എല്‍ദോസ് കുന്നപ്പിള്ളി ക്രൈംബ്രാഞ്ചിന് മുന്നില്‍; അച്ചടക്ക നടപടിയില്‍ ഇന്ന് ചര്‍ച്ച

തിരുവനന്തപുരം: ബലാത്സംഗ കേസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ ജില്ലാ ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരായി. അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങണമെന്ന ജില്ലാ സെഷന്‍സ് കോടതിയുടെ മുന്‍കൂര്‍ ജാമ്യവ്യവസ്ഥ പ്രകാരമാണ് നടപടി. രാവിലെ തിരുവനന്തരപുരം ജില്ലാ ക്രെെംബ്രാഞ്ച് ഓഫീസില്‍ എത്തിയ എംഎല്‍എയുടെ അറസ്റ്റ് അന്വേഷണസംഘം ഇന്ന് രേഖപ്പെടുത്തും.

നവംബര്‍ ഒന്നുവരെയുള്ള 10 ദിവസത്തില്‍ അന്വേഷണ സംഘം ആവശ്യപ്പെടുന്നതനുസരിച്ച് ഹാജരാകണമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്. ഈ ദിവസങ്ങളിലായി തെളിവെടുപ്പും ചോദ്യം ചെയ്യലും പൂർത്തിയാക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം എംഎല്‍എയെ ഇന്ന് വെെദ്യപരിശോധനയ്ക്ക് വിധേയനാക്കും. ജാമ്യ വ്യവസ്ഥ പ്രകാരം മൊബൈല്‍ ഫോണ്‍, പാസ്‌പോര്‍ട്ട് എന്നിവ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും.

അന്വേഷണവുമായി എംഎല്‍എ പൂര്‍ണ്ണമായി സഹകരിക്കുമെന്നും എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കില്ലെന്നും എല്‍ദോസ് കുന്നപ്പിള്ളിയുടെ അഭിഭാഷകന്‍ കുറ്റിയാനി സുധീര്‍ വ്യക്തമാക്കി. ഇതിനിടെ, പരാതിക്കാരിയെ സാമൂഹിക മാധ്യമങ്ങളിലൂടെ അവഹേളിച്ചെന്ന പരാതിയില്‍ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ പേട്ട പൊലീസ് മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്.

അതേസമയം, എംഎല്‍എക്കെതിരായ പാര്‍ട്ടി നടപടിയില്‍ ചർച്ച തുടരുകയാണ്. വെെകിട്ടോടെ നടപടി സംബന്ധിച്ച് തീരുമാനമുണ്ടാകുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ അറിയിച്ചു. കേസിന്റെ നിലയും, ജാമ്യമമനുവദിച്ച കോടതിവിധിയും, എല്‍ദോസ് നല്‍കിയിരിക്കുന്ന വിശദീകരണവും പരിശോധിച്ചായിരിക്കും നടപടി. ഇത് സംബന്ധിച്ച് മുതിർന്ന നേതാക്കളുമായി യോഗം ചേർന്ന് തീരുമാനമെടുക്കുമെന്നും കെ. സുധാകരന്‍ അറിയിച്ചു. ഉന്നത നേതൃത്വവുമായി ചർച്ചചെയ്തതിന് ശേഷം മാത്രമായിരിക്കും നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി.

എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ നടപടി വെെകുന്നതില്‍ അതൃപ്തി അറിയിച്ച കെ. മുരളീധരന്റെ പ്രതികരണം വ്യക്തിപരമാണെന്നും, പാർട്ടി നയത്തിന് അനുസരിച്ചേ പക്ഷേ നടപടിയെടുക്കാന്‍ സാധിക്കൂ എന്നും കെ. സുധാകരന്‍ പറഞ്ഞു.