കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ഷിയാ പള്ളിയില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്ക് പിന്നാലെ സ്ഫോടനം. കാണ്ഡഹാറിലെ ബിബി ഫാത്തിമ പള്ളിയിലാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ 32 പേര് കൊല്ലപ്പെട്ടതായാണ് പ്രവിശ്യയിലെ ആരോഗ്യപ്രവര്‍ത്തകര്‍ നല്കുന്ന വിവരം. 53 പേര്‍ക്ക് പരുക്കേറ്റു.
‘കാണ്ഡഹാറിലെ ഷിയാ വിശ്വാസികളുടെ ദേവാലയത്തിന് നേരെ സ്ഫോടനമുണ്ടായതില്‍ ഞങ്ങള്‍ അതീവ ദുഃഖിതരാണ്. നിരവധി സ്വദേശികള്‍ കൊല്ലപ്പെടുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്്തു’, സ്ഫോടനം സ്ഥിരീകരിച്ച് അഫ്ഗാന് ആഭ്യന്തര മന്ത്രാലയ വക്താവ് ഖ്വാറി സയ്ദ് ഘോസ്തി ട്വീറ്റ് ചെയ്തു. ഇസ്ലാമിക് എമിറേറ്റ്സിന്റെ പ്രത്യേക സേനാ വിഭാഗം സ്ഫോടനം നടന്ന സ്ഥലത്തെത്തിയിട്ടുണ്ടെന്നും പരിശോധന നടത്തുകയാണെന്നും അദ്ദേഹം അറിയിച്ചു.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സ്ഫോടനം. പ്രദേശത്തെ ഏറ്റവും വലിയ ഷിയാ പള്ളിയാണിത്. പരിക്കേറ്റവരുടെ ചികിത്സക്കായി രക്തം ദാനം ചെയ്യണമെന്ന് പള്ളിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
പള്ളിയുടെ പ്രധാന കവാടത്തിലും, വടക്കുഭാഗത്തും, വിശ്വാസികള്‍ പ്രാര്‍ത്ഥനയ്ക്ക് മുന്നോടിയായി ദേഹശുദ്ധി വരുത്തുന്ന സ്ഥലത്തുമായി മൂന്ന് സ്ഫോടനങ്ങളുണ്ടായെന്നാണ് ദൃക്സാക്ഷികളെ ഉദ്ധരിച്ച് എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്യുന്നത്.
സ്ഫോടനത്തിന്റെ കാരണത്തെക്കുറിച്ച് നിലവില്‍ വ്യക്തമായ വിവരം ലഭിച്ചിട്ടില്ല. സ്ഫോടനത്തില്‍ തകര്‍ന്ന പള്ളിയുടെ ഭാഗങ്ങളുടെയും മൃതദേഹങ്ങളുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍, ഈ ചിത്രങ്ങളുടെ കാര്യത്തിലും ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല. അമേരിക്കന്‍ സൈന്യം അഫ്ഗാനില്‍നിന്നും പിന്മാറിയതിന് പിന്നാലെയുണ്ടാകുന്ന രണ്ടാമത്തെ വലിയ സ്ഫോടനമാണിത്. വടക്കന്‍ നഗരമായ കുണ്ഡുസില് കഴിഞ്ഞ ആഴ്ച ഷിയാ വിശ്വാസികള്‍ക്കുനേരെ ചാവേര്‍ ആക്രമണം നടന്നിരുന്നു.