‍ മാഡ്രിഡ് അതിഥികളായെത്തും. വഴുതിപ്പോകുകയാണെന്ന് തോന്നിപ്പിച്ച ആത്മവീര്യവും ഒത്തിണക്കവും തിരികെ പിടിക്കുന്ന ക്യാംപെയ്നില്‍ ഒരു കീരിടനേട്ടത്തോളം പ്രധാനമാണ് ബാഴ്സയ്ക്ക് ഈ എല്‍ ക്ലാസിക്കോ ജയം. വലന്‍സിയക്കെതിരെ 3-1 ന് ജയിച്ചതും ചാംപ്യന്‍സ് ലീഗില്‍ ഡൈനാമോ കീവിനെ എതിരില്ലാത്ത ഒരു ഗോളിനും തോല്പിച്ചതും ബാഴ്സ സ്ക്വാഡിന്റെ ആത്മവിശ്വാസം ഉയര്‍ത്തിയിട്ടുണ്ട്.
ലാലിഗ പോയിന്റ് ടേബിളില്‍ മൂന്നാമതുള്ള റയല്‍ മാഡ്രിഡും ബദ്ധവൈരികള്‍ക്കെതിരെ ഒരു ആധികാരിക ജയം നന്നായി ആഗ്രഹിക്കുന്നുണ്ട്. എസ്പാന്യോളിനോടേറ്റ തോല്‍വിക്ക് (2-1) ശേഷം റയല്‍ ഒന്ന് തലയുയര്‍ത്തിയത് ഷാക്തറിനെതിരെ (5-0) നേടിയ ചാംപ്യന്‍സ് ലീഗ് ജയത്തിന് ശേഷമാണ്.
ഇരുടീമുകളേയും പരുക്ക് വലയ്ക്കുന്നുണ്ട്. പേശികള്‍ക്ക് പരുക്കേറ്റ പെഡ്രിയും കാല്‍മുട്ടിന് പരുക്കേറ്റ മാര്ട്ടിന് ബാത്വെയ്റ്റും കളിക്കില്ല. റൊണാള്‍ഡ് അറോഹോയും ഒസ്മാന്‍ ഡെംബലെയും എന്ന് കളത്തില്‍ തിരിച്ചെത്തുമെന്ന് പറയാറായിട്ടില്ല. മെംഫിസ് ഡിപേയ്ക്കും അന്‍സു ഫാറ്റിക്കുമൊപ്പം ആദ്യ എല്‍ ക്ലാസിക്കോ കളിക്കാനിറങ്ങുന്ന അഗ്വെറോ ചേരുമ്പോള്‍ ആക്രമണത്തിന് മൂര്ച്ചയേറാന് സാധ്യതയുണ്ട്. കാറ്റലോണിയന്‍ സെന്റര്‍ ബാക്ക് എറിക് ഗാര്‍സ്യ സസ്പെന്ഷന് കഴിഞ്ഞ് തിരികെയെത്തും.
ഗരെത് ബെയ്ലും ഡാനി കബെല്ലോസും നവംബര്‍ വരെ കളിക്കില്ല. ബെയ്ലിന്റെ കാല്‍മുട്ടിനും കബെല്ലോസിന്റെ കണ്ണങ്കാലിനുമാണ് പരുക്ക്. ഡാനി കാവര്ഹാല്, ഈഡന് ഹസാര്‍ഡ്, ലൂക്ക ജോവിച്ച്, ഇസ്കോ എന്നിവരും കാംപ്നൂവില് ഇറങ്ങിയേക്കില്ല. കരിം ബെന്‍സേമയും വീനീഷ്യസും നയിക്കുന്ന മുന്നേറ്റ നിരയിലാണ് റയല്‍ ആരാധകരുടെ വിശ്വാസവും പ്രതീക്ഷയും. ഇരുവരും ബാഴ്സ പ്രതിരോധത്തിന് വെല്ലുവിളികള്‍ സൃഷ്ടിക്കുമെന്ന് ഉറപ്പാണ്.
ലാലിഗയില്‍ റയലിനെതിരെ കളിച്ച അവസാന നാല് കളികളില്‍ ഒന്നുപോലും ജയിക്കാന്‍ ബാഴ്സയ്ക്ക് കഴിഞ്ഞിട്ടില്ല. ഒരു എല്‍ ക്ലാസിക്കോ സമനിലയില്‍ അവസാനിച്ചപ്പോള്‍ മൂന്ന് കളികള്‍ തോറ്റു. 2008ന് ശേഷം ഏറ്റവും നീണ്ട വിജയമില്ലാ കാലത്തുകൂടിയാണ് ബാഴ്സ കടന്നുപോകുന്നത്. അരനൂറ്റാണ്ടിന് ശേഷം എല്ലാ കോംപറ്റീഷനുകളില്‍ നിന്നുമായി ബാഴ്സക്കെതിരെ തുടര്‍ച്ചയായ ഒരു നാലാം ജയം കിട്ടുമോയെന്ന ശ്രമത്തിലാണ് റയല്‍. 1965ല്‍ ഏഴ് തവണ തുടര്‍ച്ചയായി ബാഴ്സയെ തോല്പിച്ച ചരിത്രം ബെര്ണബ്യൂവിനുണ്ട്.
ഇന്നത്തെ കളി ജയിച്ചാല്‍ ബുസ്ക്വെറ്റ്സ് ഒരു വ്യക്തിഗത നേട്ടത്തോട് അടുക്കും. എല്ലാ കോംപറ്റീഷനുകളിലുമായുള്ള എല്‍ ക്ലാസിക്കോ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ജയം നേടിയ താരമാകാന്‍ രണ്ട് ജയങ്ങള്‍ കൂടി ബുസ്ക്വെറ്റ്സിന് മുന്നിലുണ്ട്. റയല്‍ താരമായിരുന്ന പാക്കോ ഗെന്റോയാണ് (21) ഏറ്റവും കൂടുതല്‍ എല്‍ ക്ലാസിക്കോ ജയം ആസ്വദിച്ച താരം. റയലിനെതിരെ കളിച്ച 40 കളികളില്‍ 19 എണ്ണത്തില്‍ ബുസ്ക്വെറ്റ്സ് അടങ്ങിയ ബാഴ്സ ജയിച്ചു. എട്ട് കളികള്‍ സമനിലയാകുകയും 13 കളികള്‍ തോല്‍ക്കുകയും ചെയ്തു.
പല പ്ലാറ്റ്ഫോമുകളിലായി നടന്ന 36 എല്‍ ക്ലാസിക്കോകളില്‍ നിന്ന് ബെന്‍സേമ 10 ഗോളുകള്‍ നേടിയിട്ടുണ്ട്. ബാഴ്സയ്ക്കെതിരായ ഗോള്‍ വേട്ടയില്‍ രണ്ടക്കം തികയ്ക്കാനായത് ബെന്സേമയടക്കം 13 റയല്‍ താരങ്ങള്‍ക്കാണ്. ആ എലൈറ്റ് ക്ലബ്ബില്‍ തന്റെ നിക്ഷേപം കൂട്ടാന്‍ ബെന്സേമയ്ക്കുള്ള അവസരം കൂടിയാണിത്.