‘ശൈലജ ടീച്ചര്‍ക്ക് ഇളവ് കൊടുക്കുന്നത് ശരിയായിട്ട് നമുക്ക് തോന്നും’; ഇളവ് നല്‍കിയാല്‍ ഒരാളില്‍ നില്‍ക്കില്ലായിരുന്നെന്ന് കോടിയേരി

പുതുമുഖങ്ങളെ മാത്രം ഉള്‍പ്പെടുത്തിക്കൊണ്ടുള്ള മന്ത്രിസഭാ രൂപീകരണത്തില്‍ കെ കെ ശൈലജ ടീച്ചര്‍ക്ക് മാത്രമായി ഇളവ് നല്‍കാന്‍ സാധിക്കുമായിരുന്നില്ലെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. കെ കെ ശൈലജ ടീച്ചറെ മാറ്റി നിര്‍ത്തിയത് വനിത ആയതുകൊണ്ടല്ല. അങ്ങനെ ചിത്രീകരിക്കുന്നത് തെറ്റാണ്. പാര്‍ട്ടിയുടെ തീരുമാനം നടപ്പാക്കുമ്പോള്‍ വനിതയെന്നത് പ്രത്യേക പരിഗണനയില്ലന്നും സിപിഐഎം മുന്‍ സംസ്ഥാന സെക്രട്ടറി പറഞ്ഞു. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് കോടിയേരിയുടെ പ്രതികരണം.

സമൂഹത്തില്‍ ഒരാളുടെ സ്ഥാനം എന്തുതന്നെയായാലും പാര്‍ട്ടി മെമ്പര്‍ക്ക് പാര്‍ട്ടിയുടെ സംഘടനാ തത്വം ഒരുപോലെ ബാധകമാണ്.

കോടിയേരി ബാലകൃഷ്ണന്‍

പി രാജീവ് മന്ത്രിയായതോടെ സിപിഐഎം ദേശാഭിമാനി ചീഫ് എഡിറ്റര്‍ ചുമതല കോടിയേരിക്ക് നല്‍കിയിരുന്നു. സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരി ഉടന്‍ മടങ്ങിവരുമെന്ന സൂചനകള്‍ ശക്തമായിരിക്കെയാണിത്.

കോടിയേരി പറഞ്ഞത്

“ഇളവ് നല്‍കാന്‍ നോക്കിയാല്‍ ഒരാളില്‍ ഇളവ് നില്‍ക്കില്ല. ശൈലജ ടീച്ചര്‍ക്ക് ഇളവ് കൊടുക്കുന്നത് ശരിയായിട്ട് നമുക്ക് തോന്നും. അപ്പോള്‍ ടി പി രാമകൃഷ്ണനെ എങ്ങനെ നിഷേധിക്കും. എം എം മണിയ്ക്ക് എങ്ങനെ അവസരം നിഷേധിക്കും. കടകംപള്ളി സുരേന്ദ്രനും കെ ടി ജലീലിനും അവസരം നിഷേധിക്കേണ്ട കാര്യമെന്താണ്?

ഒരു ‘വനിതയെ’ അല്ല മാറ്റിനിര്‍ത്തിയത്. ഇ പി ജയരാജന്‍ വനിതയല്ല. തോമസ് ഐസക്കും ജി സുധാകരനും രവീന്ദ്രനാഥ് മാഷും എ കെ ബാലനേയും മാറ്റിനിര്‍ത്തിയത് വനിതയായതുകൊണ്ട് അല്ലല്ലോ. ഒരു വനിതയേയും അവഗണിച്ചിട്ടില്ല. അങ്ങനെയെങ്കില്‍ പുരുഷന്‍മാരെയല്ലേ ഏറ്റവും കൂടുതല്‍ മാറ്റി നിര്‍ത്തിയത്. മാധ്യമങ്ങള്‍ വനിത, വനിത എന്ന് പറഞ്ഞുകൊണ്ടിരിക്കുകയാണ്. വനിതയായതുകൊണ്ടല്ല ശൈലജ ടീച്ചറെ മാറ്റി നിര്‍ത്തിയത്. സമൂഹത്തില്‍ ഒരാളുടെ സ്ഥാനം എന്തുതന്നെയായാലും പാര്‍ട്ടി മെമ്പര്‍ക്ക് പാര്‍ട്ടിയുടെ സംഘടനാ തത്വം ഒരുപോലെ ബാധകമാണ്.”