വോട്ടെണ്ണല്‍ ദിനത്തിലെ ആഹ്ലാദ പ്രകടനത്തിന് വിലക്ക്; എല്ലാ സംസ്ഥാനത്തും വിലക്ക് ബാധകം

ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ദിനത്തിലെ ആഹ്ലാദ പ്രകടനം വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടെടുപ്പ് നടന്ന എല്ലാ സംസ്ഥാനങ്ങളിലും ഈ വിലക്ക് ബാധകമാണ്.

വോട്ടെണ്ണല്‍ മെയ് രണ്ടിനാണ്. മെയ് മൂന്നിനും ആഹ്ലാദ പ്രകടനം വിലക്കിയിട്ടുണ്ട്. വിശദമായ ഉത്തരവ് ഉടന്‍ തന്നെ പുറത്തിറങ്ങും.

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടല്‍. കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

രാജ്യത്ത് രണ്ടാം കൊവിഡ് തരംഗം ഇത്രത്തോളം രൂക്ഷമായതിന്റെ ഉത്തരവാദിത്തം തെരഞ്ഞെടുപ്പ് കമ്മീഷനാണ് എന്ന് കോടതി തുറന്നടിച്ചു. അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ആളുകള്‍ തിങ്ങിനിറഞ്ഞുള്ള റാലിയും പൊതുപരിപാടികളും തടയാതിരുന്നത് ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലപാതക കുറ്റത്തിന് കേസെടുക്കണമെന്നും കോടതി നിരീക്ഷിച്ചു. കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനുള്ള പദ്ധതികള്‍ തയ്യാറാക്കുന്നില്ലെങ്കില്‍ വോട്ടെണ്ണല്‍ തടയേണ്ടിവരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.