‘പിഴച്ചു, ബഹുജനാടിത്തറയില്‍ നിഷേധവികാരങ്ങള്‍’; നേതൃത്വത്തെ പോരായ്മകള്‍ എണ്ണിക്കാണിച്ച് ലീഗ് പ്രവര്‍ത്തകരുടെ തിരുത്തല്‍ ആഹ്വാന ക്യാംപെയ്ന്‍

നിയമസഭാ തെരഞ്ഞെടുപ്പിലെ തിളക്കം മങ്ങിയ പ്രകടനത്തിന് പിന്നാലെ മുസ്ലീം ലീഗ് നേതൃത്വത്തെ വീഴ്ച്ചകളും പോരായ്മകളും ചൂണ്ടിക്കാണിച്ച് പ്രവര്‍ത്തകരുടെ സോഷ്യല്‍ മീഡിയ ക്യാംപെയ്ന്‍. നേതൃത്വത്തിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച ഫലമാണ് ഉണ്ടായിരിക്കുന്നതെന്ന് വ്യക്തമാക്കുന്ന കുറിപ്പ് കേന്ദ്ര സര്‍വ്വകലാശാലകളിലേതുള്‍പ്പെടെയുള്ള എംഎസ്എഫ് യൂണിറ്റുകളും കെഎംസിസി ഘടകങ്ങളും ഒപ്പിട്ട് ഷെയര്‍ ചെയ്തു.

പാര്‍ട്ടി തിരിച്ചടി നേരിട്ടത് ചിലയിടങ്ങളില്‍ തെരെഞ്ഞടുപ്പ് പ്രവര്‍ത്തനങ്ങള്‍ പിഴച്ചതും ഒപ്പം നയനിലപാടുകളോട് പ്രസ്ഥാനത്തിന്റെ ബഹുജനാടിത്തറയില്‍ രൂപപ്പെടുന്ന നിഷേധ വികാരങ്ങളും കാരണമാണെന്ന് പ്രവര്‍ത്തകര്‍ വിലയിരുത്തുന്നു. ലീഗിന്റെ സമീപകാല രാഷ്ട്രീയ നിലപാടുകള്‍, സമുദായത്തോടും സമൂഹത്തോടുമുള്ള കടമ നിറവേറ്റുന്നതില്‍ സംഭവിച്ച വീഴ്ചകള്‍, ഭരണപരമായ വിജയപരാജയങ്ങള്‍, സംഘടനാപരമായ ദൗര്‍ബല്യങ്ങള്‍, രാഷ്ട്രീയ- സാമൂഹിക സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിലെ വീഴ്ചകള്‍, നേതൃത്വത്തിന്റെ ശരിതെറ്റുകള്‍, തുടങ്ങിയ കാര്യങ്ങള്‍ സൂക്ഷ്മവും സമഗ്രവുമായ തലത്തില്‍ പഠനവിധേയമാക്കണമെന്ന് പ്രമേയം ആവശ്യപ്പെടുന്നു.

ഗൗരവതരമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കും മുന്‍പേ പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ പാര്‍ട്ടി മുഖവിലക്കെടുക്കുകയും ക്രിയാത്മകമായ നിലപാട് സ്വീകരിക്കുകയും വേണം. അണികള്‍ക്കും കീഴ്ഘടകങ്ങള്‍ക്കും ബോധ്യമാകുന്ന തരത്തില്‍ വിശദീകരണം നല്‍കാന്‍ തയ്യാറാവണം.

ലീഗ് പ്രവര്‍ത്തകര്‍

ഈ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി മത്സരിച്ച എല്ലാ നിയോജകമണ്ഡലങ്ങളിലെയും പ്രകടനം പൊതുവായി വിലയിരുത്തണം. അപ്രതീക്ഷിതമായി തോല്‍വിയേറ്റ കോഴിക്കോട് സൗത്ത്, താനൂര്‍, കുറ്റ്യാടി, അഴീക്കോട്, കളമശ്ശേരി, ഗുരുവായൂര്‍ തുടങ്ങിയ മണ്ഡലങ്ങളിലെ വലിയ സംഘാടന പിഴവുകള്‍, പേരാമ്പ്ര, കുന്ദമംഗലം മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി നിര്‍ണ്ണയം എന്നിവ സവിശേഷമായി പഠനവിധേയമാക്കണമെന്നും പ്രമേയത്തിലുണ്ട്.

എംഎസ്എഫിന്റെ ജെഎന്‍യു, ഡല്‍ഹി യൂണിവേഴ്‌സിറ്റി, ജാമിയ മിലിയ, ഹൈദരാബാദ് യൂണിവേഴ്‌സിറ്റി, അലിഗഢ് യൂണിവേഴ്‌സിറ്റി, എഫ്‌ളു, പോണ്ടിച്ചേരി സര്‍വ്വകലാശാല, കാലടി സംസ്‌കൃത സര്‍വ്വകലാശാല, തൃശൂര്‍ കേരള വര്‍മ്മ കോളേജ് യൂണിറ്റുകള്‍ പ്രമേയത്തില്‍ ഒപ്പുവെച്ചിട്ടുണ്ട്. വിവിധ കെഎംസിസി ചാപ്റ്ററുകളിലെ ഭാരവാഹികള്‍, അക്കാദമിക രംഗത്തെ പ്രമുഖര്‍, സര്‍വ്വകലാശാല അദ്ധ്യാപകര്‍, ഗവേഷക വിദ്യാര്‍ത്ഥികള്‍ എന്നിവരേക്കൂടാതെ ഗ്രീന്‍ ബുക്‌സ്, സര്‍ സയിദ് കള്‍ച്ചറല്‍ ഫോറം, കുറ്റ്യാടി സീതി സാഹിബ് സാംസ്‌കാരിക വേദിയും പ്രമേയത്തിന് പിന്തുണ അറിയിച്ചു. എംഎസ്എഫ് മുന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ എം ഹസ്സൈനാര്‍, മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം ഉസ്മാന്‍ പാറക്കടവ്, എഴുത്തുകാരന്‍ റഫീഖ് ഉമ്പാച്ചി തുടങ്ങിയവരും പ്രമേയത്തില്‍ ഇതിനോടകം ഒപ്പിട്ടിട്ടുണ്ട്.

സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യപ്പെടുന്ന കുറിപ്പ്

“2021 കേരള നിയമസഭയിലേക്കുള്ള തെരഞ്ഞടുപ്പില്‍ യു.ഡി.എഫ് നേരിട്ട പരാജയം രാഷ്ട്രീയ മണ്ഡലത്തില്‍ വലിയ തോതില്‍ ചര്‍ച്ചകള്‍ക്ക് ഹേതുവായിരിക്കുകയാണ്. ലീഗ് ചരിത്രത്തിലെ തിളക്കം കുറഞ്ഞ പ്രകടനമെന്ന രീതിയില്‍ മുസ്ലിം ലീഗ് പാര്‍ട്ടിയും വ്യാപകമായ വിമര്‍ശനങ്ങള്‍ നേരിടുകയാണ്. ഇടതുമുന്നണിക്ക് ഭരണത്തുടര്‍ച്ചാ സാഹചര്യം നിലവിലില്ലെന്നും യുഡിഎഫ് അനുകൂല സാഹചര്യം ഉണ്ടായിരുന്നെന്നും മുന്നണി പതിവിലും കെട്ടുറപ്പോടെയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും പാര്‍ട്ടി തന്നെ വിലയിരുത്തിയതാണ്. വിജയം കൈവരിച്ച ചില സ്ഥാനാര്‍ഥികളുടെയെങ്കിലും പ്രകടനം അത് തെളിയിക്കുന്നുമുണ്ട്.

എന്നാല്‍ നേതൃത്വത്തിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്ന തെരഞ്ഞെടുപ്പ് ഫലമാണ് ഉണ്ടായിരിക്കുന്നത്. ഈ പാശ്ചാത്തലത്തിലാണ് സംഘടനാ പ്രവര്‍ത്തകര്‍ തന്നെ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന സ്ഥിതിവിശേഷം ഉണ്ടായിരിക്കുന്നത്. പാര്‍ട്ടി തിരിച്ചടി നേരിട്ടത് ചിലയിടങ്ങളില്‍ തെരെഞ്ഞടുപ്പ് പ്രവര്‍ത്തനങ്ങള്‍ പിഴച്ചതും ഒപ്പം നമ്മുടെ നയനിലപാടുകളോട് പ്രസ്ഥാനത്തിന്റെ ബഹുജനാടിത്തറയില്‍ രൂപപ്പെടുന്ന നിഷേധ വികാരങ്ങളും കാരണമാണെന്ന് വിലയിരുത്തപ്പെടുന്നു. നിര്‍ഭാഗ്യവശാല്‍ ജനാബ് പി കെ കുഞ്ഞാലിക്കുട്ടി സാഹിബിനെതിരെയടക്കം നവമാധ്യമങ്ങളില്‍ അതിരൂക്ഷമായ പരസ്യ പ്രതിഷേധങ്ങള്‍ നാം കണ്ടു. ജനാബ് സയ്യിദ് മുനവറലി തങ്ങള്‍ക്കു വരെ അണികളോട് സംയമനം പാലിക്കാന്‍ ആവശ്യപ്പെടേണ്ടി വന്നു.

സംഘടനയുടെ നയനിലപാടുകളെയും നേതൃത്വത്തിന്റെ പാടവത്തെയും തന്നെ ചോദ്യം ചെയ്യുന്ന രീതിയിലാണ് ഈ പ്രതിഷേധങ്ങള്‍ രൂപപ്പെട്ടത്. ഈ സംഭവ വികാസങ്ങളെ മുന്‍നിര്‍ത്തി പാര്‍ട്ടിക്ക് മുന്‍പില്‍ മൂന്നു പ്രധാന ആവശ്യങ്ങള്‍ മുന്നോട്ട് വെക്കുകയാണ്.

  1. പാര്‍ട്ടിയുടെ സമീപകാല രാഷ്ട്രീയ നിലപാടുകള്‍, സമുദായത്തോടും സമൂഹത്തോടുമുള്ള കടമ നിറവേറ്റുന്നതില്‍ സംഭവിച്ച വീഴ്ചകള്‍, ഭരണപരമായ വിജയപരാജയങ്ങള്‍, സംഘടനാപരമായ ദൗര്‍ബല്യങ്ങള്‍, രാഷ്ട്രീയ- സാമൂഹിക സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിലെ വീഴ്ചകള്‍, നേതൃത്വത്തിന്റെ ശരിതെറ്റുകള്‍, തുടങ്ങിയ കാര്യങ്ങള്‍ സൂക്ഷ്മവും സമഗ്രവുമായ തലത്തില്‍ പഠനവിധേയമാക്കണം
  2. ഗൗരവതരമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കും മുന്‍പേ പ്രവര്‍ത്തകളുടെ പ്രതിഷേധത്തെ പാര്‍ട്ടി മുഖവിലക്കെടുക്കുകയും ക്രിയാത്മകമായ നിലപാട് സ്വീകരിക്കുകയും വേണം. അണികള്‍ക്കും കീഴ്ഘടകങ്ങള്‍ക്കും ബോധ്യമാവുന്ന തരത്തില്‍ വിശദീകരണം നല്‍കാന്‍ തയ്യാറാവണം.
  3. ഈ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി മത്സരിച്ച എല്ലാ നിയോജകമണ്ഡലങ്ങളിലെയും പ്രകടനം പൊതുവായി വിലയിരുത്തണം. അപ്രതീക്ഷിതമായി തോല്‍വിയേറ്റ കോഴിക്കോട് സൌത്ത്, താനൂര്‍, കുറ്റ്യാടി, അഴീക്കോട്, കളമശ്ശേരി, ഗുരുവായൂര്‍ തുടങ്ങിയ മണ്ഡലങ്ങളിലെ വലിയ സംഘാടന പിഴവുകള്‍, പേരാമ്പ്ര, കുന്ദമംഗലം മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി നിര്‍ണ്ണയം എന്നിവ സവിശേഷമായി പഠനവിധേയമാക്കണം.

ഭദ്രമായ സംഘടനാ ശക്തിയോടെയും ശോഭനമായ അധികാര രാഷ്ട്രീയ ഭാവിയോടെയും മുസ്ലിം ലീഗ് പാര്‍ട്ടി ഇനിയും കരുത്താര്‍ജ്ജിക്കട്ടെ.

പ്രാര്‍ത്ഥനാപൂര്‍വ്വം