തിരുവനന്തപുരം: കേരളം വിലകൊടുത്തുവാങ്ങുന്ന കൊവിഷീല്‍ഡ് വാക്സിന് ഇന്ന് സംസ്ഥാനത്തെത്തും. മൂന്നര ലക്ഷം ഡോസ് വാക്സിനാണ് ഇന്നെത്തുക. ആദ്യബാച്ച് വാക്സിന് ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ എറണാകുളത്ത് എത്തും.
ഒരു കോടി വാക്ലിനാണ് കമ്പനികളില്‍നിന്നും വില കൊടുത്ത് വാങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതില്‍ 75 ലക്ഷം കൊവിഷീല്‍ഡും 25 ലക്ഷം കൊവാക്സിനുമാണ്. എറണാകുളത്തെത്തുന്ന വാക്സിന് മറ്റ് ജില്ലകളിലേക്ക് വിതരണം ചെയ്യും.
സംസ്ഥാനം വിലകൊടുത്ത് വാങ്ങുന്ന വാക്സിന് 18 വയസിന് മുകളിലുള്ളവര്‍ക്ക് ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു.
ഗുരുതര രോഗികള്‍ക്കും സമൂഹത്തില്‍ നിരന്തരം ഇടപഴകുന്നവര്ക്കുമാവും മുന്‍ഗണന. കടകളിലെ തൊഴിലാളികള്‍, ബസ് ജീവനക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍, ഗ്യാസ് ഏജന്‍സി ജീവനക്കാര്‍ എന്നിവര്‍ക്ക് വാക്സിന് ലഭിക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്. മാധ്യമപ്രവര്‍ത്തകരെ വാക്സിന് നല്‍കുന്നതിലെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് സര്‍ക്കാര്‍ ഞായറാഴ്ച അറിയിച്ചിരുന്നു.