ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ കഴിഞ്ഞ് നോക്കൗട്ട് റൗണ്ടിലേക്ക് പ്രവേശിച്ചിരിക്കുകയാണ് യൂറോ കപ്പ്. അപ്രതീക്ഷിത പ്രകടനങ്ങളുമായി പല ടീമുകളും ഞെട്ടിച്ചതോടെ ഏകപക്ഷീയമായ മാച്ചുകള്‍ കുറഞ്ഞു. ആവേശകരമായ നിരവധി മത്സരങ്ങള്‍ ഗ്രൂപ്പ് സ്റ്റേജില്‍ തന്നെ കാണാനായതിന്റെ സന്തോഷത്തിലാണ് ഫുട്ബോള്‍ ആരാധകര്‍.
മികച്ച വ്യക്തിഗത പ്രകടനങ്ങള്‍ക്കും ആദ്യ റൗണ്ട് സാക്ഷ്യം വഹിച്ചു. ലോകോത്തര ബ്രാന്‍ഡഡ് താരങ്ങള്‍ പലരും പ്രതീക്ഷിക്കൊത്ത് ഉയര്‍ന്നു. എന്നാല്‍ ചില പുതിയ പേരുകള്‍ കൂടി ഈ യൂറോയില്‍ ഉച്ചത്തില്‍ മുഴങ്ങിക്കേട്ടുതുടങ്ങിയിട്ടുണ്ട്. ഹു സ്കോര്‍ഡ്.കോം എന്ന വെബ്സൈറ്റിന്റെ റേറ്റിങ്ങുകള്‍ പ്രകാരം യൂറോ ആദ്യ റൗണ്ടിലെ ഏറ്റവും മികച്ച അഞ്ച് കളിക്കാര്‍ ഇവരാണ്.
5, മെംഫിസ് ഡീപ്പെ (ഹോളണ്ട്) – 7.84
ബാഴ്സലോണയുടെ പുതിയ സൈനിങ്ങ് യൂറോയില്‍ കാഴ്ച്ചവെയ്ക്കുന്ന പ്രകടനം ക്ലബ്ബ് ആരാധകര്‍ക്ക് നല്കുന്ന ആത്മവിശ്വാസം ചെറുതല്ല. ലിയോണിന്റെ പ്രധാന കളിക്കാരനെ ഫ്രീ ട്രാന്‍സ്ഫറില്‍ കിട്ടിയതോടെ വലിയ സന്തോഷത്തിലാണ് നൂകാംപ്. മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ പ്രതിഭ തെളിയിക്കാനാകാതെ പോയ ഡീപ്പെ പക്വതയാര്‍ന്ന ഒരു ലോകോത്തര അറ്റാക്കറുടെ ലക്ഷണങ്ങളാണ് കാണിക്കുന്നത്. ഗോള്‍ നേടുന്നതിനൊപ്പം അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും താന്‍ മിടുക്കനാണെന്ന് 27കാരന് തെളിയിക്കുന്നു.

യൂറോയില്‍ വൂട്ട് വെഗോഴ്സ്റ്റിനൊപ്പം ഡീപ്പേയെ നിയോഗിച്ച് പരിശീലകന് ഫ്രാങ്ക് ഡെ ബോവര്‍ നടത്തിയ അറ്റാക്കിങ്ങ് പരീക്ഷണം നല്ല ഫലമുണ്ടാക്കുന്നുണ്ട്. മൂന്ന് കളിയില്‍ നിന്ന് രണ്ട് ഗോളും ഒരു അസിസ്റ്റുമാണ് നെതര്‍ലന്‍ഡ്സ് നമ്പര്‍ 10ന്റെ സമ്പാദ്യം.
4, മാനുവല്‍ ലോക്കാട്ടെല്ലി (ഇറ്റലി) – 7.86
കെട്ടുറപ്പോടെ കളിക്കുന്ന ടീമുകള്ക്കിടയിലാണ് ഇത്തവണ ഇറ്റലിയുടെ സ്ഥാനം. മിഡ്ഫീല്‍ഡില്‍ നിക്കോളോ ബാറെല്ല, ജോര്‍ജീഞ്ഞോ, മാനുവല്‍ ലോക്കാട്ടെല്ലി എന്നിവരുടെ പ്രകടനമാണ് അസൂറികളുടെ കുതിപ്പിന് കാരണം. പാസിങ്ങ്, ഡ്രിബ്ലിങ്ങ് ഒപ്പം പ്രതിരോധത്തിലെ മികവും കൂടി ചേര്‍ന്ന ലോക്കാട്ടെല്ലിയുടെ കളിയില്‍ ആകൃഷ്ടനായാണ് റോബര്‍ട്ടോ മാന്‍ചീനി ലോക്കോട്ടെല്ലിയെ ഉത്തരവാദിത്തമേല്‍പിച്ചത്.

കഴിഞ്ഞ സീരി എ സീസണില്‍ സാസുവോളോയ്ക്ക് വേണ്ടി കളിച്ച ഫോമില്‍ നിന്ന് മുന്നോട്ടാണ് ലോക്കാട്ടെല്ലി. സ്വിറ്റ്സര്‍ലന്‍ഡുമായുള്ള മത്സരത്തില്‍ ഇറ്റാലിയന്‍ അഞ്ചാം നമ്പര്‍ ഇരട്ടഗോള്‍ നേടി. 23കാരനായ ലോക്കാട്ടെല്ലി അധികനാള്‍ സാസുവോളയില് തുടരാന്‍ ഇടയില്ല. യുവന്റസ് സാസുവോളയുമായി ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു. മാഞ്ചസ്റ്റര്‍ സിറ്റിയും ആഴ്സണലും റയല്‍ മാഡ്രിഡും ഇറ്റാലിയന്‍ മിഡ്ഫീല്‍ഡര്‍ക്ക് പിന്നാലെയുണ്ട്.
3, ഫ്രെങ്കി ഡി യോങ് (ഹോളണ്ട്) – 7.87
ഡച്ച് പരിശീലകന് ഫ്രാങ്ക് ഡി ബോവറുടെ കണക്കുകൂട്ടലുകള്‍ ഇതുവരെ പിഴച്ചില്ല എന്നതിന്റെ മറ്റൊരു ഉദാഹരണമാണ് ഡി യോങ്. 2018-19 സീസണില്‍ അയാക്സിന് വേണ്ടി നടത്തിയ മിഡ്ഫീല്‍ഡ് പ്രകടനത്തോടെ ഫുട്ബോള്‍ ലോകത്തെ വന്‍ പ്രതീക്ഷയായി മാറിയ കളിക്കാരന്. വമ്പന്തുകയ്ക്ക് ബാഴ്സയിലേക്ക് ട്രാന്‍സ്ഫറായ ഫ്രെങ്കി പ്രതീക്ഷകള്‍ കാത്തു. യൂറോ ടൂര്‍ണമെന്റിലും സ്ഥിരതയാര്‍ന്ന കളി തുടരുന്നു. ഡ്രിബ്ലിങ്ങിലേയും പാസിങ്ങിലേയും സാങ്കേതികത്തികവാണ് ഡി യോങ്ങിന്റെ മെയിന്‍. ഗ്രൂപ്പ് ഘട്ടത്തില്‍ കണ്ട ഏറ്റവും മികച്ച രണ്ട് മിഡ്ഫീല്‍ഡര്‍മാരിലൊരാളാണ് ഈ 24കാരന് എന്ന് നിസ്സംശയം പറയാം.

2, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (പോര്‍ച്ചുഗല്‍) – 8.06
എക്കാലത്തേയും ഏറ്റവും മികച്ച കളിക്കാരന് എന്ന വിശേഷണമുള്ള ക്രിസ്റ്റിയാനോയാണ് ഈ ടൂര്‍ണമെന്റിലെ ടോപ് സ്കോറര്‍. ഫ്രാന്‍സ്, ജര്‍മനി, ഹംഗറി എന്നിവരടങ്ങുന്ന മരണഗ്രൂപ്പിലായിരുന്നു പോര്‍ച്ചുഗലിന്റെ സ്ഥാനം. എല്ലാ മത്സരങ്ങളിലും സ്റ്റാര്‍ട്ടിങ്ങ് ഇലവനില്‍ തന്നെ 36കാരന് ഇറങ്ങി. ഹംഗറിക്കും ഫ്രാന്‍സിനുമെതിരെ ഇരട്ട ഗോളും ജര്‍മനിക്കെതിരെ ഒരു അസിസ്റ്റും. ക്യാപ്റ്റന്റെ അഞ്ച് ഗോള്‍ നേട്ടങ്ങളില്‍ മൂന്നെണ്ണം പെനാല്‍റ്റിയാണ്.

മുന്‍പത്തേപ്പോലെ തുടര്‍ച്ചയായി ആക്രമിച്ച് കളിക്കാനാകുന്നില്ലെങ്കിലും ബോക്സിന് മുന്നില്‍ പന്ത് കിട്ടിയാല്‍ റൊണാള്‍ഡോ പഴയ റൊണാള്‍ഡോ തന്നെ. അര്‍ധാവസരങ്ങള്‍ ഗോളാക്കിയും കൃത്യമായ സമയത്ത് പന്തില്‍ തലയും കാലും എത്തിച്ചും സിആര്‍7 പോര്‍ച്ചുഗലിന്റെ ഏറ്റവും മികച്ച താരമായി തുടരുന്നു. സ്വന്തം ബോക്സിന് മുന്നില്‍ നിന്ന് കുതിച്ച് 14.2 സെക്കന്റില്‍ 92 മീറ്റര്‍ ഓടിയെത്തി ജര്‍മനിയുടെ പോസ്റ്റില്‍ ഗോളിട്ടത് സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരുന്നു.

പ്രതിഭാധാരാളിത്തമുണ്ടായിട്ടും പോര്‍ച്ചുഗലിനെ ഫുള്‍ ഓണാക്കാന്‍ ഫെര്‍ണാണ്ടോ സാന്റോസിന് കഴിഞ്ഞിട്ടില്ല. നോക്കൗട്ടില്‍ ബെല്‍ജിയത്തിനെതിരെ റൊണാള്‍ഡോ പുറത്തെടുക്കുന്ന കളിയും നേതൃപരമായ ആത്മവിശ്വാസവും നിലവിലെ ചാംപ്യന്മാരുടെ ഭാവിയില്‍ നിര്‍ണായകമാണ്.
1, കെവിന് ഡെബ്രൂയ്നെ, (ബെല്‍ജിയം) 8.84
ലോകത്ത് ഇന്ന് കളത്തിലുള്ള ഏറ്റവും മികച്ച കളിക്കാരില്‍ ഒരാളാണ് ബെല്‍ജിയത്തിന്റെ ഏഴാം നമ്പര്‍. പരുക്ക് മൂലം റഷ്യക്കെതിരായ ആദ്യ ഗ്രൂപ്പ് മത്സരത്തില്‍ കളിക്കാന്‍ ഡിബ്രൂയ്നെയ്ക്ക് കഴിഞ്ഞിരുന്നില്ല. ഡെന്മാര്ക്കിനെതിരായ രണ്ടാം മത്സരത്തില്‍ പകരക്കാനായുള്ള കെവിന്റെ ഇറക്കം കളി കണ്ടവരാരും മറക്കാനിടയില്ല. ആദ്യം പകുതിയില്‍ കളം വാണ ഡാനിഷ് ടീമില്‍ നിന്ന് ഗെയിം തിരിച്ചുപിടിച്ചത് ഡിബ്രൂയ്നെയാണ്. നിറഞ്ഞുകളിച്ച് കളിയുടെ ഗതിമാറ്റിയ സിറ്റി മിഡ്ഫീല്‍ഡര്‍ ഒരു ഗോളും ഒരു അസിസ്റ്റും അക്കൗണ്ടില്‍ കുറിച്ചു.

ക്രിയേറ്റീവിറ്റിയാണ് ഡിബ്രൂയ്നെയുടെ മെയിന്‍. ഏത് ഡിഫന്‍സിനേയും കീറിമുറിക്കുന്ന ത്രൂബോള്‍, അളന്നുമുറിച്ച ഒരു ലോങ്ങ് ബോളോ ക്രോസോ അല്ലെങ്കില്‍ ബോക്സിന് പുറത്ത് നിന്ന് ഒരു അപ്രതീക്ഷിത ലോങ് റേഞ്ചര്‍. കെഡിബി എപ്പോഴും അപകടകാരിയാണ്. ഹസാഡും ലുക്കാക്കുവും കൂടി അതിനോട് ഒത്തുകളിക്കുമ്പോള്‍ യൂറോ കപ്പ് ജേതാക്കളാകാനുള്ള എല്ലാ സാധ്യതയും റോബര്‍ട്ടോ മാര്‍ട്ടിനെസിന്റെ ടീമിനുണ്ട്.
