തോല്‍വിയില്‍ പുകഞ്ഞ് ബിജെപി; ഔദ്യോഗിക പക്ഷത്തിനെതിരെ ഇതരര്‍; പരാജയത്തിന്റെ കാരണമറിയാന്‍ സുരേഷ്‌ ഗോപിക്ക് ചുമതല

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം വന്ന് ഒരു മാസം പിന്നിടവെ, തോല്‍വിയുടെ കാരണമന്വേഷിച്ച് ബിജെപി ദേശീയ നേതൃത്വം. പരാജയത്തിന്റെ കാരണം അന്വേഷിച്ചുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ രാജ്യസഭാ എംപിയും തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായിരുന്ന സുരേഷ് ഗോപിയെ ചുമതലപ്പെടുത്തി. തോല്‍വിക്കുപിന്നാലെ സംസ്ഥാന നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയരുന്നതിന് പിന്നാലെയാണ് ദേശീയ നേതൃത്വത്തിന്റെ ഇടപെടല്‍.

സിറ്റിങ് സീറ്റായ നേമം നഷ്ടപ്പെട്ടതും പ്രതീക്ഷകളുണ്ടായിരുന്ന സീറ്റുകളില്‍പ്പോലും പ്രകടനം മോശമായതുമാണ് ദേശീയ നേതൃത്വത്തെ ചൊടിപ്പിച്ചിരിക്കുന്നത്. സംസ്ഥാന നേതൃത്വത്തെ മാറ്റണമെന്ന ആവശ്യവും പാര്‍ട്ടിയില്‍ ഉയരുന്നുണ്ട്. സംസ്ഥാനത്തിന്റെ ചുമതലയുള്ള ഔദ്യോഗിക പക്ഷത്തിനെതിരെ ഇതര പക്ഷക്കാന്‍ ദേശീയ നേതൃത്വത്തെ വിയോജിപ്പ് അറിയിച്ചിട്ടുമുണ്ട്. ഈ പശ്ചാത്തലത്തിലാണ് തോല്‍വിയെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുരേഷ് ഗോപിയെ ചുമതലപ്പെടുത്തിയിരിക്കുന്നത്.

ഡല്‍ഹിയില്‍ ചേര്‍ന്ന ബിജെപി നേതൃയോഗത്തില്‍ പരാജയം വിലയിരുത്താന്‍ കേരള നേതൃത്വം ശ്രമിക്കുന്നില്ലെന്ന അതൃപ്തി ദേശീയ നേതാക്കള്‍ പ്രകടിപ്പിച്ചിരുന്നു. കേരളത്തിലും ബംഗാളിലുമുണ്ടായ തിരിച്ചടികള്‍ക്ക് പിന്നാലെ ഇരുസംസ്ഥാനങ്ങളിലെയും പാര്‍ട്ടി സംവിധാനത്തില്‍ അഴിച്ചുപണിയുണ്ടായേക്കുമെന്നാണ് സൂചന.

Also Read: കുഴല്‍പ്പണത്തില്‍ കേരളത്തില്‍ നടന്നത് എന്ത്? കടുത്ത അതൃപ്തിയില്‍ ബിജെപി ദേശീയ നേതൃത്വം; ഇ ശ്രീധരന്റെ റിപ്പോര്‍ട്ട് കേന്ദ്രത്തിലെത്തി

അതേസമയംതന്നെ, ബിജെപി സംസ്ഥാനാധ്യക്ഷന്‍ കെ സുരേന്ദ്രനിലേക്ക് വരെയെത്തി നില്‍ക്കുന്ന കൊടകര കുഴപ്പണക്കേസില്‍ പാര്‍ട്ടി ദേശീയ നേതൃത്വം കടുത്ത അതൃപ്തി വ്യക്തമാക്കിയിട്ടുണ്ട്. കുഴല്‍പ്പണ ആരോപണം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഇ ശ്രീധരന്‍, മുന്‍ ഡിജിപി ജേക്കബ് തോമസ്, മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ സിവി ആനന്ദബോസ് എന്നിവരടങ്ങിയ സമിതിയെ ചുമതലപ്പെടുത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോഡിയും ആഭ്യന്തര മന്ത്രി അമിത് ഷായും ഇടപെട്ട് നിയോഗിച്ച ഈ മൂന്നംഗ സമിതി അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചെന്നാണ് വിവരം.

Also Read: ‘ഉണ്ടയില്ലാ വെടിയില്‍ ഭയക്കുന്നവനല്ല ഞാന്‍’; കെ സുരേന്ദ്രനെ വെല്ലുവിളിച്ച് കെ മുരളീധരന്‍

കേരളത്തില്‍ സംഘടനാ ചുമതലയുള്ള നേതാക്കളെ ആരെയും കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇ ശ്രീധരനും ജേക്കബ് തോമസും ആനന്ദ ബോസും നിലവില്‍ സംഘടനാ ചുമതലകളുള്ളവരല്ല. ഇവരുടെ റിപ്പോര്‍ട്ട് കുഴല്‍പണ ആരോപണത്തില്‍ മുങ്ങി നില്‍ക്കുന്ന സംസ്ഥാന നേതൃത്വത്തെ സംബന്ധിച്ചിടത്തോളം നിര്‍ണായകമായിരിക്കും.