‘കറുത്തവന്‍’ പൂര്‍ത്തിയാക്കാനായി, ‘പദയാത്ര’യുടെ വലിയ സ്വീകാര്യതയില്‍ സന്തോഷം, വികസനം ഒരു ഗ്രാമം അനുഭവിക്കുന്നതാണ് ഇടതുപക്ഷ തുടര്‍ഭരണം സാധ്യമാക്കിയത്’; ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ പറയുന്നു

കൊവിഡ് മഹാമാരി പൊതുവിടങ്ങളില്‍ നമ്മള്‍ കൂടിയിരുന്നതിനെ പ്രധാനമായും ബാധിച്ച ഒന്നാണ്. ജോലിക്ക് വേണ്ടിയാണെങ്കിലും സൗഹൃദം പങ്കുവെക്കുന്നതിന് വേണ്ടിയാണെങ്കിലും എന്തിന് വേണ്ടിയാണെങ്കിലും. രണ്ട് ലോക്ഡൗണുകള്‍ നമ്മള്‍ കണ്ടു. വീടുകൡ തന്നെയാണ് പ്രിയപ്പെട്ടവരെല്ലാം. നമ്മുടെ പ്രിയപ്പെട്ടവരുടെ വിശേഷം അറിയാന്‍ നമുക്ക് താല്‍പര്യമുണ്ടാവും. അങ്ങനെയൊരു താല്‍പര്യമാണ് ഗാനരചയിതാവും കവിയുമായ ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരനിലേക്ക് എത്തിച്ചത്. അദ്ദേഹത്തിന്റെ വിശേഷങ്ങള്‍ അറിയാം.

കൊവിഡ് കാലത്ത് എന്തൊക്കെയായിരുന്നു ചെയ്തിരുന്നത്?

കൊവിഡ് കാലത്ത് കുറച്ച് കാര്യങ്ങള്‍ ചെയ്യാന്‍ പറ്റി. നേരത്തെ എഴുതി വെച്ചിരുന്നത് പൂര്‍ത്തിയാക്കാന്‍ പറ്റി. കൊവിഡിനെ കുറിച്ച് തന്നെ മൂന്ന് പാട്ടുകള്‍ എഴുതി. സ്ത്രീകള്‍ മാത്രമായിട്ടാണ് അത് ചിത്രീകരിച്ചത്. പിന്നൊന്ന് സുഹൃത്തുക്കളോടൊപ്പം. ബിഷോയ് അനിയന്‍ സംഗീതം ചെയ്‌തൊരു ആല്‍ബം. അങ്ങനെ. സിനിമകള്‍ക്ക് വേണ്ടിയും ഗാനങ്ങളെഴുതി. ഡിസി ബുക്‌സ് എന്റെ കവിതാ സമാഹാരം പുറത്തിക്കുന്നു. ‘കറുത്തവന്‍’ എന്നാണ് പേര്. സമാഹാരത്തിന്റെ ജോലികള്‍ തീര്‍ക്കാന്‍ പറ്റി. പിന്നെ കൃഷി.

ഇനി റിലീസാവാനുള്ള ചിത്രങ്ങളില്‍ ഗാനങ്ങളെഴുതിയിട്ടുണ്ടോ?

ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പ്, മരട് 357, ബദല്‍, ആലിബാബ എന്നീ ചിത്രങ്ങളിലൊക്കെ ഗാനങ്ങള്‍ എഴുതിയിട്ടുണ്ട്. അവയൊക്കെ ഇനി റിലീസാവാനുള്ള ചിത്രങ്ങളാണ്. വേറെയും ചിത്രങ്ങളില്‍ എഴുതിട്ടുണ്ട്.

കൊവിഡ് കാലത്ത് കലാകാരന്‍മാര്‍ വലിയ ബുദ്ധിമുട്ടുകളിലാണല്ലോ?, അവരൊക്കെ വിളിക്കാറുണ്ടോ?

എനിക്ക് തന്നെ കൊവിഡ് വന്നിരുന്നു. എട്ട് മാസം മുമ്പ്. കലാകാരന്‍മാരൊക്കെ വിളിക്കാറുണ്ട്. ഈ ബുദ്ധിമുട്ടുകളൊക്കെ മാറും. മാറാതിരിക്കാന്‍ കഴിയിലല്ലോ.

കൊവിഡ് കാലത്തെ കൃഷി എന്തായിരുന്നു?

വീടിനോട് ചേര്‍ന്ന് തന്നെയാണ്. വെള്ളം നില്‍ക്കുന്ന സ്ഥലമാണ്. ആദ്യം പയറും തക്കാളിയുമൊക്കെ. പിന്നീട് ഒരു മഴ വന്നപ്പോള്‍ അതൊക്കെ പോയി. ഇപ്പോള്‍ അത് മനസ്സിലാക്കി വെള്ളം കയറിയാലും നാശമായി പോവാത്ത വിധത്തിലുള്ളതാണ് ഇപ്പോള്‍ നട്ടിരിക്കുന്നത്.

അങ്ങ് എഴുതിയിട്ടുള്ള, ജോബ് പാടിയിട്ടുള്ള ‘പദയാത്ര’ വലിയ ആവേശമാണ് യുവജനങ്ങള്‍ക്ക്. ചന്ദ്രേട്ടനാണ് ആ പാട്ടിന് പിന്നിലെന്ന് പലര്‍ക്കും അറിയാത്ത പോലെ തോന്നിയിട്ടുണ്ട്?

ആ തരത്തില്‍ വലിയ തോതില്‍ ആളുകള്‍ തിരിച്ചറിഞ്ഞിട്ടെങ്കിലും സെര്‍ച്ചില്‍ എന്റെ പേര് കാണുമ്പോള്‍ പലരും വിളിക്കാറുണ്ട്. പലര്‍ക്കും ഞാനും ജോബും തമ്മിലുള്ള കെമിസ്ട്രി അറിയാം. അവര്‍ക്കറിയാം. പക്ഷെ എല്ലാവര്‍ക്കും അറിയില്ലല്ലോ. വലിയ സ്വീകാര്യതയാണ് ആ പാട്ടിന് ലഭിച്ചത് എന്നറിയാം. സന്തോഷം. ജോബ് ചെയ്തതില്‍ കൂടുതല്‍ പാട്ടുകളും ഞാന്‍ തന്നെയാണ് എഴുതിയത്. ജോബ് നല്ല മ്യൂസിക് ഡയറക്ടറും ഗായകനും ആയതിനാല്‍ നല്ല അനുഭവമാണ് ചേരുമ്പോഴെല്ലാം ഉണ്ടായിട്ടുള്ളത്.

ഒരു ഇടതുപക്ഷ അനുഭാവിയാണെന്ന് എല്ലാവര്‍ക്കുമറിയാം. ഇക്കാലത്ത് തന്നെയാണ് ഇടതുപക്ഷം വീണ്ടും അധികാരത്തിലെത്തിയത്, എങ്ങനെ കാണുന്നു?

ഇടതുപക്ഷത്തിന് തുടര്‍ഭരണം ലഭിച്ചത് നല്ല കാര്യം തന്നെയാണ്. നേരത്തെ ചെയ്തുവെച്ച കാര്യങ്ങളെല്ലാം പൂര്‍ത്തിയാക്കാന്‍ കഴിയും. വികസന പ്രവര്‍ത്തനങ്ങള്‍ തന്നെയാണ് തിരിച്ചു വരവ് സാധ്യമാക്കിയത്. പ്രത്യേകിച്ച് വിദ്യാഭ്യാസ മേഖലയില്‍, നമ്മുടെ സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് കുട്ടികള്‍ തിരിച്ചു വരുന്നു. അത് സാധ്യമാക്കിയത് വലിയ കാര്യമാണ്. അതേ പോലെ മറ്റ് മേഖലകളിലും. ഒരു ഗ്രാമം അത് അനുഭവിക്കുന്നുവെന്നത് തന്നെയാണ് തുടര്‍ഭരണം സാധ്യമാക്കിയത്.