‘മരക്കാര്‍’ നേരിട്ട് ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ ആന്റണി പെരുമ്പാവൂരിനും മോഹന്‍ലാലിനുമെതിരെ പരസ്യപ്രതിഷേധങ്ങള്ക്കൊരുങ്ങി തിയേറ്ററുടമകളുടെ സംഘടനയായ ഫിയോക്. മരക്കാര്‍ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുന്ന ദിവസം കരിദിനമായി ആചരിക്കാന്‍ ഫിയോക് യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി കേരളത്തിലെ എല്ലാ തിയേറ്ററുകളിലും കരിങ്കൊടി കെട്ടും. കൂടാതെ തിയേറ്റര്‍ ജീവനക്കാര്‍ അന്നേ ദിവസം കറുത്ത ബാഡ്ജ് ധരിച്ച് ജോലി ചെയ്യണമെന്നും സംഘടനാ നേതൃത്വം നിര്‍ദ്ദേശിച്ചു. കെ വിജയകുമാറിന്റെ അദ്ധ്യക്ഷതയില്‍ ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിലാണ് ഫിയോക് തീരുമാനം.
ഒടിടിയില്‍ റിലീസ് ചെയ്യുന്ന ചിത്രങ്ങള്‍ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുകയില്ലെന്ന് ഫിയോക് ഉറച്ച് തീരുമാനമെടുത്തു. ഇക്കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ച്ചയും വേണ്ടെന്നാണ് നിലപാട്. ഒടിടിയിലും തിയേറ്ററിലും ഒരേ സമയം സിനിമ റിലീസ് ചെയ്യുന്നതിനോടും സഹകരിക്കില്ല. മരക്കാര്‍ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകളെ പുറത്താക്കാനും ഫിയോക് യോഗത്തില്‍ തീരുമാനമായി. മരക്കാര്‍ ആശിര്‍വാദ് സിനിമാസിന്റെ തിയേറ്ററുകളില്‍ സ്ക്രീന്‍ ചെയ്യുമെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞതിന്റെ പശ്ചാത്തലത്തിലാണിത്.
‘കേശു ഈ വീടിന്റെ നാഥന്’ ഒടിടിയില്‍ റിലീസ് ചെയ്യരുതെന്നും സിനിമ തിയേറ്ററുകള്‍ക്ക് തന്നെ നല്‍കണമെന്നും ഫിയോക് ദിലീപിനോട് ആവശ്യപ്പെട്ടു. ഫിയോകിന്റെ സ്ഥാപകനേതാക്കളില്‍ ഒരാളായ ദിലീപ് നിലവില്‍ സംഘടനയുടെ സംസ്ഥാന ചെയര്‍മാനാണ്. ‘കേശു ഈ വീടിന്റെ നാഥന്’ നിര്‍മ്മാതാക്കള്‍ ഒടിടി റിലീസിന് അനുമതി തേടി സിനിമാ സംഘടനകള്‍ക്ക് കത്ത് നല്‍കിയിരുന്നു. ദിലീപിനെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് കേശു. ഉര്‍വ്വശിയാണ് ചിത്രത്തിലെ നായിക. സജീവ് പാഴൂര്‍ തിരക്കഥയൊരുക്കിയ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് നാഥ് ഗ്രൂപ്പ് ആണ്.
മോഹന്‍ലാലിന്റെ നിര്‍ദ്ദേശത്തേത്തുടര്‍ന്നാണ് മരക്കാര്‍ ഒടിടിക്ക് നല്‍കിയതെന്ന ആന്റണിയുടെ പരാമര്‍ശം വിവാദമായിരുന്നു. മറ്റ് നാല് സിനിമകള്‍ കൂടി നേരിട്ട് ഒടിടിയില്‍ റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചതോടെ രൂക്ഷ പ്രതികരണവുമായി ഫിയോക് രംഗത്തെത്തുകയുണ്ടായി. സിനിമ ഒരു നടനെ കേന്ദ്രീകരിച്ചല്ല നിലനില്‍ക്കുന്നതെന്ന് ഫിയോക് പ്രസിഡന്റ് പറഞ്ഞു. അഞ്ചല്ല 50 സിനിമകള്‍ ഒടിടിയിലേക്ക് പോയാലും സിനിമ നിലനില്ക്കും. ഉപാധികളില്ലാതെയാണ് ദുല്‍ഖര്‍ സല്മാന് നിര്‍മ്മിക്കുന്ന കുറുപ്പ് തിയേറ്ററില്‍ റിലീസ് ചെയ്യുന്നതെന്നും വിജയകുമാര്‍ ചൂണ്ടിക്കാട്ടി. കേരളത്തിലെ 450 സ്ക്രീനുകളില്‍ കുറഞ്ഞത് രണ്ടാഴ്ച്ചയെങ്കിലും കുറുപ്പ് ഓടിക്കാനാണ് ഫിയോകിന്റെ തീരുമാനം.