കൊവിഡ് പ്രതിസന്ധിയില്‍ സ്വമേധയാ കേസെടുത്ത സുപ്രീം കോടതി രൂക്ഷ വിമര്‍ശനമാണ് കേന്ദ്ര സര്‍ക്കാരിനെതിരെ ഉന്നയിച്ചത്. കൊവിഡ് മഹാമാരി പോലെയുള്ള ഒരു ദേശീയ ദുരന്തമുണ്ടാകുമ്പോള്‍ മൂകസാക്ഷിയായി ഇരിക്കാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് അദ്ധ്യക്ഷനായ ബെഞ്ച് പ്രസ്താവിച്ചത് അന്താരാഷ്ട്ര മാധ്യമങ്ങളിലടക്കം വാര്‍ത്തയായിരുന്നു. കൊവിഡ് പ്രതിരോധ വാക്സിനുകള്‍ക്ക് വ്യത്യസ്ത വിലയിട്ടതാണ് സുപ്രീം കോടതിയെ ചൊടിപ്പിച്ചത്. വാക്സിന്റെ വിലനിര്‍ണയം സംബന്ധിച്ച നിലപാട് അറിയിക്കണമെന്ന് കോടതി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്തയോട് ഉത്തരവിട്ടു. ഓക്സിജന്റേയും മരുന്നിന്റേയും വിതരണത്തിനുള്ള രൂപരേഖ കൈമാറണമെന്നും ബെഞ്ച് കേന്ദ്രത്തോട് ആവശ്യപ്പെട്ടു. വാക്സിന് വ്യത്യസ്ത വില ഈടാക്കുന്ന ഉത്പാദകരുടെ നടപടിയില്‍ ഇടപെടാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്ന് ഡ്രഗ്സ് കണ്ട്രോളര് ആക്ട്, പേറ്റന്റ് ആക്ട് എന്നിവ ചൂണ്ടിക്കാട്ടി സുപ്രീം കോടതി പ്രസ്താവിച്ചു. ബെഞ്ചിലെ അംഗമായ ജസ്റ്റിസ് രവീന്ദ്ര ഭട്ടിന്റെ പരാമര്‍ശം ഇങ്ങനെ.
ഡ്രഗ്സ് കണ്ട്രോള്, പേറ്റന്റ് ആക്ടുകള്‍ പ്രകാരം കേന്ദ്രത്തിന് ചില അധികാരങ്ങളുണ്ട്. ഇതൊരു മഹാമാരിയാണ്. ദേശീയ പ്രതിസന്ധിയാണ്. ഇതല്ല ഈ അധികാരങ്ങള്‍ പ്രയോഗിക്കേണ്ട സമയമെങ്കില്‍ പിന്നെ എപ്പോഴാണ്?
ജസ്റ്റിസ് രവീന്ദ്ര ഭട്ട്

കേന്ദ്ര സര്‍ക്കാര്‍ മരുന്ന് വില നിയന്ത്രിക്കുന്നതെങ്ങനെ?
ലഭ്യത ഉറപ്പുവരുത്താനായി ജീവന്‍രക്ഷാമരുന്നുകളുടെ വില അവശ്യ വസ്തു നിയമം, 1955 പ്രകാരമാണ് നിയന്ത്രിക്കുന്നത്. ഈ നിയമത്തിന്റെ സെക്ഷന്‍ മൂന്നില്‍ സര്‍ക്കാര്‍ ഡ്രഗ്സ് പ്രൈസസ് കണ്ട്രോള് ഓര്‍ഡര്‍ (ഡിപിസിഒ) നിയമാനുസൃതമാക്കി. ഡിപിസിഒ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി 800ലധികം ജീവന്‍രക്ഷാ മരുന്നുകളുടെ വില കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രിക്കുന്നുണ്ട്. 1997ല്‍ രൂപീകരിച്ച നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ്ങ് അതോറിറ്റി (എന്‍പിപിഎ) തയ്യാറാക്കിയ മാനദണ്ഡങ്ങള്‍ക്കനുസരിച്ചാണ് വില നിയന്ത്രിക്കുന്നത്.
ഡിപിസിഒയിലൂടെ കേന്ദ്ര സര്‍ക്കാരിന് വാക്സിന് വില നിയന്ത്രിക്കാനാകുമോ?
പേറ്റന്റുളള മരുന്നുകള്‍ക്ക് അല്ലെങ്കില്‍ ഫിക്സഡ് ഡോസ് മരുന്നുകള്‍ക്ക് (രണ്ടോ അതിലധികമോ മരുന്ന് ചേര്‍ത്തുണ്ടാക്കുന്നത്) വില നിയന്ത്രണ നിയമം ബാധകമല്ല. അതുകൊണ്ടാണ് ഇപ്പോള്‍ വന്‍ ആവശ്യകതയുള്ള ആന്റി വൈറല്‍ മരുന്നായ രെംദെസിവീറിന്റെ വില നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിയാത്തത്. എന്നാല്‍ കഴിഞ്ഞയാഴ്ച്ച, സര്‍ക്കാര്‍ ഇടപെടലിനേത്തുടര്‍ന്ന് രെംദെസിവിര് ഇഞ്ചക്ഷന് നിര്‍മ്മാതാക്കളും വിപണനക്കാരും വില കുറച്ചെന്ന് രാസവസ്തു, രാസവളം മന്ത്രാലയം അറിയിക്കുകയുണ്ടായി. അമേരിക്കന്‍ ജൈവസാങ്കേതിക ഭീമനായ ഗിലിയഡ് സയന്‍സസ് എന്ന കമ്പനിക്കാണ് രെംദെസിവിറിന്റെ ആഗോള പേറ്റന്റുള്ളത്. രെംദെസിവിര് ഉല്പാദിപ്പിക്കാന് പല കമ്പനികള്‍ക്കും ഗിലിയഡ് ലൈസന്‍സ് നല്കി. പകര്‍ച്ചവ്യാധിയായ കൊവിഡ് 19ന്റെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന വാക്സിനുകളും മരുന്നുകളും ഡിപിസിഒയ്ക്ക് കീഴില്‍ കൊണ്ടുവരാന്‍ ഒരു ഭേദഗതി കൊണ്ടുവന്നാല്‍ മതിയാകും.

വാക്സിന് വില നിയന്ത്രിക്കാന്‍ കേന്ദ്രത്തിന് മുന്നില്‍ എത്രയെത്ര വഴികള്‍?
പേറ്റന്റ്സ് ആക്ട്, 1970
സുപ്രീം കോടതി പരാമര്‍ശിച്ച ഈ നിയമത്തില്‍ വാക്സിന് വില നിയന്ത്രിക്കാനുള്ള രണ്ട് നിര്‍ണായക വകുപ്പുകളുണ്ട്.
‘സര്‍ക്കാരിന്റെ ആവശ്യങ്ങള്‍ക്കായി’ മരുന്നുകമ്പനിയുള്പ്പെടെ ആരേയും തങ്ങളുടെ അധികാരത്തിന് കീഴില്‍ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിയുമെന്ന് പേറ്റന്റ്സ് ആക്ടിലെ നൂറാം വകുപ്പ് വ്യക്തമാക്കുന്നു. കമ്പനികള്‍ക്ക് വാക്സിന് പേറ്റന്റ് നല്കി നിര്‍മ്മാണം വേഗത്തിലാക്കാനും ന്യായമായ വിലക്ക് അവ ലഭ്യമാക്കുന്നതിനും ഈ വകുപ്പ് നിയമപരമായ അധികാരം നല്കുന്നു.
പേറ്റന്റ് നിയമത്തിന്റെ 92-ാം വകുപ്പ് നിര്‍ബന്ധിത ലൈസന്സിങ്ങിനേക്കുറിച്ച് വ്യക്തമാക്കുന്നുണ്ട്. ഇതുപ്രകാരം പ്രത്യേക സാഹചര്യങ്ങളില്‍ പേറ്റന്റ് ഉടമയുടെ അനുവാദമില്ലാതെ സര്‍ക്കാരിന് നിര്‍മ്മാണ ലൈസന്‍സ് നല്‍കാനാകും.
“കേന്ദ്ര സര്‍ക്കാരിന് ബോധ്യപ്പെടുന്നു എങ്കില്‍, ദേശീയ അടിയന്തരാവസ്ഥയുടേയോ അതീവ ആവശ്യകതയുടേയോ സാഹചര്യത്തില്‍ അല്ലെങ്കില്‍ വാണിജ്യ ഉപയോഗത്തിനല്ലാത്ത പൊതുജനാവശ്യത്തിന് വേണ്ടി നിലവിലുള്ള ഏത് പേറ്റന്റിന്റേയും നിര്‍ബന്ധിത ലൈസലന്സുകള് ഔദ്യോഗിക വിജ്ഞാപനമിറക്കിയും വകുപ്പുകള്‍ പാലിച്ചും നല്‍കാവുന്നതാണ്.”
സര്‍ക്കാര്‍ 92-ാം വകുപ്പ് പ്രകാരം വിജ്ഞാപനമിറക്കിയതിന് ശേഷം മരുന്നു കമ്പനികള്‍ക്ക് ഉല്പാദനം ആരംഭിക്കാന്‍ സര്‍ക്കാരിനെ സമീപിക്കാവുന്നതാണ്. കൊവിഡ് 19 പോലുള്ള ബയോ വാക്സിനുകളുടെ ഘടകങ്ങളേക്കുറിച്ച് വ്യക്തമായ വിവരങ്ങളുണ്ടെങ്കിലും ഒന്നില്‍ നിന്ന് തുടങ്ങി അവ നിര്‍മ്മിച്ചെടുക്കല്‍ ശ്രമകരമാണെന്ന് ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. അവികസിത-വികസ്വര രാജ്യങ്ങളെ കൂടുതല്‍ വാക്സിന് നിര്‍മ്മിക്കാന്‍ പ്രാപ്തമാക്കാന്‍ വേണ്ടിയുള്ള ഇടപെടലുകള്‍ ലോകാരോഗ്യ സംഘടന നടത്തുന്നുണ്ട്. സാങ്കേതിക വിദ്യയുടെ കൈമാറ്റം ഉള്‍പ്പെടെയാണിത്. ഈ സംരംഭത്തോട് താല്പര്യമുള്ള, നിലവില്‍ വാക്സിന് ഉല്പാദിപ്പിക്കുന്നവരേയും പുതിയ ഉല്പാദകരേയും ഡബ്ലിയുഎച്ച്ഒ സമീപിച്ചുകൊണ്ടിരിക്കുകയാണ്.

പകര്‍ച്ചവ്യാധി നിയമം 1897
വാക്സിന് വില പിടിച്ചുനിര്‍ത്താന്‍ വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്ന മറ്റൊരു നിയമാണ് എപ്പിഡെമിക് ഡിസീസസ് ആക്ട്. കേന്ദ്ര സര്‍ക്കാര്‍ കൊവിഡ് രോഗവ്യാപനത്തിനിടെ മുഖ്യ ആയുധമായി ഈ നിയമത്തെ പുറത്തെടുത്തിരുന്നു. അപകടകരമായ സാംക്രമിക രോഗങ്ങളുടെ സാഹചര്യത്തില്‍ പ്രത്യേക നടപടികള്‍ കൈക്കൊള്ളാനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും പകര്‍ച്ചവ്യാധി നിയമത്തിന്റെ രണ്ടാം വകുപ്പ് സര്‍ക്കാരിന് അധികാരം നല്‍കുന്നുണ്ട്. വിശാലമായ അധികാരങ്ങള്‍ നല്കുന്ന ഈ നിയമം വാക്സിന് വില നിയന്ത്രിക്കാന്‍ ഉപയോഗപ്പെടുത്താമെന്നാണ് നിരീക്ഷണങ്ങള്‍.
പകര്‍ച്ചവ്യാധി നിയമത്തിന്റെ ലംഘനം ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ 188-ാം വകുപ്പ് പ്രകാരം ശിക്ഷാര്‍ഹമാണ്. ആറ് മാസം വരെ തടവോ ആയിരം രൂപ പിഴയോ ആണ് ശിക്ഷ.
നിയമപരമായി നീങ്ങുന്നതിന് പകരം കേന്ദ്ര സര്‍ക്കാര്‍ നിര്‍മ്മാതാക്കളില്‍ നിന്ന് വാക്സിന് മുഴുവനായി നേരിട്ട് വാങ്ങുന്നതാണ് നല്ലതെന്ന് നിര്‍ദ്ദേശിക്കുന്നവരുണ്ട്. ഏക ഉപഭോക്താവെന്ന നിലയില്‍ കേന്ദ്ര സര്‍ക്കാരിന് പരമാവധി വിലക്കുറവില്‍ വാക്സിന് വില പേശി വാങ്ങാനാകുമെന്നും ഇതാണ് ഏറ്റവും നല്ല വഴിയെന്നും ഈ വാദമുന്നയിക്കുന്നവര്‍ പറയുന്നു.
