‘മരക്കാര്‍ ഒടിടി റിലീസ് ചെയ്യരുത്’; ഇടപെട്ട് ഫിലിം ചേംബറും

കൊച്ചി: മോഹന്‍ലാല്‍ നായകനായെത്തുന്ന ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ ഒടിടി റിലീസിന് നല്‍കാനുള്ള തീരുമാനത്തിനെതിരെ ഫിലിം ചേംബര്‍. തിയേറ്ററുകള്‍ തുറക്കുന്ന പശ്ചാത്തലത്തില്‍ മരക്കാര്‍ ഒടിടി റിലീസിന് നല്‍കരുതെന്ന് ഫിലിം ചേംബര്‍ ആവശ്യപ്പെട്ടു. തിയേറ്റര്‍ ഉടമകളുടെ ആവശ്യപ്രകാരമാണ് ഫിലിംചേംബറിന്റെ ഇടപെടല്‍. ഇക്കാര്യത്തില്‍ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരുമായും മോഹന്‍ ലാലുമായും ഫിലിം ചേംബര്‍ പ്രസിഡന്റ് ജി സുരേഷ് കുമാര്‍ ചര്‍ച്ച നടത്തും.

മരക്കാര്‍ ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ റിലീസ് ചെയ്യാനുള്ള തീരുമാനം അത്യന്തം ഖേദകരമാണെന്ന് ഫിയോകിന്റെ അധ്യക്ഷന്‍ വിജയകുമാറും പ്രതികരിച്ചിരുന്നു. കഴിഞ്ഞ ഓണക്കാലത്ത് വളരെ പ്രതികൂലമായ സാഹചര്യത്തില്‍പ്പോലും സിനിമ ഒടിടി റിലീസിന് നല്‍കാതിരുന്ന അണിയറ പ്രവര്‍ത്തകര്‍ ഇപ്പോള്‍ ഇങ്ങനെയൊരു തീരുമാനമെടുക്കുന്നതിന്റെ കാരണം മനസിലാകുന്നില്ലെന്നും ചിത്രം തീയേറ്ററില്‍ത്തന്നെ എത്തുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ചിത്രം ഒടിടിയിലേക്ക് പരിഗണിക്കുന്നെന്ന് ആന്റണി പെരുമ്പാവൂരാണ് കഴിഞ്ഞ ദിവസം അറിയിച്ചത്. ആമസോണ്‍ പ്രൈം വീഡിയോയുമായി ചര്‍ച്ച നടത്തിയെന്നും മരക്കാര്‍ ഈ വര്‍ഷം തന്നെ പ്രേക്ഷകരിലേക്കെത്തും എന്നുമായിരുന്നു അദ്ദേഹം അറിയിച്ചത്.

മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ഒടിടിയിലാകും റിലീസ് ചെയ്യുകയെന്ന് ദിവസങ്ങള്‍ക്ക് മുന്‍പേ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മുംബൈയിലെ ആമസോണ്‍ പ്രൈം വീഡിയോ ഓഫീസില്‍ ചിത്രത്തിന്റെ പ്രത്യേക പ്രീമിയര്‍ നടന്നെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. ഈ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ രൂക്ഷ പ്രതിഷേധവുമായി തിയേറ്റര്‍ ഉടമകള്‍ രംഗത്തെത്തിയിരുന്നു. കൊവിഡിനേത്തുടര്‍ന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ തിയേറ്ററുകള്‍ക്ക് മോഹന്‍ലാല്‍ ചിത്രമുണ്ടാക്കുന്ന ഇനീഷ്യല്‍ ക്രൗഡ്പുള്ളും കളക്ഷനും പുതുജീവന്‍ നല്‍കുമെന്ന പ്രതീക്ഷകള്‍ക്കിടെയാണ് ഒടിടി റിലീസ് വാര്‍ത്തകളെത്തിയത്. സിനിമയുടെ പേരില്‍ തങ്ങളില്‍ നിന്ന് രണ്ട് വര്‍ഷം മുന്‍പ് 10 ലക്ഷം മുതല്‍ 20 ലക്ഷം വരെ വാങ്ങിയതും തിയേറ്റര്‍ ഉടമകള്‍ ചൂണ്ടിക്കാട്ടി.

മരക്കാര്‍ ഒടിടിയിലേക്കെന്ന വാര്‍ത്ത തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ യോഗത്തിലും വലിയ ചര്‍ച്ചയായിരുന്നു. ആന്റണി പെരുമ്പാവൂരിനേയും നടന്‍ പൃഥ്വിരാജിനേയും വിലക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം തിയേറ്റര്‍ ഉടമകള്‍ രംഗത്തെത്തി. ഇതിനേത്തുടര്‍ന്ന് സംഘടനാ നേതൃത്വം രഹസ്യ ബാലറ്റുപയോഗിച്ച് വോട്ടെടുപ്പ് നടത്തിയിരുന്നു.

പകുതി പേര്‍ക്ക് മാത്രം പ്രവേശനം നല്‍കിയും രണ്ട് ഡോസ് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കിയുമുള്ള പ്രദര്‍ശനത്തില്‍ വലിയ ചിത്രങ്ങളുടെ നിര്‍മ്മാതാക്കള്‍ക്ക് ആത്മവിശ്വാസം കുറവാണ്. ജനം തിയേറ്ററുകളിലെത്തിയില്ലെങ്കില്‍ നല്ല തുടക്കം കിട്ടാതിരിക്കുമോയെന്നും നിര്‍മ്മാതാക്കള്‍ക്ക് ആശങ്കയുണ്ട്.

മലയാളത്തില്‍ നിന്ന് ആദ്യമായി നൂറുകോടി ക്ലബ്ബില്‍ കയറിയ ദൃശ്യത്തിന്റെ രണ്ടാം ഭാഗം ആമസോണ്‍ പ്രൈമിലാണ് റിലീസ് ചെയ്തത്. മോഹന്‍ലാല്‍-ജീത്തു ജോസഫ് ചിത്രം ഒടിടിയില്‍ വമ്പന്‍ ഹിറ്റായി. ടെലിവിഷന്‍ പ്രീമിയറിലും റെക്കോര്‍ഡ് കാഴ്ച്ചക്കാരെയാണ് ദൃശ്യം 2 നേടിയത്. തിയേറ്റര്‍ തുറക്കുന്നതുവരെ കാത്തിരിക്കാന്‍ നിവൃത്തിയില്ലെന്ന നിസ്സഹായാവസ്ഥ ചൂണ്ടിക്കാട്ടിയാണ് ആന്റണി പെരുമ്പാവൂര്‍ ചിത്രം ഒടിടി റിലീസിന് നല്‍കിയത്. ബിഗ് ബജറ്റ് ചിത്രമായ മരക്കാര്‍ തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യുമെന്ന ഉറപ്പും ആന്റണി പെരുമ്പാവൂര്‍ തിയേറ്റര്‍ ഉടമകള്‍ക്ക് നല്‍കിയിരുന്നു. മോഹന്‍ലാലും ജീത്തു ജോസഫും വീണ്ടുമൊരുമിക്കുന്ന സസ്‌പെന്‍സ് ത്രില്ലര്‍ ‘ട്വല്‍ത് മാന്‍’ മൂന്നാഴ്ച്ച മുമ്പ് ഷൂട്ട് പൂര്‍ത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷനിലേക്ക് കടന്നു. ആന്റണി പെരുമ്പാവൂര്‍ തന്നെ നിര്‍മ്മിക്കുന്ന ഈ ചിത്രം ഒടിടിയിലാകും ആദ്യം റിലീസ് ചെയ്യുകയെന്ന് റിപ്പോര്‍ട്ടുകളുണ്ട്.