ന്യൂദല്‍ഹി: മെയ് 26 മുതല്‍ പ്രാബല്യത്തില്‍ വരാന്‍ പോകുന്ന ഐടി നിയമവുമായി യോജിച്ചു പോകാന്‍ കഴിയുന്ന പ്രവര്‍ത്തന രീതികള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുകയാണെന്ന് ഫേസ്ബുക്ക്. സര്‍ക്കാരുമായി കൂടുതല്‍ യോജിച്ചു പോവുന്ന നടപടികളില്‍ ചില പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുന്നതിന് വേണ്ടി ശ്രമിക്കുകയാണെന്നും സോഷ്യല്‍ മീഡിയ കമ്പനി പറഞ്ഞു. തങ്ങളുടെ പ്ലാറ്റ്ഫോമില്‍ സ്വതന്ത്രമായും സുരക്ഷിതമായും ജനങ്ങള്‍ക്ക് ഇടപെടാന്‍ കഴിയുന്ന കാര്യത്തില്‍ ഫേസ്ബുക്കിന് ഇപ്പോഴും ഉത്തരവാദിത്വമുണ്ടെന്നും ഫേസ്ബുക്ക് കൂട്ടിച്ചേര്‍ത്തു.
2021 ഫെബ്രുവരിയിലാണ് കേന്ദ്ര ഐടി മന്ത്രാലയം പുതിയ ഐടി നിയമം നടപ്പിലാക്കാന്‍ സമൂഹ മാധ്യമങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്. ഇതിനായി മൂന്ന് മാസം അനുവദിക്കുകയും ചെയ്തിരുന്നു. മെയ് 25ന് ആ കാലാവധി അവസാനിക്കും.
ട്വിറ്ററിന്റെ ഇന്ത്യന്‍ പതിപ്പ് നിയമം അനുശാസിക്കുന്ന തരത്തില്‍ സമൂഹ മാധ്യമ മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പിലാക്കിയിരുന്നു. പുതിയ നിര്‍ദേശ പ്രകാരം ഇന്ത്യയില്‍ നിന്നുള്ള ഒരു ഉദ്യോഗസ്ഥനെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ നിയമിക്കണം. സമൂഹ മാധ്യമങ്ങളിലെ പോസ്റ്റുകളുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുക, കണ്ടന്റുകള്‍ പരിശോധിക്കുക, വേണ്ടി വന്നാല്‍ പോസ്റ്റ് നീക്കം ചെയ്യുക എന്നിവയെല്ലാം ഈ ഉദ്യോഗസ്ഥന്റെ ചുതലയായിരിക്കും.
നിയമം നടപ്പിലാക്കുന്ന കാര്യത്തില്‍ സര്‍ക്കാരിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന തരത്തില്‍ ഫേസ്ബുക്ക് പ്രതികരിച്ചതിനെ തുടര്‍ന്ന് നിര്‍ദേശങ്ങള്‍ നടപ്പിലാക്കാനുള്ള സമയം നീട്ടിനല്‍കാനുള്ള സാധ്യതയേറെയാണ്. വാട്സ്ആപ്പും ഇന്‍സ്റ്റഗ്രാമും ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ളതിനാല്‍ അവരും സമാനനിലപാടെടുക്കാനാണ് സാധ്യത.