എല്ലാ ആവശ്യങ്ങളും അംഗീകരിച്ച് രേഖാമൂലം ഉറപ്പ്; കര്‍ഷക സമരത്തിന് ഐതിഹാസിക അന്ത്യം

ന്യൂഡല്‍ഹി: വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി രേഖാമൂലം ഉറപ്പുലഭിച്ചതോടെ സമരം അവസാനിപ്പിച്ച് കര്‍ഷകര്‍. സംയുക്ത കിസാന്‍ മോര്‍ച്ചയുടെ യോഗത്തിലാണ് സമരം അവസാനിപ്പിച്ച് മടങ്ങാന്‍ അന്തിമ തീരുമാനമായത്. സമരത്തിനിടെ മരണമടഞ്ഞ കര്‍ഷകര്‍ക്ക് ആദരാഞ്ജലികളര്‍പ്പിച്ചതിന് ശേഷം ശനിയാഴ്ച വിജയദിവസമായി ആഘോഷിച്ച് സമരക്കാര്‍ ഡല്‍ഹി അതിര്‍ത്തി വിടും.

‘താല്‍ക്കാലികമായി സമരം അവസാനിപ്പിക്കുകയാണ്. ജനുവരി 15ന് അവലോകന യോഗം ചേരും. ഇപ്പോള്‍ നല്‍കിയിരിക്കുന്ന ഉറപ്പുകള്‍ പാലിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ സമരം പുനരാരംഭിക്കും’, യോഗത്തിന് ശേഷം കിസാന്‍ മോര്‍ച്ച നേതാക്കള്‍ അറിയിച്ചു. ഡല്‍ഹി അതിര്‍ത്തികളിലെ ഉപരോധം പൂര്‍ണമായി പിന്‍വലിക്കാനാണ് നിലവിലത്തെ തീരുമാനം.

താങ്ങുവില സമിതിയില്‍ കര്‍ഷക പ്രതിനിധികളെ ഉള്‍പ്പെടുത്തും, ഡല്‍ഹി, ഹരിയാന, യുപി സംസ്ഥാനങ്ങളിലായി സമരക്കാര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള നൂറുകണക്കിന് കേസുകള്‍ പിന്‍വലിക്കും, മരിച്ച കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കും, വൈദ്യുതി ഭേദഗതി ബില്ലില്‍ സമഗ്ര ചര്‍ച്ച നടത്തും, മലിനീകരണ നിയന്ത്രണ നിയമത്തിലെ കര്‍ഷകര്‍ക്കെതിരായ ക്രിമിനല്‍ നടപടികള്‍ ഒഴിവാക്കും എന്നിവയാണ് കേന്ദ്രസര്‍ക്കാര്‍ സമരക്കാര്‍ക്ക് നല്‍കിയിരിക്കുന്ന ഉറപ്പുകള്‍.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി അറിയിച്ചതിന് പിന്നാലെയാണ് ഈ ആവശ്യങ്ങളുന്നയിച്ച് സംയുക്ത കിസാന്‍ മോര്‍ച്ച സര്‍ക്കാരിന് കത്ത് നല്‍കിയത്. ഈ ആവശ്യങ്ങള്‍ പ്രാവര്‍ത്തികമാക്കുമെന്ന് കഴിഞ്ഞദിവസം കേന്ദ്രസര്‍ക്കാര്‍ രേഖാമൂലം ഉറപ്പ് നല്‍കുകയായിരുന്നു. താങ്ങുവില നിയമപരമാക്കുന്നതും ലഖിംപൂര്‍ ഖേരി സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ രാജിയിലും സര്‍ക്കാര്‍ വ്യക്തത വരുത്തിയിട്ടില്ല. വിവാദ കാര്‍ഷിക നിയമങ്ങള്‍ പാര്‍ലമെന്റ് റദ്ദാക്കിയെങ്കിലും മറ്റ് ആവശ്യങ്ങളുന്നയിച്ച് കര്‍ഷകര്‍ സമരം തുടരുകയായിരുന്നു.

കര്‍ഷക പ്രക്ഷോഭത്തിന്റെ നാള്‍വഴി

2020 സെപ്തംബര്‍ 14-നാണ് പുതിയ കാര്‍ഷിക നിയമങ്ങളടങ്ങിയ ഓര്‍ഡിനന്‍സ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. സെപ്തംബര്‍ 17ന് ലോക്സഭ ബില്ലിന് അംഗീകാരം നല്‍കി. ഓര്‍ഡിനന്‍സ് കര്‍ഷക വിരുദ്ധമാണെന്ന് നിലപാടറിയിച്ച് കേന്ദ്ര ഭക്ഷ്യവകുപ്പ് മന്ത്രി ഹര്‍സിംറത്ത് കൗര്‍ ബാദല്‍ രാജിവെച്ചു. ശിരോമണി അകാലിദള്‍ നേതാവായിരുന്നു ഇവര്‍.

പ്രതിപക്ഷ കക്ഷികളുടെ എതിര്‍പ്പുകള്‍ക്കിടെ സെപ്തംബര്‍ 20ന് രാജ്യസഭ ഓര്‍ഡിനന്‍സ് പാസാക്കി.

അന്നുതന്നെ റെയില്‍വേ ട്രാക്ക് ഉപരോധിക്കുമെന്ന് പ്രഖ്യാപിച്ച് പഞ്ചാബിലെ കര്‍ഷകര്‍ ആദ്യ പ്രക്ഷോഭമാരംഭിച്ചു. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്നതായിരുന്നു ഉപരോധം.

ഓള്‍ ഇന്ത്യാ കിസാന്‍ സംഘ് കോഡിനേഷന്‍ കമ്മിറ്റിയുടെ പിന്തുണയോടെ കര്‍ഷകര്‍ തെരുവുകളിലേക്കിറങ്ങി. സെപ്തംബര്‍ 24-ന് ഗോതമ്പും അരിയും ഏറ്റവുമധികം ഉല്‍പാദിപ്പിക്കുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ കര്‍ഷകര്‍, റെയില്‍വേയും ഹൈവേയും ഉപരോധിച്ച് രാജ്യതലസ്ഥാനത്തേക്ക് ട്രാക്ടര്‍ റാലിയുമായി നീങ്ങി.

ഈ പ്രതിഷേധങ്ങളെ വകവെക്കാതെ സെപ്തംബര്‍ 27-ന് പുതുക്കിയ കാര്‍ഷിക ബില്ലുകള്‍ക്ക് രാഷ്ട്രപതി അംഗീകാരം നല്‍കി. വിജ്ഞാപനത്തിലൂടെ ബില്ലുകള്‍ നിയമമായി.

ഇതോടെ രാജ്യവ്യാപകമായി പ്രതിഷേധം അലയടിച്ചു. നവംബര്‍ മൂന്ന് രാജ്യവ്യാപക കാര്‍ഷിക പ്രതിരോധം സംഘടിപ്പിക്കപ്പെട്ടു. തുടര്‍ന്ന് നവംബര്‍ 25-നാണ് സംയുക്ത കിസാന്‍ യൂണിയന്‍ പ്രക്ഷോഭം ആരംഭിച്ചത്. തൊട്ടുപിറ്റേന്ന് കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ചിനെ പൊലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും ലാത്തിയുമുപയോഗിച്ച് നേരിട്ടു. ഡല്‍ഹി അതിര്‍ത്തികളില്‍ സമരക്കാരെ തടഞ്ഞു. തുടര്‍ന്ന് സമാധാനപരമായി പ്രതിഷേധിക്കണമെന്ന നിബന്ധനയോടെ ഡല്‍ഹിയിലേക്ക് പ്രവേശനമനുവദിച്ചു. നിരങ്കാരി മൈതാനത്ത് കര്‍ഷക പ്രക്ഷോഭമിരമ്പി.

ഡിസംബര്‍ ഒന്നിന് കര്‍ഷക പ്രതിനിധികളുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍, ചര്‍ച്ച അലസിപ്പിരിഞ്ഞു. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ സമരക്കാര്‍ക്ക് പിന്തുണയുമായി രംഗത്തെത്തി. നിയമവിരുദ്ധമായി ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നെന്ന് ആരോപിച്ച് വിദേശകാര്യമന്ത്രാലയം വിദേശ പിന്തുണയുടെ മുനയൊടിച്ചു.

ഡിസംബര്‍ അഞ്ചിന് നടത്തിയ രണ്ടാം ചര്‍ച്ചയിലും പരിഹാരമായില്ല. ഇതോടെ ഡിസംബര്‍ എട്ടിന് കര്‍ഷക സംഘടനകള്‍ ഭാരത് ബന്ദ് പ്രഖ്യാപിച്ചു. തുടര്‍ന്ന് സുപ്രീംകോടതി വിഷയത്തിലിടപെട്ടു. കാര്‍ഷിക നിയമങ്ങള്‍ പുനഃപരിശോധിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഡിസംബര്‍ 21ന് സമരനേതാക്കള്‍ 24 മണിക്കൂര്‍ നിരാഹാര സമരം പ്രഖ്യാപിച്ചു. ഡിസംബര്‍ 30ന് നടത്തിയ ആറാംവട്ട ചര്‍ച്ചയും ജനുവരി നാലിലെ ഏഴാംവട്ട പരാജയപ്പെട്ടു. ഇതിനിടെ മുപ്പതിലധികം പ്രക്ഷോഭകര്‍ക്ക് ഡല്‍ഹിയിലെ കൊടുംശൈത്യംമൂലം ജീവന്‍ വെടിയേണ്ടി വന്നു.

ജനുവരി 12ന് കാര്‍ഷിക നിയമങ്ങള്‍ നടപ്പിലാക്കാനുള്ള നീക്കങ്ങള്‍ സുപ്രീംകോടതി സ്റ്റേ ചെയ്തു. കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ചായിരുന്നു സുപ്രീംകോടതിയുടെ രണ്ടാം ഇടപെടല്‍.

ജനുവരി 26ന് റിപബ്ലിക് ദിനത്തില്‍ സമരം കൂടുതല്‍ സങ്കീര്‍ണമായി. ചെങ്കോട്ടയിലേക്കുള്ള കര്‍ഷകരുടെ ട്രാക്ടര്‍ റാലി പൊലീസ് തടഞ്ഞു. പൊലീസും സമരക്കാരും തമ്മിലുള്ള സംഘര്‍ഷത്തിനിടെ ഒരു കര്‍ഷകന്‍ കൊല്ലപ്പെട്ടു. സമരത്തിന്റെ ഭാവം അടിമുടി മാറി. പ്രക്ഷോഭം അക്രമാസക്തമായി. എന്നാല്‍, സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ സംഘ്പരിവാര്‍ അനുകൂലികളായിരുന്നെന്ന് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി. സംഘര്‍ഷത്തില്‍ പങ്കെടുത്ത ബിജെപി അനുഭാവിയായ നടന്‍ ദീപ് സിദ്ദുവിന്റെ ഇടപെടലുകളും പിന്നീട് വെളിപ്പെട്ടു.

തുടര്‍ന്ന് ഗാസിപ്പൂരിലും ഗാസിയാബാദിലും തമ്പടിച്ചിരിക്കുന്ന കര്‍ഷകര്‍ സമരവേദിയൊഴിയണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു. ഇത് വകവെക്കാന്‍ സമരക്കാര്‍ തയ്യാറായില്ല. ഫെബ്രുവരിയോടെ സമരത്തിന് രാജ്യത്തിന് പുറത്തുനിന്നും പിന്തുണയേറി. വിദേശ മാധ്യമങ്ങള്‍ സമരത്തിന് വലിയ പ്രാധാന്യം നല്‍കി. ലോകപ്രശസ്ത ഗായിക റിഹാന കര്‍ഷകരെ പിന്തുണച്ച് ട്വിറ്ററില്‍ ഹാഷ്ടാഗ് ക്യാമ്പയിനിങിന് തുടക്കം കുറിച്ചു. ഗ്രേറ്റ തന്‍ബെര്‍ഗ്, യു.എസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ ബന്ധു മീന ഹാരിസ് തുടങ്ങിയവര്‍ ഇതിനെ പിന്തുണച്ചെത്തി. എന്നാല്‍, വിദേശകാര്യമന്ത്രാലയം ഈ ഇടപെടലുകളെയും തള്ളിപ്പറഞ്ഞു.

സമരക്കാര്‍ പൂര്‍വ്വാധികം ശക്തിയോടെ പ്രക്ഷോഭം തുടര്‍ന്നു. മാര്‍ച്ച് ആറിന് സമരം നൂറാം ദിനം പിന്നിട്ടു. മാര്‍ച്ച് എട്ടിന് സിംഗു അതിര്‍ത്തിയില്‍ പൊലീസും സമരക്കാരും ഏറ്റുമുട്ടി. കര്‍ഷകര്‍ക്കുനേരെ പൊലീസ് വെടിയുതിര്‍ത്തു.

പ്രക്ഷോഭത്തിന്റെ അറാം മാസം മെയ് 27ന് കര്‍ഷകര്‍ കരിദിനമാചരിച്ചു.

ജൂലൈയില്‍ പാര്‍ലമെന്റ് സമ്മേളനത്തിന് സമാന്തരമായി കര്‍ഷകര്‍ കിസാന്‍ പാര്‍ലമെന്റും മഹാപഞ്ചായത്തും നടത്തി. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ജൂലൈ 26ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ട്രാക്ടര്‍ റാലി നടത്തി. പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തിലും പ്രതിപക്ഷ കക്ഷികള്‍ കാര്‍ഷിക നിയമം ചര്‍ച്ചയാക്കി.

സെപ്തംബര്‍ അഞ്ചിന് അഞ്ച് ലക്ഷത്തോളം കര്‍ഷകര്‍ യു.പിയിലെ മുസാഫര്‍നഗറില്‍ ഒന്നിച്ചുകൂടി മഹാപഞ്ചായത്ത് നടത്തി.

ഒക്ടോബര്‍ അഞ്ചിന് യു.പിയിലെ ലംഖിപുര്‍ ഖേരിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്കിടയിലേക്ക് കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര വണ്ടിയോടിച്ച് കയറ്റി. അപകടത്തില്‍ നാല് കര്‍ഷകര്‍ കൊല്ലപ്പെട്ടു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും നാലുപേര്‍ മരിക്കുകയും ചെയ്തു.

ഒക്ടോബര്‍ 22ന് പ്രതിഷേധക്കാര്‍ യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നെന്ന് കാണിച്ച് നല്‍കിയ ഹരജി പരിഗണിച്ച സുപ്രീംകോടതി, പ്രതിഷേധിക്കുന്നത് ജനങ്ങളുടെ അവകാശമാണെന്ന് നിരീക്ഷിക്കുകയും അനിശ്ചിതമായി സമരക്കാര്‍ പൊതുവഴി തടയരുതെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു.

ഒടുവില്‍ നവംബര്‍ 19ന് നിയമം പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. പിന്നാലെ ആറ് ആവശ്യങ്ങളുന്നയിച്ച് സമരക്കാര്‍ കേന്ദ്രത്തിന് കത്ത് നല്‍കി. ഈ കത്തില്‍ കേന്ദ്രത്തിന്റെ ഉറപ്പ്

ഡിസംബര്‍ ഒമ്പതിന് ചേര്‍ന്ന യോഗത്തില്‍ സമരം അവസാനിപ്പിക്കാന്‍ സംയുക്ത കിസാന്‍ മോര്‍ച്ച തീരുമാനമെടുത്തു.