രണ്ടു പതിറ്റാണ്ടിന്റെ യുദ്ധത്തിന് സമാപ്‌തി; അഫ്‌ഗാൻ താലിബാന് നൽകി അവസാന അമേരിക്കൻ സൈനികനും കാബൂൾ വിട്ടു

കാബൂൾ: ഇരുപത് വർഷം നീണ്ട യുദ്ധത്തിന് അന്ത്യംകുറിച്ച് അവസാന അമേരിക്കൻ സൈനികനും അഫ്‌ഗാനിസ്ഥാനിൽ നിന്നും പിൻവാങ്ങി. അമേരിക്കൻ അംബാസഡർ ഉൾപ്പടെയുള്ളവരെ വഹിച്ചുകൊണ്ടുള്ള അവസാന സി-17 വ്യോമസേനാ വിമാനം ചൊവ്വാഴ്ച്ച പുലർച്ചെ കാബൂൾ വിമാനത്താവളത്തിൽ നിന്നും പറന്നുയർന്നു. പിന്നാലെ രാജ്യത്തിന് പൂർണ സ്വാതന്ത്ര്യം ലഭിച്ചതായി താലിബാൻ പ്രഖ്യാപിച്ചു. അമേരിക്കയും താലിബാനും തമ്മിലുള്ള സമാധാന ഉടമ്പടി പ്രകാരം ആഗസ്റ്റ് 31നായിരുന്നു സൈനിക നടപടികൾ അവസാനിപ്പിച്ച് പിന്മാറാനുള്ള അവസാന തീയതി. ആഗസ്റ്റ് 14ന് താലിബാൻ രാജ്യം പിടിച്ചെടുത്തതുമുതൽ ആരംഭിച്ച ആളെയൊഴുപ്പിക്കൽ ദൗത്യത്തിനും അന്ത്യമായിരിക്കുകയാണ്.

‘ഇരുപത് വർഷത്തെ അഫ്‌ഗാൻ സൈനിക ദൗത്യം ഇപ്പോൾ അവസാനിച്ചിരിക്കുന്നു,’ എന്ന് മാത്രമാണ് അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ പ്രസ്താവനയിലൂടെ പ്രഖ്യാപിച്ചത്. ഈ വാർത്ത തയാറാക്കുന്നതുവരെ അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചിട്ടില്ല. ‘പുതിയ ഒരു അധ്യായം ആരംഭിച്ചിരിക്കുന്നു. സൈനിക നടപടികൾ അവസാനിച്ചു. പുതിയ നയതന്ത്ര ദൗത്യത്തിന് പ്രാരംഭമായിരിക്കുന്നു,’ എന്നാണ് സേനാ പിന്മാറ്റം പൂർത്തിയായത് ഔദ്യോഗികമായി പ്രഖ്യാപിച്ചുകൊണ്ട് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്തണി ബ്ലിങ്കൻ പ്രതികരിച്ചത്. അമേരിക്കൻ ചരിത്രത്തിലെ ദൈർഘ്യമേറിയ യുദ്ധം അവസാനിപ്പിക്കുമെന്നത് ബൈഡന്റെ തെരഞ്ഞെടുപ്പ് പ്രഖ്യാപനമായിരുന്നു.

അവസാന അമേരിക്കൻ സൈനികൻ മേജർ ജനറൽ ക്രിസ് ഡോണെഹ്യു കാബൂൾ വിമാനത്താവളത്തിൽ നിന്നും വിമാനം കയറുന്നതിന് തൊട്ടുമുൻപുള്ള ചിത്രം.

2001 സെപ്റ്റംബർ പതിനൊന്നിന് അമേരിക്കയിലെ ലോക വ്യാപാര സമുച്ചയത്തിലുണ്ടായ ഭീകരാക്രമണത്തെ തുടർന്നാണ് അന്നത്തെ പ്രസിഡന്റായിരുന്ന ജോർജ് ഡബ്ള്യൂ ബുഷ് ‘ഭീകര വിരുദ്ധ യുദ്ധം’ പ്രഖ്യാപിക്കുന്നത്. ആക്രമണത്തിന് ഉത്തരവാദികളായ അൽ ഖാഇദ ഭീകര സംഘടനയെയും തലവൻ ഒസാമ ബിൻലാദനെയും ഇല്ലായ്മചെയ്യലായിരുന്നു ലക്ഷ്യം. ഇത് രണ്ടും വിജയകരമായി പൂർത്തീകരിച്ചെന്നും അതിനാൽ അമേരിക്കക്ക് അഫ്‌ഗാനിൽ തുടർതാല്പര്യങ്ങൾ ഇല്ലെന്നുമാണ് പ്രസിഡന്റ് ജോ ബൈഡൻ വിശദീകരിക്കുന്നത്. രണ്ട് ട്രില്യൺ അമേരിക്കൻ ഡോളർ ഒഴുക്കിയ യുദ്ധത്തിൽ 2500 അമേരിക്കൻ സൈനികർക്കും 240000 അഫ്‌ഗാൻ പൗരന്മാർക്കും ജീവൻ നഷ്ടമായി. 2001ൽ താലിബാനെ അധികാരഭ്രഷ്ടരാക്കി അഫ്‌ഗാനിൽ അധിനിവേശം ആരംഭിച്ച അമേരിക്ക, കൂടുതൽ ശക്തമായ താലിബാന് രാജ്യം തിരികെനൽകിയാണ് പിന്മാറിയിരിക്കുന്നത്.

അവസാന അമേരിക്കൻ വിമാനവും ഹാമിദ് കർസായി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും പറന്നുയർന്നത് സ്ഥിരീകരിച്ചതോടെ കാബൂളിന്റെ വിവിധ ഭാഗങ്ങളിൽ താലിബാൻ അംഗങ്ങൾ ആഘോഷപൂർവം ആകാശത്തേക്ക് വെടിയുതിർത്തു. ‘അവസാന അമേരിക്കൻ സൈനികനും കാബൂൾ വിമാനത്താവളത്തിൽ നിന്നും യാത്രയായിരിക്കുന്നു. നമ്മുടെ രാജ്യം പൂർണ സ്വാതന്ത്ര്യം നേടിയിരിക്കുന്നു. ദൈവത്തിന് സ്‌തുതി,’യെന്ന് താലിബാൻ വക്താവ് സബീഹുള്ള മുജാഹിദ് അഭിപ്രായപ്പെട്ടു. ‘ഈ വിജയം നമ്മൾ എല്ലാവരുടേതുമാണ്. ഇസ്‌ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാൻ ഇപ്പോൾ ഒരു സ്വതന്ത്ര പരമാധികാര രാജ്യമാണെന്നതിന് സംശയം വേണ്ട,’ എന്ന് പ്രഖ്യാപിച്ച സബീഹുള്ള അമേരിക്കൻ സൈനിക നടപടി പരാജയപ്പെട്ടിരിക്കുന്നുവെന്നും കൂട്ടിച്ചേർത്തു. താലിബാനിൽ നിന്നും അധികാരം പിടിച്ചെടുത്ത് അമേരിക്കൻ പിന്തുണയുള്ള ജനാധിപത്യ സർക്കാരുകളെ പരീക്ഷിച്ചതിന് ശേഷം താലിബുകളെ അഫ്‌ഗാനിൽ നിന്നും തുരത്തിയെന്നായിരുന്നു നാറ്റോ സേന അവകാശപ്പെട്ടിരുന്നത്. എന്നാൽ വർഷങ്ങൾ നീണ്ട അധിനിവേശവും പടിഞ്ഞാറൻ പിന്തുണയുള്ള സർക്കാരുകളുടെ അസ്ഥിരതയും ഒരു ദേശീയ പ്രതിരോധ ശക്തിയെന്ന നിലയിൽ താലിബാനെ ഒരുമിച്ചുകൂടി ശക്തിപ്പെടാൻ സഹായിച്ചു. സേനാ പിന്മാറ്റം ദ്രുതഗതിയിലാക്കുമെന്ന് ബൈഡൻ മെയ് മാസത്തിൽ പ്രഖ്യാപിച്ചതോടെ അഫ്‌ഗാനിലെ പ്രദേശങ്ങൾ ഒന്നൊന്നായി അനായാസകരമായി താലിബാൻ കീഴടക്കി.

ALSO READ: ഒസാമയെയയും അൽഖാഇദയെയും ഇല്ലാതാക്കാനായിരുന്നു അമേരിക്കൻ നടപടി, അത് പൂർത്തിയായെന്ന് ബൈഡൻ; സാധ്യമായിട്ടില്ലെന്ന് പെന്റഗൺ

അപ്രതീക്ഷിത വേഗതയിലായിരുന്നു താലിബാൻ അഫ്‌ഗാൻ കീഴടക്കിയത്. അമേരിക്ക പിന്മാറി ആറുമാസത്തിനുള്ളിൽ അഷ്‌റഫ് ഗനി സർക്കാർ താഴെവീഴും എന്നാണ് അമേരിക്കൻ ഇന്റലിജൻസ് വൃത്തങ്ങൾ ആദ്യം പ്രവചിച്ചത്. പിന്നീട് അത് മൂന്നുമാസത്തിനുള്ളിൽ ഉണ്ടാകുമെന്ന് തിരുത്തി. എന്നാൽ മിക്ക പ്രവിശ്യകളിലും പട്ടണങ്ങളിലും തിരിച്ചടിപോലും ഉണ്ടാകാതെ അഫ്‌ഗാൻ ഔദ്യോഗിക സേന താലിബാന് കീഴടങ്ങിയതോടെയും പ്രസിഡണ്ട് അഷ്‌റഫ് ഗനി രാജ്യം വിട്ടതോടെയും അമേരിക്കൻ പിന്മാറ്റത്തിന് മുൻപ് തന്നെ രാജ്യം താലിബാന്റെ കീഴിലാവുകയായിരുന്നു. ഈ വേഗത താലിബാനും പ്രതീക്ഷിച്ചിരുന്നില്ല.

നാറ്റോ പിന്മാറ്റത്തിന് ശേഷം സർക്കാർ പ്രഖ്യാപിക്കുമെന്നും ദിവസങ്ങൾക്കുള്ളിൽ തന്നെ പൂർണ ക്യാബിനറ്റ് രൂപപ്പെടുത്തുമെന്നുമാണ് താലിബാൻ ഉന്നത വൃത്തങ്ങൾ പലപ്പോഴായി പറഞ്ഞത്. എല്ലാവരെയും ഉൾക്കൊള്ളുന്ന സർക്കാർ സംവിധാനമാണ് തങ്ങൾ പദ്ധതിയിടുന്നതെന്നും അവർ വിശദീകരിക്കുന്നു. താലിബാൻ സഹസ്ഥാപകനും രാഷ്ട്രീയകാര്യങ്ങൾ കൈകാര്യം ചെയ്‌തിരുന്ന ഉന്നത നേതാവുമായ അബ്ദുൽ ഗനി ബറാദറിന്റെ നേതൃത്വത്തിൽ വിവിധ തലങ്ങളിൽ ചർച്ചകൾ നടക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ചർച്ചകളിൽ ഒന്നും തന്നെ ജനാധിപത്യ ഭരണസംവിധാനം ആലോചനയിലില്ലെന്നും ഇസ്‌ലാമിക നിയമമായ ശരീഅത്ത് അടിസ്ഥാനമാക്കിയായിരിക്കും ഭരണം നടക്കുകയെന്നും താലിബാൻ വ്യക്തമാക്കിയിട്ടുണ്ട്.

2020 ഫെബ്രുവരി 29നാണ് ദോഹ ഉടമ്പടി എന്നറിയപ്പെടുന്ന യുഎസ്-താലിബാൻ സമാധാന കരാറിൽ ട്രംപ് ഭരണകൂടവും താലിബാനും ഒപ്പുവെച്ചത്. 2021 മെയ് 1 മുതൽ ആരംഭിച്ച്‌ സെപ്റ്റംബർ 11നുള്ളിൽ സുരക്ഷിതമായ പൂർണ സേനാ പിന്മാറ്റമായിരുന്നു കരാറിന്റെ പ്രമേയം. പകരമായി അമേരിക്കൻ സേനക്ക് നേരെയും അഫ്‌ഗാൻ ജനങ്ങൾക്ക് നേരെയുമുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കാനും അൽ ഖാഇദ ഉൾപ്പടെയുള്ള തീവ്രവാദ ഗ്രൂപ്പുകളെ തടയാനും താലിബാനും സമ്മതിച്ചു. എന്നാൽ അഫ്‌ഗാൻ സമാധാന ഉടമ്പടിയിൽ സേനാ പിന്മാറ്റത്തിന് ശേഷം രാജ്യത്തിൻറെ ഭരണം ആർക്ക് എന്ന തീരുമാനമോ അഷ്‌റഫ് ഗനി ഗവണ്മെന്റിനെക്കുറിച്ചുള്ള പരാമർശമോ ഉണ്ടായിരുന്നില്ല. ഇത് താലിബാന് അനുകൂലമായി ഭവിക്കുകയായിരുന്നു.

ALSO READ: അമീർ മുതൽ കമാൻഡർ വരെ; താലിബാൻ തലപ്പത്ത് ഈ അഞ്ചുപേർ