ഇരുപത് മിനിറ്റ് പ്രധാനമന്ത്രി നടുറോഡിൽ; മോഡിയുടെ വാഹനവ്യൂഹം തടഞ്ഞ് പഞ്ചാബിൽ കർഷകരോഷം; റാലികൾ റദ്ദാക്കി

പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ഇരുപത് മിനിറ്റോളം വഴിയിൽ തടഞ്ഞ് പഞ്ചാബിലെ കർഷകർ. ഫിറോസ്പൂർ ജില്ലയിലെ ഹൈ വേയിലായിരുന്നു കടുത്ത സുരക്ഷാ വീഴ്ചയെന്ന് ആഭ്യന്തര മന്ത്രാലയം വിശേഷിപ്പിച്ച സംഭവം നടന്നത്. ഹുസ്സൈനിവാലയിലുള്ള ദേശീയ രക്തസാക്ഷി സ്‌മാരകം സന്ദര്‍ശിക്കാനാണ് പ്രധാനമന്ത്രി ഭത്തിന്ദയിലെത്തിയത്. വ്യോമയാത്രക്ക് കാലാവസ്ഥ പ്രതികൂലമായതിനാൽ റോഡുമാർഗം തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ കർഷകർ വഴിയടച്ച് പ്രതിഷേധിച്ചതിനെത്തുടർന്ന് സ്മാരകത്തിൽ നിന്നും 30 കിലോമീറ്റർ അകലെ ഫ്‌ളൈ ഓവറിൽ കുടുങ്ങി.

കാർഷിക നിയമങ്ങൾ പിൻവലിച്ചതിന് ശേഷം ആദ്യമായാണ് മോഡി പഞാബിലെത്തിയത്. രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം തെരഞ്ഞടുപ്പ് റാലി അഭിസംബോധന ചെയ്യാനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാൽ സുരക്ഷാ വീഴ്ച്ചയുണ്ടായതോടെ റാലികൾ റദ്ദ്‌ചെയ്ത് അദ്ദേഹം തിരികെ മടങ്ങി. 42000 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ശിലാസ്ഥാപനവും പ്രധാനമന്ത്രി നിർവഹിക്കേണ്ടതായിരുന്നു.

ഫിറോസ്പൂറിലെ സമ്മേളന നാഗരിയിലേക്കുള്ള വഴികൾ കിസാൻ മസ്‌ദൂർ സംഘർഷ് കമ്മിറ്റി നേരത്തെ തടസ്സപ്പെടുത്തിയിരുന്നു. ജനുവരി 15 ന് പ്രധാനമന്ത്രിയുമായി ചർച്ച ചെയ്യാമെന്ന് ഉറപ്പുനൽകിയതോടെയാണ് സമരം അവസാനിപ്പിച്ചത്.

ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രസ്‌താവന

പ്രധാനമന്ത്രിയുടെ സന്ദർശനത്തെകുറിച്ച് നേരത്തെ തന്നെ വിവരം നൽകിയിരുന്നതാണെന്നും സംസ്ഥാനം ഭരിക്കുന്ന കോൺഗ്രസ് ഗവണ്മെന്റ് സുരക്ഷാ നടപടികൾ കൈക്കൊണ്ടില്ലെന്നും ബിജെപി ആരോപിച്ചു. പഞ്ചാബ് സർക്കാരിനോട് വിശദമായ റിപ്പോർട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.