യൂറോ കപ്പിലെ ബി ഗ്രൂപ്പ് മത്സരത്തില്‍ ബെല്‍ജിയത്തോട് പൊരുതിത്തോറ്റ് ഡെന്മാര്ക്ക്. ആദ്യ പകുതിയില്‍ എതിരില്ലാത്ത ഒരു ഗോളിന് മുന്നിട്ട് നിന്ന ശേഷമാണ് ഡാനിഷ് ടീമിന്റെ തോല്‍വി. ലോക ഒന്നാം നമ്പര്‍ ടീമായ ബെല്‍ജിയം രണ്ട് ഓഫ് ടാര്‍ജറ്റ് ശ്രമവും നാല് ഓണ്‍ ടാര്‍ജറ്റ് ശ്രമവും നടത്തിയപ്പോള്‍ ഡെന്മാര്ക്ക് നടത്തിയത് 16 അറ്റംപ്റ്റുകള്‍. അതില്‍ അഞ്ചെണ്ണം ഓണ്‍ ടാര്‍ഗറ്റ്. കളി തീരുമ്പോഴത്തെ പന്തടക്കത്തിന്റെ കണക്കെടുത്താല്‍ ഡെന്മാര്ക്ക് 46 ശതമാനവും ബെല്‍ജിയം 56 ശതമാനവും. ഓരോ പൊസിഷനിലും പൊന്നും വിലയുള്ള ക്ലബ്ബ് താരങ്ങളെ രംഗത്തിറക്കിയ ബെല്‍ജിയം സ്കാന്ഡിനേവിയന് ടീമിനോട് നന്നേ വിയര്‍ത്തു.

കളി തുടങ്ങി രണ്ടാം മിനുട്ടിലാണ് ബെല്‍ജിയത്തെ ഞെട്ടിച്ച ഗോളെത്തിയത്. ബെല്‍ജിയന്‍ സെന്റര്‍ ബാക് ജേസന്‍ ഡെനയറുടെ അബദ്ധ പാസ് ബോക്സില്‍ നിന്ന യൂസഫ് പോള്‍സണ്‍ തട്ടിയെടുത്ത് പോസ്റ്റിന്റെ മൂലയിലേക്ക് പായിച്ചു. ഡെന്മാര്ക്ക് ലീഡ് ഇരട്ടിക്കാനുള്ള ശ്രമം തുടര്‍ന്നതോടെ ബെല്‍ജിയത്തിന് മിക്കപ്പോഴും പ്രതിരോധത്തിലേക്ക് വലിയേണ്ടി വന്നു.

രണ്ടാം പകുതിയില്‍ ബെല്‍ജിയന്‍ പരിശീലകന് റോബര്‍ട്ടോ മാര്‍ട്ടിനെസ് ഡ്രയസ് മെര്‍ട്ടന്‍സിനെ വലിച്ച് കെവിന് ഡെബ്രൂയ്നെയെ ഇറക്കിയതോടെയാണ് കളിയുടെ ഗതി മാറിയത്. രണ്ടാം പകുതിയില്‍ ലുക്കാക്കു നിറഞ്ഞു കളിച്ചു. 55-ാം മിനുട്ടില്‍ തോര്‍ഗന്‍ ഹസാര്‍ഡിന്റെ മനോഹരമായ സമനിലഗോളെത്തി. ഈഡന് ഹസാര്‍ഡ് കൂടിയിറങ്ങിയതോടെ ബെല്‍ജിയം ആക്രമണം കടുപ്പിച്ചു. 71-ാം മിനുട്ടില്‍ കെവിന് ഡിബ്രൂയ്നെയുടെ ഗോളിലൂടെ ബെല്‍ജിയം മുന്നില്‍ കടന്നു. അവസരം കിട്ടിയപ്പോഴൊക്കെ ഡെന്മാര്ക്ക് തിരിച്ചടിയ്ക്ക് ശ്രമം തുടര്‍ന്നെങ്കിലും ലക്ഷ്യം കണ്ടില്ല. 87-ാം മനിട്ടില്‍ മാര്ട്ടിന് ബ്രാത്ത് വെയ്റ്റിന്റെ ഹെഡ്ഡര്‍ ക്രോസ്ബാറില്‍ തട്ടിത്തെറിച്ചു.

ഇരുപതിലേറെ ഗോള്‍ ശ്രമങ്ങള്‍ നടത്തിയിട്ടും ഡെന്മാര്ക്ക് തോല്‍ക്കുന്ന രണ്ടാം മത്സരമാണിത്. ആദ്യപകുതിയിലെ ഗംഭീര പ്രകടനത്തിന്റെ പേരിലാകും കുറച്ചുനാളത്തേക്ക് ഡെന്മാര്ക്കിനെ ഇന്നത്തെ കളി കണ്ടവര്‍ ഓര്‍ക്കുക. രണ്ട് കളി തോറ്റെങ്കിലും ഡാനിഷ് ടീമിന്റെ യൂറോ പ്രതീക്ഷകള്‍ പൂര്‍ണമായും അസ്തമിച്ചിട്ടില്ല. റഷ്യയുമായുള്ള അവസാന ഗ്രൂപ്പ് മത്സരത്തില്‍ ജയിച്ചാല്‍ നേരിയ സാധ്യത ഡെന്മാര്ക്കിന് അവശേഷിക്കുന്നുണ്ട്. ബെല്‍ജിയത്തിന്റെ രണ്ടാം ജയമാണിത്. ടൂര്‍ണമെന്റില്‍ ഇതുവരെ നടന്ന മത്സരങ്ങളില്‍ ആദ്യമായാണ് പിന്നിട്ട് നിന്ന ശേഷം ഒരു ടീം രണ്ട് ഗോള്‍ തിരിച്ചടിച്ച് ജയിക്കുന്നത്.