മരണഗ്രൂപ്പ് ഫൈനലില്‍ ജയം ഫ്രാന്‍സിന്; ജര്‍മനിയുടെ തോല്‍വി ഹമ്മല്‍സിന്റെ സെല്‍ഫ് ഗോളില്‍

മരണഗ്രൂപ്പിലെ വമ്പന്‍മാരുടെ പോരാട്ടത്തില്‍ ജയം ഫ്രാന്‍സിനൊപ്പം. ജര്‍മനിയെ എതിരില്ലാത്ത ഒരു ഗോളിനാണ് ലോകചാംപ്യന്‍മാര്‍ പരാജയപ്പെടുത്തിയത്. കിരീടത്തിന് ഏറ്റവും സാധ്യത കല്‍പിക്കപ്പെടുന്ന ടീമുകള്‍ തമ്മിലുണ്ടായ പോരാട്ടത്തില്‍ 12 ഗോള്‍ ശ്രമങ്ങള്‍ മാത്രമാണ് നടന്നത്. ഇതില്‍ ഒമ്പത് ഷോട്ടുകളും ജര്‍മനിയുടെ വകയായിരുന്നു. ഷോട്ട് ഓണ്‍ ടാര്‍ജറ്റ് ഓരോന്നുവീതവും. ഫ്രാന്‍സ് 38 ശതമാനം പന്തടക്കം നേടിയപ്പോള്‍ 62 ശതമാനവുമായി ആധിപത്യം നിലനിര്‍ത്തിയത് ജര്‍മനിയാണ്. ഹമ്മല്‍സിനുണ്ടായ ശ്രദ്ധക്കുറവിന്റെ രൂപത്തില്‍ ജര്‍മനിക്ക് മേല്‍ വന്ന നിര്‍ഭാഗ്യം പന്തടക്കത്തിന്റെ കണക്കും ഷോട്ടുകളുടെ എണ്ണവും നിഷ്പ്രഭമാക്കി.

20-ാം മിനുട്ടില്‍ ജര്‍മന്‍ ഡിഫന്‍ഡര്‍ക്ക് പറ്റിയ അബദ്ധം സെല്‍ഫ്‌ഗോളായി മാറുകയായിരുന്നു. പോഗ്ബ തന്ന ക്രോസ് ഗോള്‍മുഖത്ത് നിന്ന എംബപ്പെയ്ക്ക് കൈമാറാന്‍ ലൂക്കാസ് ഹെര്‍ണാണ്ടസിന്റെ നീക്കം, എംബപ്പെയുടെ ഷോട്ട് തടയാന്‍ ശ്രമിച്ച ഹമ്മല്‍സിന്റെ ബൂട്ടില്‍ നിന്ന് പന്ത് ഒരു ടാപ് ഇന്‍ പോലെ നൂയറുടെ വിരലുകള്‍ക്ക് മുകളിലൂടെ വലയിലേക്ക്. സെല്‍ഫ്‌ഗോള്‍..സമനില പിടിക്കാനുള്ള ജര്‍മനിയുടെ ശ്രമങ്ങള്‍ ഫ്രാന്‍സ് കൂട്ടായി പ്രതിരോധിച്ചു. ആക്രമിക്കാനും പ്രതിരോധിക്കാനും ഒരുപോലെ കയറിയും ഇറങ്ങിയും കളിച്ചാണ് ഫ്രെഞ്ച് മധ്യനിര ജര്‍മന്‍ നീക്കങ്ങളെ ചെറുത്തത്. പോഗ്ബയും എന്‍ഗോളോ കാന്റെയും അഡ്രിയാന്‍ റാബിയോട്ടുമാണ് ഫ്രഞ്ച് ക്യാംപില്‍ നിന്ന് ഏറ്റവും മികച്ച പ്രകടനം കാഴ്ച്ചവെച്ചത്. റാബിയോട്ട്, ഹവേര്‍ട്‌സിനെ മാര്‍ക് ചെയ്ത് പിടിച്ചത് ഫ്രെഞ്ച് ജയത്തില്‍ നിര്‍ണായകമായി.

https://twitter.com/StatmanDave/status/1404909577569701894/photo/1

രണ്ടാം പകുതിയുടെ തുടക്കത്തില്‍ ആക്രമണം ജര്‍മനി ആക്രമണം കടുപ്പിച്ചെങ്കിലും ലക്ഷ്യം അകന്നുനിന്നു. നാര്‍ബിയുടെ വോളി ലോറിസിന്റെ തലയ്ക്ക് മീതെ പറന്ന് വലയ്ക്ക് മുകളില്‍ വീണു. 85-ാം മിനുട്ടില്‍ പോഗ്ബയും എംബപ്പെയും കരീം ബെന്‍സേമയും ചേര്‍ന്ന നടത്തിയ മുന്നേറ്റം വലകുലുക്കിയെങ്കിലും വാര്‍ചെക്കില്‍ ഓഫ്‌സൈഡായി. 74-ാം മിനുട്ടിലാണ് തിമോ വേര്‍ണറും ലെറോയ് സെയ്‌നും പകരക്കാരായി ഇറങ്ങുന്നത്. ജൊവാക്കിം ലവ് ഈ തീരുമാനങ്ങള്‍ കുറച്ച് നേരത്തെ ആക്കിയിരുന്നെങ്കില്‍ ഒരു പക്ഷെ ഫലം മറ്റൊന്നായേനെ. ഹംഗറിയെ തോല്‍പിച്ച പോര്‍ച്ചുഗലും ഫ്രാന്‍സുമാണ് മരണഗ്രൂപ്പില്‍ മൂന്ന് പോയിന്റുമായി ഒന്നാമത്. ഹംഗറിയ്ക്കും പോര്‍ച്ചുഗലിനുമെതിരെയുള്ള മത്സരങ്ങള്‍ ജര്‍മനിക്ക് ജയിച്ചേ തീരൂ.