‘സത്യപ്രതിജ്ഞയില്‍ 500 പേര്‍ പങ്കെടുക്കും’; ഇത്തരം ചടങ്ങിന് ഈ സംഖ്യ വലുതല്ലെന്ന് മുഖ്യമന്ത്രി

എല്‍ഡിഎഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാച്ചടങ്ങില്‍ 500 പേര്‍ പങ്കെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം ചടങ്ങിന് ഈ സംഖ്യ വലുതല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സത്യപ്രതിജ്ഞാച്ചടങ്ങില്‍ പ്രവേശനം ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മാത്രമാണ്. ഉച്ചയ്ക്ക് 2:45ന് മുമ്പ് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പ്രവേശിക്കണം. മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയാണ് 500 പേര്‍. പ്രവേശനം പാസുള്ളവര്‍ക്ക് മാത്രമാണ്. 48 മണിക്കൂര്‍ മുന്‍പെടുത്ത കൊവിഡ് നെഗറ്റീവ് പരിശോധനാഫലം നിര്‍ബന്ധമാണ്. ടെസ്റ്റ് റിസല്‍റ്റോ രണ്ട് വാക്‌സിന്‍ ഡോസും എടുത്ത സര്‍ട്ടിഫിക്കറ്റോ ഹാജരാക്കണം. എംഎല്‍എമാര്‍ക്ക് ടെസ്റ്റിന് പ്രത്യേക സൗകര്യം ഒരുക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

ജനങ്ങളുടെ അടുത്തുവന്ന് നന്ദി പറയാന്‍ പോലും കഴിഞ്ഞിട്ടില്ല. ജനങ്ങള്‍ക്ക് മഹാമാരി മൂലം വരാനും കഴിയില്ല. വരാനാഗ്രഹിച്ചിട്ടും വരാന്‍ കഴിയാത്തവരെ ഹൃദയപൂര്‍വ്വം അഭിവാദ്യം ചെയ്യുന്നു. മഹാമാരി കുറയുന്ന മുറയ്ക്ക് രണ്ടാമൂഴം നമ്മള്‍ ഒന്നിച്ച് നിന്ന് ആഘോഷിക്കും.

മുഖ്യമന്ത്രി

ആ നല്ല കാലത്തിനായാണ് ഇന്ന് നമ്മള്‍ നിയന്ത്രണങ്ങള്‍ പാലിക്കുന്നത്. സത്യപ്രതിജ്ഞ വൈകിപ്പിച്ചത് പോലും ജനപങ്കാളിത്തം ഉറപ്പാക്കാനായിരുന്നു. എന്നാല്‍ അനിശ്ചിതമായി വൈകിപ്പിക്കാന്‍ ആകില്ല. ചടങ്ങ് കാണാന്‍ കടല്‍ കടന്ന് വരാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ പോലുമുണ്ട്. സര്‍ക്കാരിന്റെ ഭരണത്തുടര്‍ച്ചയില്‍ അകമഴിഞ്ഞ ആഗ്രഹിക്കുന്ന ഒരുപാട് പേരുണ്ട്. ഈ വിജയം ഉറപ്പിക്കാന്‍ നിസ്വാര്‍ഥമായി അഹോരാത്രം പണിപ്പെട്ടവരുണ്ട്. സ്ഥിതിഗതികള്‍ മാറുമ്പോള്‍ ഈ വിജയം നമുക്കൊരുമിച്ച് വിപുലമായ തോതില്‍ ആഘോഷിക്കാനാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.