കവി സച്ചിദാനന്ദന്റെ അക്കൗണ്ടിന് വിലക്കേര്‍പ്പെടുത്തിയ ഫേസ്ബുക്ക് നടപടിക്കെതിരെ പ്രതിഷേധവുമായി രാഷ്ട്രീയ സാംസ്കാരിക ലോകം. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപി തോല്‍വിയേക്കുറിച്ചുള്ള ട്രോള്‍ വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് മുന്‍ സാഹിത്യ അക്കാദമി സെക്രട്ടറിയുടെ അക്കൗണ്ട് 24 മണിക്കൂര്‍ നേരത്തേക്ക് ബ്ലോക്ക് ചെയ്തത്. പോസ്റ്റുകള്‍ ക്രിയേറ്റ് ചെയ്യുന്നതിനും ഷെയര്‍ ചെയ്യുന്നതിനും കമന്റ് ചെയ്യുന്നതിനും വിലക്കേര്‍പ്പെടുത്തിയെന്ന് കവി പറഞ്ഞു.
വെള്ളിയാഴ്ച്ച രാത്രിയാണ് എനിക്ക് ഫേസ്ബുക്ക് വിലക്ക് വന്നത്. അമിത് ഷായെയും കേരളത്തിലെ ബിജെപിയുടെ പരാജയത്തെയും കറിച്ചുള്ള നര്‍മ്മം കലര്‍ന്ന ഒരു വീഡിയോയും മോഡിയെക്കുറിച്ച് ‘കണ്ടവരുണ്ടോ’ എന്ന ഒരു നര്‍മ്മരസത്തിലുള്ള പരസ്യവും, രണ്ടും എനിക്ക് വാട്സപ്പില്‍ അയച്ചു കിട്ടിയതാണ്. പോസ്റ്റു ചെയ്തപ്പോഴാണ് ഇതുണ്ടായത്.
കെ സച്ചിദാനന്ദന്
ഏപ്രില്‍ 21ന് ഒരു താക്കീത് കിട്ടിയിരുന്നു. അത് ഒരു ഫലിതം നിറഞ്ഞ കമന്റിനായിരുന്നു. അതിനും മുമ്പും പല കമന്റുകളും അപ്രത്യക്ഷമാകാറുണ്ട്. താക്കീത് നേരിട്ട് ഫേസ് ബുക്കില്‍ നിന്നാണ് വന്നത്. അടുത്ത കുറി റെസ്ട്രെയ്ന് ചെയ്യുമെന്ന് അതില്‍ തന്നെ പറഞ്ഞിരുന്നു. മെയ് 7ന്റെ അറിയിപ്പില്‍ പറഞ്ഞത് 24 മണിക്കൂര്‍ ഞാന്‍ പോസ്റ്റ്ചെയ്യുന്നതും കമന്റ് ചെയ്യുന്നതും ലൈക് ചെയ്യുന്നതുമെല്ലാം 24 മണിക്കൂര്‍ നേരത്തേക്ക് വിലക്കിയിരിക്കുന്നു എന്നും 30 ദിവസം ഫേസ് ബുക്കില്‍ ലൈവ് ആയി പ്രത്യക്ഷപ്പെടരുതെന്നുമാണ്. അവരുടെ കമ്മ്യൂണിറ്റി സ്റ്റാന്‍ഡേഡ്സ് ലംഘിച്ചു എന്നാണ് പരാതി. ശനിയാഴ്ച്ച പാതിരാത്രിക്ക് വിലക്കു തീരും. ഇനി ഇടയ്ക്കിടയ്ക്ക് ഇതു പ്രതീക്ഷിക്കാമെന്നു തോന്നുന്നു.
ഇങ്ങിനെ വിമര്‍ശനങ്ങളെ അടിച്ചമര്‍ത്തുന്നതിനെതിരെ ലാന്‍സറ്റില്‍ വന്ന ഒരു ലേഖനം പോസ്റ്റ് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ You are trying to post something other people on Facebook have found abusive’ എന്ന മെസ്സേജ് ഫേസ് ബുക്കില്‍ നിന്നു കിട്ടി. ഇതിന്നര്‍ത്ഥം ഒരു നിരീക്ഷക സംഘം എന്നെപ്പോലുള്ള വിമര്‍ശകര്‍ക്കു പിറകേ ഉണ്ടെന്നാണെന്നും സച്ചിദാനന്ദന് പറഞ്ഞു. ശനിയാഴ്ച്ച രാത്രി വിലക്ക് നീങ്ങിയതിന് ശേഷം അദ്ദേഹം വീണ്ടും ഫേസ്ബുക്കില്‍ സജീവമായിട്ടുണ്ട്.
എഫ്ബിയില്‍ തുടരാന്‍ കഴിയുന്നതാണോ അതോ ഒരു ജനാധിപത്യ-മനുഷ്യാവകാശവാദിയായി തുടരുന്നതാണോ എന്ന ചോദ്യമുണ്ടായാല്‍ എവിടെ നില്‍ക്കണമെന്ന കാര്യത്തില്‍ എനിക്ക് സംശയമില്ല.
കെ സച്ചിദാനന്ദന്
സച്ചിദാനന്ദന് ഐക്യദാര്‍ഢ്യവുമായി രാഷ്ട്രീയ സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖരാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിക്കുന്നത്. സച്ചിദാനന്ദനെ ഫേസ്ബുക്ക് വിലക്കിയ സംഭവം അപലപനീയമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം പറഞ്ഞു. ലോകത്തെവിടെയുമുള്ള സാഹിത്യപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട മഹാ പ്രതിഭയാണ് സച്ചിദാനന്ദന്. അദ്ദേഹത്തിന് നേരെ പോലും ഇത്തരത്തില്‍ ജനാധിപത്യവിരുദ്ധ നീക്കമുണ്ടായത് ഇന്ത്യയില്‍ അഭിപ്രായ സ്വാതന്ത്ര്യം അത്രമേല്‍ ഭീഷണി നേരിടുന്നു എന്നതിന്റെ തെളിവാണെന്നും ഡിവൈഎഫ്ഐ ചൂണ്ടിക്കാട്ടി.
സച്ചിമാഷിന് വിലക്കേര്‍പ്പെടുത്തിയതില്‍ പ്രതിഷേധിക്കണമെന്ന് ചിന്തകന്‍ സുനില്‍ പി ഇളയിടം ഫേസ്ബുക്കില്‍ കുറിച്ചു. സച്ചിദാനന്ദന് ഇന്നോളം എഴുതിയ കവിതകളും ഉയര്‍ത്തിപ്പിടിച്ച നിലപാടുകളും ഭീരുക്കളുടെ നെഞ്ചില്‍ ഒരു ഇടിമുഴക്കം പോലെ വന്നു പതിക്കുന്നുണ്ട് എന്നാണ് വിലക്കിന്റെ അര്‍ത്ഥമെന്ന് എഴുത്തുകാന്‍ ബെന്യാമിന് പ്രതികരിച്ചു. 75 വയസുള്ള ഒരു കവിയെപോലും ഭയക്കുന്ന ഭരണകൂടം നാണക്കേടാണെന്നും ബെന്യാമിന് പറഞ്ഞു.