കൊച്ചി: മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നും പികെ കുഞ്ഞാലിക്കുട്ടി മാറും. കുഞ്ഞാലിക്കുട്ടിക്ക് പകരം ഇടി മുഹമ്മദ് ബഷീറിനെ ലീഗിന്റെ ദേശീയ ജനറല്‍ സെക്രട്ടറിയാക്കാന്‍ നേതൃതലത്തില്‍ ധാരണയായി. തെരഞ്ഞെടുപ്പിന് ശേഷം പലഘട്ടങ്ങളിലായി നടന്ന കൂടിയാലോചനകളിലാണ് കുഞ്ഞാലിക്കുട്ടി ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനമൊഴിയാന്‍ തീരുമാനമായത്.
നിലവില്‍ത്തന്നെ ഇടി മുഹമ്മദ് ബഷീറാണ് ദേശീയ തലത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. അത് മുഴുവന്‍ സമയ ചുമതലയായി അദ്ദേഹത്തിന് നല്‍കാനാണ് ധാരണ. മെയ് 30ന് ശേഷം ലീഗിന്റെ പ്രവര്‍ത്തക സമിതി ചേര്‍ന്ന് ഔദ്യോഗിക തീരുമാനം പ്രഖ്യാപിക്കും.
ദേശീയ സെക്രട്ടറി സ്ഥാനമൊഴിയാന്‍ കുഞ്ഞാലിക്കുട്ടിതന്നെ സന്നദ്ധത അറിയിച്ചതായാണ് സൂചന. ബഷീറിന് മുഴുവന്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം നല്കി ദേശീയ ജനറല്‍ സെക്രട്ടറിയാക്കണമെന്ന് കുഞ്ഞാലിക്കുട്ടി നിര്‍ദ്ദേശിക്കുകയായിരുന്നു.
കുഞ്ഞാലിക്കുട്ടിക്ക് പാര്‍ട്ടിക്കകത്ത് മറ്റ് പദവികള്‍ ഉണ്ടാകാന്‍ സാധ്യതയില്ല. ലീഗിന്റെ നിയമസഭാകക്ഷി നേതാവ് അദ്ദേഹമായിരിക്കും. കുഞ്ഞാലിക്കുട്ടി ലോക്സഭയിലേക്ക് മത്സരിക്കാന്‍ എംഎല്‍എസ്ഥാനം രാജിവെച്ചതിന് ശേഷം എംകെ മുനീറായിരുന്നു നിയമസഭാകക്ഷി നേതാവ്.
ശക്തികേന്ദ്രങ്ങളില്‍ ലീഗിന് തിരിച്ചടിയുണ്ടായിട്ടില്ലെന്നാണ് കുഞ്ഞാലിക്കുട്ടിയടക്കമുള്ള നേതാക്കള്‍ അവകാശപ്പെട്ടിരുന്നതെങ്കിലും സംഘടനാതലത്തിലും ശൈലിയിലും കാതലായ മാറ്റം അനിവാര്യമാണെന്നാണ് പാര്‍ട്ടിക്കുള്ളിലെ വിലയിരുത്തല്‍. കഴിഞ്ഞദിവസം ചേര്‍ന്ന ഉന്നതാധികാര സമിതി അക്കാര്യം തീരുമാനിച്ചിരുന്നെന്നാണ് റിപ്പോര്‍ട്ട്.
ലീഗില്‍ പുതിയ നേതൃനിരയും പ്രവര്‍ത്തന ശൈലിയും വരുമെന്ന് കുഞ്ഞാലിക്കുട്ടി കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പുതിയ തലമുറയുടെ വികാരം ഉള്‍ക്കൊണ്ട് ലീഗില്‍ അടിമുടിമാറ്റമുണ്ടാവും. നിയമസഭാകക്ഷി നേതൃസ്ഥാനം വഹിക്കുന്നതിനാല്‍ പുതിയ സംഘടനാ ചുമതലകളിലേക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
താങ്കള്‍ സംസ്ഥാന നേതൃത്വത്തിലേക്ക് തിരിച്ചുവരുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇനി ഒരിക്കലും സംഘടനാ ചുമതലകളിലേക്ക് വരില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇനി വേണ്ടത് പുതിയ നേതൃത്വമാണ്. പുതിയ കമ്മിറ്റി വരുമ്പോള്‍ ഇപ്പോഴുള്ള അഖിലേന്ത്യാ ദേശീയസെക്രട്ടറിസ്ഥാനം ഒഴിവാക്കിത്തരണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
‘കാലോചിതമായ മാറ്റങ്ങള്‍ക്കനുസരിച്ച് പുതിയ തലമുറയെക്കൂടി ഉള്‍ക്കൊണ്ട് ഊര്‍ജസ്വലമായി മുന്നോട്ടുപോകുക എന്നതാണ് തലമുറമാറ്റം കൊണ്ട് ഉദ്ദേശിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെയല്ല, പാര്‍ട്ടി തലത്തില്‍ തന്നെ പുതിയ ശൈലിയിലേക്ക് മാറുകയാണ് വേണ്ടതെന്ന് സംസ്ഥാന അധ്യക്ഷന്‍ തന്നെ പറഞ്ഞിട്ടുണ്ട്. അംഗത്വ ക്യാംപെയ്നിലേക്ക് പാര്‍ട്ടി കടക്കുകയാണ്’, കുഞ്ഞാലിക്കുട്ടി പറഞ്ഞതിങ്ങനെ.
സമയബന്ധിതമായി താഴേത്തട്ട് മുതല്‍ പുതിയ കമ്മിറ്റികള്‍ വരും. എല്‍ഡിഎഫ് അധികാരത്തിലെത്തിയെന്നു കരുതി ഇല്ലാതാകുന്ന പാര്‍ട്ടിയല്ല മുസ്ലിം ലീഗ്. പ്രവര്‍ത്തകര്‍ നിരാശരാകേണ്ടെന്നും കൂടുതല്‍ ശക്തിയോടെ തിരിച്ചുവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.