മദ്യം ഹോംഡെലിവറിയില്ല, ബുക്കിങ് തന്നെ; ഫയല്‍ മടക്കി ബെവ്‌കോ, തിരിച്ചെത്തുമോ ബെവ്ക്യൂ?

തിരുവനന്തപുരം: കൊവിഡ് ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ മദ്യം ഹോം ഡെലിവറിയായി വീടുകളിലെത്തിക്കണമെന്ന നിര്‍ദ്ദേശം തള്ളി സര്‍ക്കാര്‍. മദ്യം തല്‍ക്കാലം ഹോംഡെലിവറിയായി എത്തിക്കില്ല. ഇക്കാര്യത്തില്‍ നയപരമായ തീരുമാനം വേണമെന്ന് എക്‌സൈസ് മന്ത്രി എംവി ഗോവിന്ദന്‍ അറിയിച്ചു.

ഇതോടെ ഹോംഡെലിവറി തല്‍ക്കാലം വേണ്ടെന്ന നിലപാടിലേക്ക് ബെവ്‌കോയും എത്തിയെന്നാണ് വിവരം. മദ്യവില്‍പനയ്ക്ക് ബുക്കിങ് സംവിധാനം തന്നെ തുടരാനാണ് നിലവിലത്തെ ആലോചന. ഇക്കാര്യം മന്ത്രി ബെവ്‌കോ എംഡിയുമായി ചര്‍ച്ച നടത്തി. ബുക്കിങിനായി ബെവ്ക്യൂ ആപ്പ് തിരികെ കൊണ്ടുവരണോ അതോ മറ്റ് സംവിധാനങ്ങള്‍ ആലോചിക്കണോ എന്നകാര്യത്തില്‍ ബെവ്‌കോ തീരുമാനത്തിലെത്തും.

മദ്യം ഹോംഡെലിവറിയായി എത്തിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അന്നത്തെ എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്റെ നേതൃത്വത്തില്‍ നടന്നിരുന്നു. ലോക്ഡൗണ്‍ കാരണം ഔട്ട്‌ലെറ്റുകള്‍ പൂട്ടി മദ്യവില്‍പന മുടങ്ങിയപ്പോഴായിരുന്നു ഇത്. മദ്യം ഹോംഡെലിവറി ചെയ്യാനുള്ള സംവിധാനങ്ങള്‍ തയ്യാറാക്കാം എന്നായിരുന്നു ബെവ്‌കോ എംഡി അറിയിച്ചത്. എന്നാല്‍ തീരുമാനം പുതിയ സര്‍ക്കാര്‍ എടുക്കട്ടെ എന്നായിരുന്നു ടിപി രാമകൃഷ്ണന്റെ നിലപാട്.