തിരുവനന്തപുരം: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും രാജ്യസഭാ എം.പിയുമായ കെ.സി വേണുഗോപാലിനെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച് നെടുമങ്ങാട് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥിയും മുന്‍ കെ.പി.സി.സി സെക്രട്ടറിയുമായ പി.എസ് പ്രശാന്ത് രാജിവെച്ചു. മുപ്പത് വര്‍ഷത്തെ കോണ്‍ഗ്രസ് ജീവിതം അവസാനിപ്പിക്കുകയാണെന്ന് അറിയിച്ചുകൊണ്ടായിരുന്നു വാര്‍ത്താ സമ്മേളനത്തിനിടയിലെ രാജിപ്രഖ്യാപനം. അച്ചടക്ക നടപടിയുടെ ഭാഗമായി പ്രശാന്തിനെ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് പുറത്താക്കിയിരുന്നു.
കെ.സി വേണുഗോപാലിനും പാലോട് രവിക്കുമെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ചാണ് പ്രശാന്തിന്റെ പടിയിറക്കം. താന്‍ പാര്‍ട്ടി വിടാന്‍ കാരണം കെ.സി വേണുഗോപാലാണെന്നും ഡി.സി.സി പട്ടികയില്‍ രണ്ടുപേരൊഴികെ ബാക്കിയെല്ലാം വേണുഗോപാലിന്റെ ആളുകളാണെന്നും പ്രശാന്ത് പറഞ്ഞു. കേരളത്തില്‍ കോണ്‍ഗ്രസ് തകരാനുള്ള മൂല കാരണം വേണുഗോപാലാണ്. വേണുഗോപാലുമായി അടുത്ത് നില്‍ക്കുന്നവരെ മാത്രമാണ് ഡി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
പാലോട് രവിയെ കുമ്പിടി എന്ന് വിശേഷിപ്പിച്ചായിരുന്നു പ്രശാന്തിന്റെ പരിഹാസം. വര്‍ഗ്ഗീയത പ്രോത്സാഹിപ്പിക്കുന്ന നേതാവാണ് പാലോട് രവി. നെടുമങ്ങാട് തന്റെ തോല്‍വിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് രവിയാണ്. ഇത് നേതൃത്വത്തെ അറിയിച്ചെങ്കിലും തന്റെ പരാതി കണക്കിലെടുക്കപ്പെട്ടില്ല. പകരം തന്നെ പുറത്താക്കുകയാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞദിവസങ്ങളിലായി സംസ്ഥാന-ദേശീയ നേതൃത്വങ്ങള്‍ക്കെതിരെ പ്രതികരിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു പി.എസ് പ്രശാന്തിനെ പാര്‍ട്ടി പുറത്താക്കിയത്. സസ്പെന്‍ഷനിലിരിക്കെ വീണ്ടും അച്ചടക്കലംഘനം നടത്തിയതിനാണ് പ്രശാന്തിനെ പുറത്താക്കിയതെന്ന് കെ.പി.സി.സി അദ്ധ്യക്ഷന്‍ കെ സുധാകരന് അറിയിച്ചിരുന്നു. പ്രശാന്ത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ വെല്ലുവിളിച്ചെന്നും വന്യമായ ആരോപണങ്ങള്‍ ഉന്നയിച്ചെന്നും പാര്‍ട്ടിയേയും നേതാക്കളേയും അപകീര്‍ത്തിപ്പെടുത്താന്‍ അനുവദിക്കില്ലെന്നും വ്യക്തമാക്കിയായിരുന്നു സുധാകരന് പുറത്താക്കല്‍ നടപടിയിലേക്ക് കടന്നത്.