ഇടുക്കി അണക്കെട്ടും ചെറുതോണി ഷട്ടറും… കണ്‍ഫ്യൂഷന്‍ വേണ്ട, അറിയേണ്ടതെല്ലാം

സംസ്ഥാനത്ത് ഒരാഴ്ചയായി തുടരുന്ന മഴ മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തില്‍ ഇടുക്കി ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ 35 സെന്റീമീറ്റര്‍ വീതം തുറന്നുവിടുകയാണ്. 2018ലെ മഹാപ്രളത്തിന് ശേഷം ആദ്യമായാണ് ഷട്ടറുകള്‍ ഉയര്‍ത്തുന്നത്.

ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ കീഴില്‍ മൂന്ന് അണക്കെട്ടുകളാണുള്ളത്. ഇടുക്കി ആര്‍ച്ച് ഡാം, ചെറുതോണി, കുളമാവ്. ഇതില്‍ ഇടുക്കി ആര്‍ച്ച് ഡാം, കുളമാവ് എന്നിവയ്ക്ക് ഷട്ടറുകളില്ല. ചെറുതോണി അണക്കെട്ടിന് മാത്രമാണ് ഷട്ടറുകളുള്ളത്- അഞ്ച് എണ്ണം. ഇവയില്‍ രണ്ട്, മൂന്ന്, നാല് ഷട്ടറുകളാണ് ഉയര്‍ത്തുന്നത്.

ഇടുക്കി ജലവൈദ്യുത പദ്ധതിയും ഡാമുകളും

കുറവന്‍മലയെയും കുറത്തിമലയെയും ബന്ധിപ്പിച്ച് പെരിയാറിന് കുറുകെ നിര്‍മ്മിച്ചിരിക്കുന്നതാണ് ഇടുക്കി ആര്‍ച്ച് ഡാം. കമാനാകൃതിയില്‍ നിര്‍മ്മിച്ചിട്ടുള്ള അണക്കെട്ടിന്റെ ഉയരം 168.9 മീറ്ററാണ്. പെരിയാറില്‍ സംഭരിക്കുന്ന വെള്ളം ചെറുതോണിയിലൂടെ ഒഴുകിപ്പോകുന്നത് തടയാനാണ് ചെറുതോണിയില്‍ അണക്കെട്ട് നിര്‍മ്മിച്ചത്. സമീപത്തുള്ള കിളിവള്ളിത്തോട്ടിലൂടെയുള്ള ജലനഷ്ടം ഒഴിവാക്കാന്‍ കുളമാവിലും.

ഇത്തരത്തില്‍ മൂന്ന് അണക്കെട്ടുകളും ചേര്‍ന്ന് 60 കിലോമീറ്റര്‍ ചുറ്റളവിലാണ് ഇടുക്കി ജലസംഭരണ പദ്ധതി. ഇവ മൂന്നിലുമുള്ള ജലവിഹിതം ഉയരുമ്പോള്‍ ചെറുതോണി അണക്കെട്ട് വഴി ജലം പുറത്തേക്കൊഴുക്കും. സമുദ്രനിരപ്പില്‍നിന്നും 2403 അടി ഉയരത്തിലെത്തുമ്പോഴാണ് ഇടുക്കി ഡാം അനുവദനീയമായ പൂര്‍ണ സംഭരണ ശേഷിയിലെത്തിയതായി കണക്കാക്കുന്നത്.

ചരിത്രം

1932ല്‍ മലങ്കര എസ്റ്റേറ്റിലെ ഡബ്ല്യു.ജെ ജോണ്‍ എന്ന സൂപ്രണ്ട് നായാട്ടിനിറങ്ങുകയും ആ കാഴ്ചകള്‍ക്കിടയിലെ സ്‌ട്രൈക്കിങ് പോയിന്റില്‍ നിന്ന് ഇടുക്കി അണക്കെട്ട് എന്ന ആശയം ഉണ്ടായി എന്നുമാണ് ചരിത്രം. പെരിയാറിന്റെ ഇരുകരകളിലുമായി തലയെടുപ്പോടെ നില്‍ക്കുന്ന കുറവന്‍ മലയെയും കുറത്തി മലയെയും ജോണിന് കാണിച്ച് കൊടുത്തതാകട്ടെ, നായാട്ടിന് കൂട്ടിനുണ്ടായിരുന്ന കൊലുമ്പന്‍ എന്ന ആദിവാസി മൂപ്പനും. ഇരുമലകള്‍ക്കുമിടയില്‍ ഒരു അണക്കെട്ട് എന്ന ആശയത്തോടെയാണ് ജോണ്‍ നായാട്ട് അവസാനിപ്പിച്ച് മലയിറങ്ങിയത്.

തുടര്‍ന്ന് ഈ സാധ്യതകളക്കുറിച്ച് എഞ്ചിനീയറായ സഹോദരന്റെ സഹായത്തോടെ പഠനം നടത്തിയ ജോണ്‍ തിരുവതാംകൂര്‍ സര്‍ക്കാരിന് ഒരു വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എന്നാല്‍, അണക്കെട്ട് എന്ന ആശയത്തിന് പെട്ടെന്ന് അനുമതി ലഭിച്ചില്ല. തുടര്‍ന്ന് നടത്തിയ ആലോചനകള്‍ക്കൊടുവില്‍ 1961- അണക്കെട്ടിന്റെ രൂപകല്‍പന തയ്യാറാക്കുകയും 1963-ല്‍ കേന്ദ്ര ആസൂത്രണ കമ്മീഷന്റെ അംഗീകാരം ലഭിക്കുകയും 1967-ല്‍ അണക്കെട്ടിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു.

സംസ്ഥാന വൈദ്യുതി ബോര്‍ഡിനായിരുന്നു നിര്‍മ്മാണ ചുമതല. ഭൂകമ്പത്തെ പ്രതിരോധിക്കാനുതകുന്ന വിധം കമാനാകൃതിയിലാണ് അണക്കെട്ടിന്റെ നിര്‍മ്മാണം.

ഷട്ടറുകള്‍ തുറക്കുന്നത് ഇത് നാലാം തവണ

2018ലെ മഹാപ്രളത്തിന് ശേഷം ഇതാദ്യമായാണ് ഇടുക്കി ഡാമിന്റെ ഷട്ടറുകള്‍ വീണ്ടും തുറക്കുന്നത്. മൂന്ന് ഷട്ടറുകള്‍ തുറക്കുന്നുണ്ടെങ്കിലും 2018മായി താരതമ്യം ചെയ്യുമ്പോള്‍ അന്നത്തേതിനേക്കാള്‍ പത്തിലൊന്ന് വെള്ളം മാത്രമാണ് ഇത്തവണ പുറന്തള്ളുന്നത്.

1981 ഒക്ടോബര്‍ 29നായിരുന്നു നിര്‍മ്മാണ ശേഷം ഡാമിന്റെ ഷട്ടര്‍ ആദ്യമായി ഉയര്‍ത്തിയത്. അന്ന് 11 ദിവസം ഷട്ടറുകള്‍ ഉയര്‍ത്തിവെച്ച് വെള്ളം പുറത്തേക്കൊഴുക്കി. പിന്നീട് 1992-ലാണ് ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തേണ്ട സാഹചര്യമുണ്ടായത്. 13 ദിവസങ്ങളിലായി 2774.734 മെട്രിക് വെള്ളം അന്ന് പുറന്തള്ളി. പിന്നീട് 26 വര്‍ഷങ്ങള്‍ക്ക് ശേഷം 2018ല്‍ അണക്കെട്ട് തുറക്കേണ്ടി വന്നു. അഞ്ച് ഷട്ടറുകളും ഉയര്‍ത്തിയായിരുന്നു 2018ല്‍ വെള്ളം പുറത്തേക്കൊഴുക്കിയത്.