‘യൂട്യൂബ് ചാനലുകളിലൂടെ എന്തും പറയാമെന്നോ?’; വ്യാജ വാര്‍ത്തകള്‍ക്കെതിരെ നടപടിയെന്തെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍-സോഷ്യല്‍മീഡിയാ പ്ലാറ്റ്‌ഫോമുകളിലൂടെ വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. യൂട്യൂബ്, ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളുടെ പേരെടുത്ത് പറഞ്ഞായിരുന്നു വിമര്‍ശനം. ആര്‍ക്കും യൂട്യൂബ് ചാനലുകളിലൂടെ എന്തും പറയാമെന്ന അവസ്ഥയാണെന്നും ചില മാധ്യമങ്ങള്‍ വര്‍ഗ്ഗീയ താല്‍പര്യങ്ങളോടെ പ്രവര്‍ത്തിച്ച് രാജ്യത്തിന്റെ യശസ് നശിപ്പിക്കുകയാണെന്നും ചീഫ് ജസ്റ്റിസ് എന്‍.വി രമണ കുറ്റപ്പെടുത്തി. ഇവ തടയാന്‍ എന്ത് സംവിധാനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് കേന്ദ്രം വ്യക്തമാക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു.

കൊവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ ഡല്‍ഹിയില്‍വെച്ചുനടന്ന തബ്ലീഗി ജമാഅത്ത് സമ്മേളനത്തിനെതിരെ സോഷ്യല്‍മീഡിയയിലുണ്ടായ പ്രചാരണങ്ങള്‍ക്കെതിരായ കേസ് പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ പരാമര്‍ശം. ചില വെബ് പോര്‍ട്ടലുകള്‍ ജനങ്ങളോട് യാതൊരു തരത്തിലുമുള്ള പ്രതിബദ്ധതയുമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു.

‘ഒരു വിഭാഗം മാധ്യമങ്ങള്‍ രാജ്യത്ത് നടക്കുന്ന എന്തിനെയും വര്‍ഗ്ഗീയ ചുവയോടുകൂടിയാണ് അവതരിപ്പിക്കുന്നത്. അതുതന്നെയാണ് പ്രശ്‌നം. ആത്യന്തികമായി ചീത്തപ്പേരുണ്ടാകുന്നത് രാജ്യത്തിന് മുഴുവനുമായാണ്’, ചീഫ് ജസ്റ്റിസ് പറഞ്ഞു. വെബ്‌സൈറ്റുകളെയും ചാനലുകളെയും നിയന്ത്രിക്കാന്‍ എന്ത് സംവിധാനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം കേന്ദ്രത്തോട് ചോദിച്ചു.

വര്‍ഗ്ഗീയത മാത്രമല്ല, മുന്‍കൂട്ടി പദ്ധതിയിട്ടാണ് ഇത്തരം മാധ്യമങ്ങള്‍ ചില വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതെന്നാണ് കേന്ദ്രസര്‍ക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചത്. ഇത്തരം വെബ്‌പോര്‍ട്ടലുകള്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

‘അധികാരസ്ഥാനത്തിരിക്കുന്നവര്‍ക്ക് മാത്രമാണ് വെബ് പോര്‍ട്ടലുകള്‍ ചെവി കൊടുക്കുന്നത്. അവര്‍ ജഡ്ജിമാര്‍ക്കും നിയമസംവിധാനങ്ങള്‍ക്കുമെതിരെ നിരുത്തരവാദപരമായി എന്തും എഴുതുമെന്ന അവസ്ഥയാണ്. അവരുടെ ആശങ്ക അധികാര സ്ഥാനത്തിരിക്കുന്നവരെക്കുറിച്ച് മാത്രമാണ്, ജഡ്ജിമാരോ നിയമവ്യവസ്ഥയോ സാധാരണ ജനങ്ങളോ അവരുടെ പരിഗണനയില്‍ വരുന്നില്ല’, കോടതി നിരീക്ഷിച്ചു.

‘വ്യക്തികളുടെ കാര്യം വിട്ടേക്കൂ, എല്ലാ നിയമസംവിധാനങ്ങള്‍ക്കെതിരെയും വളരെ മോശമായ തരത്തിലാണ് വെബ്‌സൈറ്റുകള്‍ എഴുതുന്നത്’, ചീഫ് ജസ്റ്റിസ് കുറ്റപ്പെടുത്തി. ഇത്തരം വെബ് പോര്‍ട്ടലുകള്‍ക്ക് യാതൊരു പ്രതിബദ്ധതയുമില്ലെന്നും അവ ഒരിക്കലും തങ്ങളോട് പ്രതികരിക്കാറില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വെബ്‌സൈറ്റുകളിലും യൂട്യൂബ് ചാനലുകളിലും വ്യാജവാര്‍ത്തകള്‍ക്കും അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ക്കും യാതൊരു നിയന്ത്രണവുമില്ല. നിങ്ങള്‍ യൂട്യൂബ് എടുത്ത് നോക്കുകയാണെങ്കില്‍ വ്യാജവാര്‍ത്തകള്‍ നിര്‍ബാധം പ്രചരിക്കപ്പെടുന്നത് കാണാം. ആര്‍ക്കും യൂട്യൂബ് ചാനലുകള്‍ തുടങ്ങാമെന്ന നിലയാണെന്നും കോടതി കുറ്റപ്പെടുത്തി.

ഇത്തരം വ്യാജപ്രചാരണങ്ങള്‍ക്കെതിരെ ഈ വെബ്‌സൈറ്റുകള്‍ എന്തെങ്കിലും നടപടി സ്വീകരിച്ചതായി ഇതുവരെ കണ്ടിട്ടില്ലെന്നും ജസ്റ്റിസ് രമണ പറഞ്ഞു. ഇക്കാര്യത്തില്‍ ചുരുങ്ങിയത് നാഷണല്‍ ബ്രോഡ്കാസ്റ്റിങ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റിക്കെങ്കിലും ജനങ്ങളോടും ജുഡീഷ്യറിയോടും ഉത്തരവാദിത്വമുണ്ടായിരിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

നിസാമുദ്ദീനില്‍ നടന്ന തബ്ലീഗി ജമാഅത്ത് സമ്മേളനം ‘കൊവിഡ് തബ്ലീഗി’ എന്ന തരത്തില്‍ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെട്ടതിനെതിരെ മുസ്ലിം സംഘടനകള്‍ നല്‍കിയ ഹരജികള്‍ പരിഗണിക്കുകയായിരുന്നു കോടതി. ഇത്തരം പ്രചാരണങ്ങള്‍ നടത്തിയ മാധ്യമങ്ങളെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. തബ്ലീഗി സമ്മേളനവുമായി ബന്ധപ്പെട്ട് വര്‍ഗ്ഗീയതയുടെ വിത്തിട്ടുകൊണ്ടുള്ള വ്യാജ വാര്‍ത്തകള്‍ അവസാനിപ്പിക്കണമെന്നും ഉത്തരവാദിത്വപ്പെട്ടവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് ജംഇയ്യത്തുല്‍ ഉലമ-എ ഹിന്ദ് കോടതിയെ സമീപിച്ചത്.