അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ദേശീയ രാഷ്ട്രീയത്തില്‍ പ്രതിഫലിക്കുന്നതിങ്ങനെ; മുന്നോട്ടുപോകാന്‍ ബിജെപിക്ക് മോഡി കരിസ്മ മതിയാകാതെ വരും

കൊച്ചി: കഴിഞ്ഞ രണ്ടുമാസത്തിനിടെ നടന്ന അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഒന്നൊഴികെ നാലിടങ്ങളിലെ ഫലങ്ങളിലൊന്നുപോലും അപ്രതീക്ഷിതമായിരുന്നില്ല. പശ്ചിമ ബംഗാളാണ് അപ്രതീക്ഷിത വഴിത്തിരിവുകളണ്ടായ സംസ്ഥാനം. ബംഗാളിലെ പ്രവചനാതീതമായ മത്സര ഫലം ഒടുവില്‍, അതിശയകരവും ശ്രദ്ധേയവുമായി മാറി.

മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ് ബിജെപി മുമ്പോട്ടുവെച്ച കടുത്ത വെല്ലുവിളിയോട് പൊരുതുകയും ബംഗാള്‍ പിടിക്കാനുള്ള ബിജെപിയുടെ സ്വപ്‌നത്തിന് തുരങ്കമിടുകയും ചെയ്തു. കേരളത്തില്‍ എല്‍ഡിഎഫും അസമില്‍ ബിജെപിയും തമിഴനാട്ടില്‍ ഡിഎംകെയും പുതുച്ചേരിയിലെ ഭരണമാറ്റവും എല്ലാം ഏറക്കുറെ പ്രതീക്ഷിച്ചിരുന്നതാണ്. ജയപരാജയങ്ങളുടെ തോതില്‍ ഏറ്റക്കുറച്ചിലുകളുണ്ടായെന്ന് മാത്രം.

ദേശീയ രാഷ്ട്രീയത്തിന്റെ കണ്ണില്‍ക്കൂടി നോക്കിയാല്‍ രാഷ്ട്രീയവും സ്വഭാവവും വിഭിന്നങ്ങളായ രാജ്യത്തിന്റെ രണ്ട് ദിക്കുകളിലെ സംസ്ഥാനങ്ങളിലായിരുന്നു ഈ തെരഞ്ഞെടുപ്പുകള്‍ നടന്നത്. രാജ്യത്തിന്റെ വടക്ക് കിഴക്കും, കിഴക്കും, തെക്കും തമ്മില്‍ രാഷ്ട്രീയത്തില്‍ അജഗജാന്തരം വ്യത്യാസമുണ്ട്. എന്നിരുന്നാലും ഈ അഞ്ച് ഫലങ്ങളും ദേശീയ രാഷ്ട്രീയത്തില്‍ ചില ചലനങ്ങളുണ്ടാക്കുമെന്നുറപ്പാണ്.

കേരളത്തില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുഡിഎഫിനെ പരാജയപ്പെടുത്തി എല്‍ഡിഎഫ് സര്‍ക്കാരിന് ഭരണത്തുടര്‍ച്ചയുണ്ടാകും എന്നുതന്നെയായിരുന്നു പൊതു അനുമാനം. ഓരോ അഞ്ചുവര്‍ഷം കൂടുമ്പോഴും മുന്നണിയെ മാറ്റി പരീക്ഷിക്കുന്ന പതിവിന് വിപരീതമായിട്ടായിരുന്നു ഇത്. രണ്ട് പ്രളയത്തെയും കൊവിഡിനെയും നേരിട്ട സര്‍ക്കാരിന് അനുകൂലമായി ജനം വിധിയെഴുതിയെന്നാണ് വിലയിരുത്തല്‍. ശക്തമായ നേതൃത്വമില്ലാതിരുന്നതും സര്‍ക്കാരിനെതിരെ പ്രതിരോധം തീര്‍ക്കുന്നതില്‍ പരാജയം സംഭവിച്ചതും തദ്ദേശതെരഞ്ഞെടുപ്പിന് ശേഷം മുന്നണിയെ ശക്തിപ്പെടുത്തുന്നതില്‍ ഏറ്റക്കുറച്ചിലുകളുണ്ടായതും യുഡിഎഫിന്റെ പതനത്തിന് ആക്കം കൂട്ടി. പ്രിയങ്കാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പ്രചരണത്തിനെത്തിയിട്ടും കോണ്‍ഗ്രസിന് നിലമെച്ചപ്പെടുത്താനായില്ല. ബിജെപിക്ക് സംസ്ഥാനത്തുണ്ടായിരുന്ന ഏക അക്കൗണ്ട് പൂട്ടിച്ചും പാര്‍ട്ടിക്ക് ഇടംകൊടുക്കാതെയും കൂടിയാണ് കേരളം ശ്രദ്ധേയമാവുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പുകള്‍ പൊതുവെ സംസ്ഥാനങ്ങള്‍ക്കാണ് നിര്‍ണായകമാവുന്നതെങ്കിലും പശ്ചിമ ബംഗാളില്‍ ഇത്തവണ സ്ഥിതി അതായിരുന്നില്ല. ബംഗാളിളില്‍ ബിജെപിയുടെ ദേശീയ നേതാക്കള്‍ തമ്പടിച്ചു. ബംഗാളില്‍ നിന്നുള്ള ഫലങ്ങള്‍ ഏറ്റവും പ്രധാനമാവുന്നതിന്റെ കാരണവും ഇതുതന്നെയായിരുന്നു. രാജ്യത്തിന്റെ വടക്കും നടക്കും പടിഞ്ഞാറും ആധിപത്യം സ്ഥാപിച്ചതിനുശേഷം മറ്റിടങ്ങളിലേക്ക് പടരാനുള്ള ബിജെപിയുടെ ലക്ഷ്യങ്ങളില്‍ പ്രധാനപ്പെട്ടതായിരുന്നു ബംഗാള്‍. ബിജെപിയെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് പരിചയമുള്ള സംസ്ഥാനങ്ങളില്‍നിന്നും വ്യത്യസ്തമാണ് ബംഗാളിന്റെ രാഷ്ട്രീയ പാരമ്പര്യം. സംസ്ഥാനത്ത് ദുര്‍ബലമായ പ്രതിപക്ഷത്തെ ചൂഷണം ചെയ്തും തൃണമൂല്‍ നേതാക്കളെ പാളയത്തിലെത്തിച്ചും മമതയുടെ ഉള്ളില്‍ ഭീതിയുണ്ടാക്കി നേട്ടം കൊയ്യാമെന്നായിരുന്നു ബിജെപിയുടെ പ്രതീക്ഷ. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലമെത്തിയപ്പോള്‍ രണ്ടക്കം കടക്കാനാവാതെ പാര്‍ട്ടി തഴയപ്പെടുന്നതാണ് കണ്ടത്. സംസ്ഥാനത്ത് കോണ്‍ഗ്രസിനുണ്ടായ പതനവും കാണാതിരുന്നുകൂടാ. സാധാരണ കോണ്‍ഗ്രസിന് ഉറപ്പിക്കാവുന്ന മണ്ഡലങ്ങളിലൊന്നില്‍ പോലും പാര്‍ട്ടിക്ക് നിവര്‍ന്ന് നില്‍ക്കാന്‍ കഴിഞ്ഞിട്ടില്ല. തൃണമൂല്‍-ബിജെപി തരംഗങ്ങള്‍ക്കിടയില്‍ ജനം കോണ്‍ഗ്രസ്-ഇടത് സഖ്യത്തെ പ്രധാനപ്പെട്ടതായി കണ്ടില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടന്നത്.

കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സഖ്യത്തിന് അടിത്തറ വിട്ടുകൊടുക്കാതെ, അസമില്‍ അധികാരം തുടരാന്‍ കഴിഞ്ഞു എന്നതാണ് ഇത്തവണ ബിജെപിക്ക് ആശ്വസിക്കാനുള്ള ഒരു കാരണം. എന്നാല്‍, മൂന്നക്കത്തിലേക്ക് വിജയമെത്തിക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞിട്ടില്ല. സാധാരണ നിലയില്‍ പ്രതിപക്ഷത്തെ നിഷ്പ്രഭമാക്കുന്ന നീക്കമാണ് ബിജെപി നടത്താറുള്ളതെങ്കിലും അസമില്‍ ഇത്തവണ അതിന് കഴിഞ്ഞിട്ടില്ല. പൊരുതിത്തോറ്റെങ്കിലും കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സഖ്യം മികച്ച പ്രകടനമാണ് ഇത്തവണ കാഴ്ചവെച്ചത്. ബിജെപി സഖ്യം 74 സീറ്റ് നേടിയാണ് അധികാരം ഉറപ്പിച്ചത്. കോണ്‍ഗ്രസ് സഖ്യം 51 സീറ്റുകള്‍ നേടി മികച്ച പ്രകടനം നടത്തി. അധികാരം നേടാന്‍ കഴിഞ്ഞില്ലെങ്കിലും ബിജെപിക്ക് വെല്ലുവിളിയുയര്‍ത്താനും പ്രതിപക്ഷ നിരയിലേക്ക് നല്ല സംഖ്യ അംഗങ്ങളെയും നല്‍കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞു. എന്നാല്‍, തരുണ്‍ ഗൊഗോയിയുടെ മരണത്തിന് ശേഷം ശക്തനായ മുതിര്‍ന്ന നേതാവിനെ മുന്നോട്ടുവെക്കാനില്ലാത്തത് പാര്‍ട്ടിയെ വിഭാഗീയത വര്‍ധിക്കുന്ന ഘട്ടങ്ങളില്‍ പ്രതിരോധത്തിലാക്കുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്.

എഐഎഡിഎംകെയെ പത്തുവര്‍ഷമായുള്ള ഭരണത്തില്‍നിന്നും പുറത്താക്കി കോണ്‍ഗ്രസിന്റെയും ഇടതിന്റെയും പിന്തുണയോടെ ഡിഎംകെ അധികാരത്തിലെത്തും എന്നതിനും വലിയ അവിശ്വസനീയതകളുണ്ടായിരുന്നില്ല. എം കരുണാനിധിയുടെയും ജെ ജയലളിതയുടെയും മരണത്തിന് ശേഷം സംസ്ഥാനത്ത് നടക്കുന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പ് എന്ന പ്രത്യേകതയും തമിഴ്‌നാട്ടില്‍ ഇക്കുറിയുണ്ടായിരുന്നു. ജയലളിതയുടെ മരണശേഷം കേന്ദ്രത്തിന്റെ പിന്തുണയോടെ എടപ്പാടി കെ പളനിസ്വാമിയുടെ നേതൃത്വത്തില്‍ എഐഎഡിഎംകെ സര്‍ക്കാര്‍ ഭരണമേറ്റെടുക്കുകയായിരുന്നു. ദ്രാവിഡ രാഷ്ട്രീയത്തിന്റെ വിളനിലമായ തമിഴ്‌നാട്ടിലേക്ക് ഒരു എന്‍ട്രി പ്രതീക്ഷിച്ചായിരുന്നു ബിജെപിയുടെ ഓരോ നീക്കവും. എന്നാല്‍, ഈ പ്രതീക്ഷകള്‍ക്ക് തുരങ്കം വെച്ചാണ് എംകെ സ്റ്റാലിന്റെ നേതൃത്വത്തില്‍ ഡിഎംകെ കസേരയുറപ്പിച്ചത്. എന്നാല്‍, അയല്‍വക്കത്തുള്ള പുതുച്ചേരിയില്‍, എന്‍ആര്‍ കോണ്‍ഗ്രസിനെ തള്ളിമാറ്റി എന്‍ഡിഎ വിജയമുറപ്പിച്ചിട്ടുമുണ്ട്.

ഈ അഞ്ച് തെരഞ്ഞെടുപ്പ് ഫലങ്ങളും ദേശീയ രാഷ്ട്രീയത്തില്‍ പ്രതിഫലമുണ്ടാക്കാന്‍ പോന്നതാണ്. അസമിലും കേരളത്തിലും നിലമെച്ചപ്പെടുത്തുന്നതില്‍ കോണ്‍ഗ്രസിന് സംഭവിച്ച പരാജയം ദേശീയ തലത്തില്‍ പാര്‍ട്ടിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയേക്കാം. ഗാന്ധി കുടുംബത്തിന്റെ നേതൃത്വ പാടവത്തിന് നേരെ ചോദ്യങ്ങള്‍ ഉയരുകയും ചെയ്‌തേക്കാം. അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള അവസാന ഘട്ടത്തിലേക്ക് കടക്കുന്ന പാര്‍ട്ടിക്ക് മുന്‍ പ്രതീക്ഷകള്‍പോലെ രാഹുല്‍ ഗാന്ധിയെ എളുപ്പം നേതാവാക്കാന്‍ സാധിച്ചേക്കില്ല. ജി 23 നേതാക്കള്‍ കൂടുതല്‍ ശക്തരായേക്കാം.

കേരളത്തിലെ എല്‍ഡിഎഫിനും പിണറായി വിജയനും ഒരു ദേശീയ നായകത്വം ലഭിക്കുമെന്നതാണ് മറ്റൊന്ന്. പൗരത്വ ഭേദഗതി, കര്‍ഷക പ്രക്ഷോഭം തുടങ്ങിയ രാജ്യതാല്‍പര്യങ്ങളടങ്ങിയ വിഷയങ്ങളില്‍ ഇടത് സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകളും മറ്റ് ബിജെപിയുടെ പ്രതിപക്ഷ പാര്‍ട്ടികളുമായി നടത്തുന്ന സഹകരണവും വീണ്ടും ചര്‍ച്ചയായേക്കും. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ഉണ്ടാക്കിയ പ്രതിരോധങ്ങള്‍ക്കിടയിലും കേരളം ബിജെപിയെ തൂത്തെറിഞ്ഞ് ഇടത് അനുകൂലമായതും ചര്‍ച്ചയാവും എന്നാല്‍ ബംഗാളില്‍ കനല്‍ ഒരു തരിപോലുമില്ലെന്നത് സിപിഐഎമ്മിനെ പ്രതിസന്ധിയിലാക്കുകയും ചെയ്യും.

ബിജെപിയെ നേര്‍ക്കുനേര്‍നിന്ന് വെല്ലുവിളിക്കുന്ന കരുത്തുറ്റ നേതാവായി മമത ബാനര്‍ജിയുടെ പ്രതിച്ഛായയുയരും. അടുത്ത കാലങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ അസം നിലനിര്‍ത്തി എന്നതൊഴിച്ചാല്‍ മറ്റൊന്നും നേടാനായിട്ടില്ല എന്നത് മോഡിയുടെ കരിസ്മയില്‍ ചെറുതല്ലാത്ത നിഴല്‍ വീഴ്ത്താനും ഈ ഫലങ്ങള്‍ കാരണമാവും.