യൂറോകപ്പിലെ പോര്‍ച്ചുഗല്‍-ഹംഗറി മത്സരം നടന്ന ബുഡാപെസ്റ്റിലെ ഫെറങ്ക് പുഷ്കാസ് അറീനയില്‍ മുഴങ്ങിയത് അതിജീവനത്തിന്റെ ആരവം. കൊവിഡ് മഹാമാരി ലോകത്തെ ഒരു വര്‍ഷത്തിലധികം പൂട്ടിയിട്ടതിന് ശേഷം ആദ്യമായാണ് ഒരു നിറഞ്ഞ സ്റ്റേഡിയത്തില്‍ ഫുട്ബോള്‍ മത്സരം നടക്കുന്നത്. മാസങ്ങള്‍ക്ക് ശേഷം ഫുട്ബോള്‍ അതിന്റെ പൂര്‍ണമായ ആര്‍പ്പുവിളികളോടെ തിരിച്ചുവന്നത് ലോകമെമ്പാടുമുള്ള ഫുട്ബോള്‍ പ്രേമികള്‍ കാണുകയും കേള്‍ക്കുകയും ചെയ്തു.
ഹംഗേറിയന്‍ ആരാധകരും പോര്‍ച്ചുഗീസ് കാണികളും തങ്ങളുടെ ടീമിനെ പ്രോത്സാഹിപ്പിക്കാന്‍ മത്സരിച്ചുകൊണ്ടിരുന്നു. ഇരുരാജ്യങ്ങളുടേയും ദേശീയഗാനങ്ങള്‍ ആലപിക്കുന്നതിനൊപ്പം തുടങ്ങിയ ആരവങ്ങള്‍ കളിയിലുടനീളം തുടര്‍ന്നു. ഹംഗേറിയന്‍ കാണികളുടെ വൈക്കിങ്ങ് തണ്ടര്‍ ക്ലാപ്പ് പുഷ്കാസ് അറീനയില്‍ മുഴങ്ങി. ക്രിസ്റ്റ്യാനോയുടെ കൈയില്‍ പന്ത് കിട്ടുമ്പോള്‍ പോര്‍ച്ചുഗീസുകാര്‍ ആര്‍ത്തുവിളിക്കുന്നത് കേള്‍ക്കാമായിരുന്നു.
67,215ഓളം പേര്‍ക്കിരിക്കാവുന്ന പുഷ്കാസ് അറീനയില്‍ 100 ശതമാനം പ്രവേശനം നല്കാന് ഹംഗേറിയന്‍ ഭരണകൂടം തീരുമാനിക്കുകയായിരുന്നു. 255 കൊവിഡ് കേസുകള്‍ മാത്രമാണ് കഴിഞ്ഞ ദിവസം ഹംഗറിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 137 ആണ് ഏറ്റവും ഒടുവിലെ ഏഴ് ദിന ശരാശരി. കഴിഞ്ഞ ദിവസത്തെ പ്രതിദിന മരണസംഖ്യ 21ഉം. ഇതുവരെ 8.07 ലക്ഷം കേസുകളാണ് ഹംഗറിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 7.31 ലക്ഷം പേരും കൊറോണ വൈറസ് ബാധയെ അതിജീവിച്ചു. 29,925 പേര്‍ക്ക് പകര്‍ച്ചവ്യാധിയില്‍ ജീവന് നഷ്ടമായി.
Also Read: ക്രിസ്റ്റിയാനോ റൊണാള്‍ഡോ: ഒറ്റ മത്സരം, രണ്ട് ഗോള്‍, അഞ്ച് റെക്കോഡ്
മരണഗ്രൂപ്പിലെ നിര്‍ണായക മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിനാണ് നിലവിലെ ചാംപ്യന്മാരായ പോര്‍ച്ചുഗല്‍ ആതിഥേയരായ ഹംഗറിയെ പരാജയപ്പെടുത്തിയത്. ബുഡാപെസ്റ്റിലെ ഫെറങ്ക് പുഷ്കാസ് അരീനയില്‍ ഹംഗറി പുറത്തെടുത്ത കടുത്ത പ്രതിരോധം കളി ഗോള്‍ രഹിത സമനിലയിലെത്തിക്കുമെന്ന് തോന്നിച്ചു. പക്ഷെ, അവസാന പത്ത് മിനുറ്റില്‍ റോണോയും സംഘവും പൂട്ട് പൊളിച്ചു.
83-ാം മിനുറ്റില്‍ പോര്‍ച്ചുഗലിന്റെ ലെഫ്റ്റ് ഫുള്‍ ബാക്ക് റാഫേല്‍ ഗുരേറോയാണ് ഹംഗേറിയന്‍ ബോക്സില്‍ പ്രവേശിച്ച് ലീഡ് നേടിയത്. പകരക്കാരനായിറങ്ങിയ റെനറ്റോ സാഞ്ചസിന്റെ മുന്നേറ്റം പെനാല്‍റ്റിയായി (87′). റൊണാള്‍ഡോയുടെ കിക്ക് അനായാസേന ലക്ഷ്യം കണ്ടു. അധികസമയത്തെ രണ്ടാം മിനുറ്റില്‍ ക്രിസ്റ്റിയാനോയുടെ രണ്ടാം ഗോളെത്തി. 2018 റഷ്യന്‍ വേള്‍ഡ് കപ്പില്‍ സോച്ചി സ്റ്റേഡിയത്തില്‍ സ്പെയിനെതിരെ നേടിയ ഹാട്രിക്കിന്റെ മൂന്നാം വാര്‍ഷികത്തില്‍ പറങ്കിക്കപ്പിത്താന് ഇരട്ടഗോള്‍ നേട്ടം.
മൂന്ന് ഗോളിന്റെ മാര്‍ജിനില്‍ തോറ്റെങ്കിലും എളുപ്പം കീഴടങ്ങുന്നവരല്ല തങ്ങള്‍ എന്ന സൂചന ഹംഗറി ഫ്രാന്‍സിനും ജര്‍മനിക്കും നല്‍കിയിട്ടുണ്ട്. ക്ലബ്ബ് ഫുട്ബോളിലെ ഗ്ലാമര്‍ താരങ്ങളും 69 ശതമാനം പന്തടക്കവുമായി പോര്‍ച്ചുഗല്‍ തുടരെ ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും ഹംഗേറിയന്‍ പ്രതിരോധനിര ലക്ഷ്യം കാണാന്‍ അനുവദിച്ചിരുന്നില്ല. ഉയരക്കാരായ ഡിഫന്‍ഡര്‍മാര്‍ ബോക്സില്‍ നിലയുറപ്പിച്ചതോടെ ഹൈ ബോളുകള്‍ അവസരമാക്കാന്‍ റൊണാള്‍ഡോയടങ്ങുന്ന മുന്നേറ്റനിര വിഷമിച്ചു. ഹംഗേറിയന്‍ സെന്റര്‍ ബാക് വില്ലി ഓര്‍ബനും സംഘത്തിനുമിടയില്‍ ആദ്യപകുതിയില്‍ പന്ത് കിട്ടാതെ റൊണാള്‍ഡോ അലഞ്ഞു. ഒരു ഓപ്പണ്‍ പോസ്റ്റുള്‍പ്പെടെ ഫസ്റ്റ് ഹാഫിലെ രണ്ട് ചാന്സുകള് ഗോളാക്കാന്‍ റോണോയ്ക്ക് കഴിയാതിരുന്നത് പോര്‍ച്ചുഗീസ് ആരാധകരുടെ പ്രതീക്ഷയ്ക്ക് മങ്ങലേല്പിച്ചു തുടങ്ങിയിരുന്നു. ആദ്യപകുതിയില്‍ ഒന്നോ രണ്ടോ മിന്നലാക്രമണം നടത്തിയ ഹംഗറി രണ്ടാം പകുതിയില്‍ കളി വരുതിയിലാക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കി.
പോര്‍ച്ചുഗീസ് പരിശീലകന് ഫെര്‍ണാണ്ടോ സാന്റോസ് അവസാന പാദത്തില്‍ നടത്തിയ സബ്സ്റ്റിറ്റിയൂട്ടുകളാണ് കളിയുടെ ഗതി മാറ്റിയത്. മരണഗ്രൂപ്പ് മത്സരത്തില്‍ മൂന്ന് പോയിന്റ് നേടിയ ആത്മവിശ്വാസത്തോടെ പോര്‍ച്ചുഗല്‍ ഫ്രാന്‍സിനേയും ജര്‍മനിയേയും നേരിടും.