ഇന്ധന നികുതി വെട്ടിക്കുറച്ചും റേഷന്‍ വിതരണം നീട്ടിയും ബിജെപി; ഉപതെരഞ്ഞെടുപ്പിലെ അടി യു.പിയില്‍ വാങ്ങാതിരിക്കാനുള്ള തന്ത്രങ്ങളൊരുങ്ങുന്നു

പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയം മുതല്‍ 2022ല്‍ യു.പി നിലനിര്‍ത്താനുള്ള കഠിന ശ്രമമാണ് ബിജെപിയുടെ ഭാഗത്തുനിന്നുമുണ്ടായിട്ടുള്ളത്. ഏറ്റവുമൊടുവിലിതാ, കേന്ദ്രം പെട്രോള്‍ ഡീസല്‍ എക്‌സൈസ് തീരുവയ്ക്ക് നല്‍കിയ ഇളവിന് മുകളില്‍ അധിക ഇളവ് പ്രഖ്യാപിച്ചും മാര്‍ച്ചിലെ ഹോളി വരെ സൗജന്യ റേഷന്‍ വിതരണം നീട്ടിയും ഒരുമുഴം മുമ്പേ എറിഞ്ഞിരിക്കുകയാണ് മുഖ്യമന്ത്രി യോഗിയും സര്‍ക്കാരും.

കേന്ദ്രം പ്രഖ്യാപിച്ച നികുതിയിളവും തുടര്‍ന്ന് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ പ്രഖ്യാപിച്ച എക്‌സ്ട്രാ ഇളവും ഭരണപാര്‍ട്ടിക്ക് പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ മാത്രമല്ല, വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും പറഞ്ഞുനില്‍ക്കാന്‍ ഇടനല്‍കും.

മൂന്ന് ലോക്‌സഭാ മണ്ഡലങ്ങളിലേക്കും 29 നിയമസഭാ മണ്ഡലങ്ങളിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ പലയിടങ്ങളിലും മുഖം രക്ഷിച്ചു. എന്നാല്‍, ബിജെപിയെ സംബന്ധിച്ചിടത്തോളം ഹിമാചല്‍ പ്രദേശിലെ കൂട്ടത്തോല്‍വിയടക്കം നിര്‍ണായക പരാജയങ്ങളാണ് നേരിടേണ്ടി വന്നത്. അസമിലും മധ്യപ്രദേശിലും മാത്രമാണ് ബിജെപിക്ക് നിവര്‍ന്നുനില്‍ക്കാനായത്. രാഷ്ട്രീയമായി ബിജെപിക്ക് ഏറെ നിര്‍ണായകമായ യു.പിയില്‍ മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങളിലേക്ക് കടക്കേണ്ടത് അനിവാര്യമായെന്ന് മനസിലായതോടെയാണ് വളരെ പെട്ടെന്നുള്ള പ്രഖ്യാപനങ്ങളിലേക്ക് പാര്‍ട്ടി കടന്നത്.

ബുധനാഴ്ച അയോധ്യയിലെ ഒരു പൊതുപരിപാടിക്കിടെയാണ് കേന്ദ്രം സൗജന്യ റേഷന്‍ വിതരണത്തിന്റെ കാലാവധി നീട്ടിയെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചത്. കൊവിഡ് മഹാമാരിയെത്തുടര്‍ന്ന് ആരംഭിച്ച റേഷന്‍ വിതരണം ഹോളി വരെ തുടരുമെന്നാണ് യോഗി വ്യക്തമാക്കിയത്. ആ പ്രഖ്യാപനത്തിന്റെ മാറ്റ് ഇന്ധന നികുതിയിളവിന്റെ നിഴല്‍ അമര്‍ന്നുപോയെങ്കിലും അതൊരു കണക്കുകൂട്ടി തയ്യാറാക്കിയ കരുനീക്കമായിരുന്നെന്നും തെരഞ്ഞെടുപ്പ് സ്ട്രാറ്റജിയുടെ ഭാഗമാണെന്നുമാണ് പാര്‍ട്ടി വൃത്തങ്ങള്‍ അടിവരയിട്ട് പറയുന്നത്.

‘സൗജന്യ റേഷന്‍ വിതരണം ഹോളി വരെ നീട്ടുകയാണ്. 15 കോടി ജനങ്ങള്‍ക്ക് അതുവരെയുള്ള എല്ലാമാസവും റേഷന്‍ ആനുകൂല്യങ്ങള്‍ ലഭിക്കും. അന്ത്യോദയ കാര്‍ഡുകാര്‍ക്ക് 35 കിലോ ഗോതമ്പിന് പുറമെ ധാന്യം, എണ്ണ, ഉപ്പ് എന്നിവയും ഉറപ്പാക്കും. അവര്‍ക്ക് എല്ലാമാസവും പഞ്ചസാരയും ലഭിക്കും’, യോഗി ആദിത്യനാഥിന്റെ പ്രഖ്യാപനമിങ്ങനെയായിരുന്നു.

യു.പി നിയമസഭാ തെരഞ്ഞെടുപ്പ് 2022 മാര്‍ച്ചിലാവും എന്നാണ് പ്രതീക്ഷ. മാര്‍ച്ച് വരെയുള്ള സൗജന്യ റേഷന്‍ വിതരണമാണ് യോഗി പ്രഖ്യാപിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. തെരഞ്ഞെടുപ്പ് മനസില്‍ കണ്ടുകൊണ്ടുതന്നെയാണ് ഈ പ്രഖ്യാപനമെന്ന് പേര് വെളിപ്പെടുത്താത്ത ഒരു ബിജെപി നേതാവിനെ ഉദ്ധരിച്ച് ദ ഇന്ത്യന്‍ എക്‌സ്പ്രസിലെ ദേശീയ രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന ലേഖിക എഴുതിയിരിക്കുന്നത്.

മുതിര്‍ന്ന ബിജെപി നേതാവും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ ലക്‌നൗവില്‍ നേരിട്ടെത്തിയാണ് കഴിഞ്ഞയാഴ്ച തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയുടെ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തത്. യു.പി നേടിയാല്‍ കേന്ദ്രത്തില്‍ തുടരാം എന്ന ബൃഹദ് പദ്ധതിയാണ് ബിജെപിയുടേതെന്ന സൂചന ആ വേദിയില്‍വെച്ചുതന്നെ അമിത് ഷാ പരസ്യമാക്കിയിരുന്നു. യു.പിയില്‍ ബിജെപിക്ക് തുടര്‍ഭരണമുണ്ടായാല്‍ 2024ല്‍ കേന്ദ്രത്തിലും അത് പ്രതിഫലിക്കുമെന്ന് അദ്ദേഹം പ്രവര്‍ത്തകരോടായി പറഞ്ഞു. ‘2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പും നമുക്ക് മോഡിജിയുടെ നേതൃത്വത്തില്‍ സ്വന്തമാക്കാന്‍ കഴിയണം. അതിന്റെ മൂലക്കല്ല് 2022ലെ യു.പി നിയമസഭാ തെരഞ്ഞെടുപ്പാണ്. എനിക്ക് യു.പിയിലെ ജനങ്ങളോട് പറയാനുള്ളത്, നിങ്ങള്‍ക്ക് 2024ലും മോഡിജിയെ പ്രധാനമന്ത്രിയായി വേണമെങ്കില്‍ 2022ല്‍ യോഗിജിയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കണം. എങ്കില്‍ മാത്രമേ രാജ്യത്തിന് വികസനമുണ്ടാവൂ’, അമിത് ഷാ പ്രസംഗിച്ചതിങ്ങനെ.

മാസങ്ങളായിട്ടും തളരാത്ത കര്‍ഷക സമരം, ദിനംപ്രതി ഉയരുന്ന ഇന്ധന വില വര്‍ധന തുടങ്ങിയവയില്‍നിന്ന് ബിജെപി വലിയ വിമര്‍ശനം നേരിട്ടിരുന്നു. ആദ്യഘട്ടത്തില്‍ ഈ വിമര്‍ശനങ്ങള്‍ മുഖവിലയ്‌ക്കെടുക്കാതിരുന്ന പാര്‍ട്ടിക്ക് വലിയ തിരിച്ചറിവാണ് ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ നല്‍കിയത്. ഉപതെരഞ്ഞെടുപ്പ് ഫലം വന്നതിന്റെ തൊട്ടുപിറ്റേന്നാണ് പെട്രോളിനും ഡീസലിനും യഥാക്രമം അഞ്ചും പത്തും രൂപ വിലകുറച്ചുള്ള കേന്ദ്ര പ്രഖ്യാപനമുണ്ടായത്. മണിക്കൂറുകള്‍ക്കകം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ അധിക ഇളവുകള്‍ പ്രഖ്യാപിച്ച് കൂടുതല്‍ ‘ജനകീയരായി’.

എങ്കില്‍ത്തന്നെയും യു.പി തെരഞ്ഞെടുപ്പ് അനായാസം കടക്കാവുന്ന കടമ്പയായി ബിജെപി കരുതുന്നില്ലെന്നാണ് പാര്‍ട്ടി നേതാക്കള്‍ പറയുന്നത്. ‘കര്‍ഷക പ്രതിഷേധവും ലഖിംപ്പൂര്‍ ഖേരി സംഭവവും പടിഞ്ഞാറന്‍ യു.പിയെ പിടിച്ചുകുലുക്കിയെന്നാണ് ഇവര്‍ത്തന്നെ അഭിപ്രായപ്പെടുന്നത്. പാര്‍ട്ടിക്ക് അതിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടെന്നും വരും മാസങ്ങളില്‍ മികച്ച ഭരണാന്തരീക്ഷം കാഴ്ചവെച്ച് ഭരണത്തുടര്‍ച്ചയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനുമാണ് ശ്രമിക്കുന്നതെന്നും പേര് വെളിപ്പെടുത്താത്ത നേതാക്കള്‍ പറയുന്നു.