സംസ്ഥാനത്തിന്റെ സാമ്പത്തിക നില അതിഗുരുതരമെന്ന് ധനമന്ത്രി; ‘പ്രതിസന്ധിയിലും വാഗ്ദാനങ്ങളില്‍ നിന്ന് പിന്നോട്ടില്ല’

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തികനില അതിഗുരുതരമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. പ്രതിസന്ധിയിലും വാഗ്ദാനങ്ങളില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്നോട്ട് പോകില്ലെന്നും അദ്ദേഹം പറഞ്ഞു. കേസരി ജേണലിസ്റ്റ് ട്രസ്റ്റിന്റെ ‘മീറ്റ് ദ പ്രസ്’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു.

സംസ്ഥാനങ്ങള്‍ക്ക് വിഭജിക്കേണ്ട നികുതി വിഹിതത്തില്‍ കേന്ദ്രം വന്‍ കുറവ് വരുത്തി. ഈ സമീപനം തുടര്‍ന്നാല്‍ അടുത്ത രണ്ട് വര്‍ഷത്തിനകം സംസ്ഥാനത്തിന് കിട്ടിയിരുന്നതില്‍ 32000 കോടി രൂപയുടെ കുറവ് വരുമെന്നും കെഎന്‍ ബാലഗോപാല്‍ പറഞ്ഞു.

ധനകമ്മീഷന്‍ വിഹിതം അടുത്ത വര്‍ഷം 15000 കോടി ലഭിക്കും. അതിനടുത്ത വര്‍ഷം 4000 കോടിയും. പിന്നീട് കിട്ടില്ല. 2022 ജൂലൈക്ക് ശേഷം ജി.എസ്.ടി നഷ്ടപരിഹാരവും ലഭിക്കില്ലെന്നും കെഎന്‍ ബാലഗോപാല്‍ പറഞ്ഞു.

പ്രതിസന്ധിയിലും വാഗ്ദാനങ്ങളില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്നോട്ട് പോകില്ല. പൊതുമേഖല വില്‍ക്കില്ല. ജി.എസ്.ടി പരിഹാരം അഞ്ച് വര്‍ഷം കൂടി നീട്ടണമെന്ന് അടുത്ത ജി.എസ്.ടി കൗണ്‍സിലില്‍ ആവശ്യപ്പെടും. കേന്ദ്രം പിരിച്ചെടുത്ത നികുതിയില്‍ സംസ്ഥാനത്തിന് തരാനുള്ളത് തരണം. കടംവാങ്ങല്‍ പരിധി വീണ്ടും കുറച്ചു. ഇത് അഞ്ച് ശതമാനമാക്കണം. വൈദ്യുതി ബോര്‍ഡിന്റെ കടഭാരം ഏറ്റെടുക്കാന്‍ കേന്ദ്രം വ്യവസ്ഥ വെച്ചിട്ടുണ്ട്. സഞ്ചിത നഷ്ടം അടക്കം ഇതിന്റെ സാമ്പത്തിക സാഹചര്യം പരിശോധിക്കുമെന്നും കെഎന്‍ ബാലഗോപാല്‍ പറഞ്ഞു.

കിഫ്ബി ശക്തമായി മുന്നോട്ട് പോകും, സാമ്പത്തിക സാഹചര്യം മറികടക്കാനാകുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ആഗസ്തില്‍ നികുതിയില്‍ 30 ശതമാനം വര്‍ധന വന്നു. എന്നാല്‍ അത് കൊവിഡിന് മുമ്പത്തേതിനേക്കാള്‍ താഴെയാണ്. സാമ്പത്തിക രംഗം സജീവമാക്കും. വീണ്ടും ഭക്ഷ്യകിറ്റ് നല്‍കുന്നത് ആലോചിച്ചിട്ടില്ല. കൊവിഡ് രണ്ടാം തരംഗത്തിന്റെ ആഘാതം പഠിക്കാന്‍ ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ടിനെ ചുമതലപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.