തുർക്കിയിൽ മാസങ്ങൾ നീണ്ടുനിന്ന എർദൊഗാൻ വിരുദ്ധ വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്ക് വിജയമായി രാഷ്ട്രീയ വിശ്വസ്തനെ ഇസ്താംബൂളിലെ പ്രശസ്തമായ ബ്വോസിജി സർവകലാശാല റെക്ടർ ആയി നിയമിച്ച വിവാദ ഉത്തരവ് പ്രസിഡന്റ് റജബ് ത്വയ്യിബ് എർദൊഗാൻ റദ്ദാക്കി. കനത്ത ജനകീയ പ്രക്ഷോഭത്തെ തുടർന്ന് എർദോഗാൻ ഔദ്യോഗികമായി തിരുത്തേണ്ടിവരുന്ന ആദ്യത്തെ തീരുമാനമായാണ് ഇതിനെ വിലയിരുത്തപ്പെടുന്നത്.
പ്രസിദ്ധമായ ബ്വോസിജി സർവകലാശാലയുടെ റെക്ടർ എന്ന ഉയർന്ന അഡ്മിനിസ്ട്രേറ്റീവ് തസ്തികയിലേക്ക് മെലിഹ് ബുലു എന്ന എ.കെ പാർട്ടി നേതാവിനെ ജനുവരി മാസത്തിലായിരുന്നു എർദോഗാൻ നിയമിച്ചത്. സാധാരണ തെരഞ്ഞെടുപ്പിലൂടെയാണ് റെക്ടർ നിയമനം തുർക്കി സർവകലാശാലകളിൽ നടത്താറുള്ളത്. എന്നാൽ ബുലുവിന്റേത് നേരിട്ടുള്ള നിയമനമായിരുന്നു. ഇത് രാജ്യത്തെ വിദ്യാഭ്യാസ രംഗത്ത് എർദൊഗാൻ നേരിട്ട് കൈകടത്തുന്നതാണെന്ന് ആരോപണം ഉയർന്നു. തുടർന്ന് വലിയ പ്രക്ഷോഭമായിരുന്നു ഉടലെടുത്തത്.
ബ്വോസിജി സർവകലാശാലയിൽ ആരംഭിച്ച പ്രക്ഷോഭം മറ്റ് കാമ്പസുകളിലേക്കും പടർന്നുപിടിച്ചിരുന്നു. പിന്നീട് തെരുവുകളിലേക്കും. പ്രതിപക്ഷ പാർട്ടികളും, LGBTQ ആക്ടിവിസ്റ്റുകളും പിന്തുണ നൽകിയതോടെ തുർക്കി കണ്ടതിൽ വെച്ചുള്ള ഏറ്റവും വലിയ പ്രക്ഷോഭങ്ങളിൽ ഒന്നായി അത് മാറി. വിദ്യാർഥികൾ ഉൾപ്പടെ നിരവധിയാളുകൾ അറസ്റ്റിലായിരുന്നു.

വിദ്യാർത്ഥി പ്രക്ഷോഭകരെ തീവ്രവാദികൾ എന്നായിരുന്നു ഏർദൊഗാൻ ഈ വർഷം ആദ്യം വിശേഷിപ്പിച്ചത്. രാജിവെക്കാനുള്ള നിരന്തരമായ ആവശ്യത്തിന് റെക്ടർ ബുലുവും ചെവികൊടുത്തിരുന്നില്ല. പുറത്താക്കിക്കൊണ്ടുള്ള ഉത്തരവും വ്യാജ വാർത്തയാണെന്നായിരുന്നു അദ്ദേഹം ആദ്യം പ്രതികരിച്ചത്. 2015ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ എ കെ പാർട്ടി സ്ഥാനാർത്ഥിയായിരുന്നു ബുലു. 1980 ലെ പട്ടാള അട്ടിമറിക്ക് ശേഷം സർവകലാശാലക്ക് പുറത്തു നിന്നും നിയമിതനായ ഏക റെക്ടറും അദ്ദേഹമാണ്.
ബ്വോസിജി സർവകലാശാല പാശ്ചാത്യ-അനുകൂല അക്കാദമിക സ്ഥാപനമാണെന്നാണ് എർദൊഗാൻ അനുകൂലികളുടെ നിലപാട്. ബുലുവിന്റെ നിയമനത്തിലൂടെ മറ്റ് നിയമനങ്ങളിലും മാറ്റം വരുത്തി സർവ്വകലാശാലയെ ഇസ്ലാമികമായി മാറ്റിപ്പണിയാനായിരുന്നു എർദൊഗാന്റെ പദ്ധതി.
പ്രത്യേക കാരണങ്ങൾ പരാമർശിക്കാതെയായിരുന്നു ബുലുവിനെ പുറത്താക്കിക്കൊണ്ടുള്ള ഉത്തരവ് മന്ത്രാലയം പുറപ്പെടുവിച്ചത്. പുതിയ റെക്ടറെയും ഇതുവരെ നിർദേശിച്ചിട്ടില്ല.