അഞ്ച് മോഹന്‍ലാല്‍ സിനിമകള്‍ നേരിട്ട് ഒടിടിയിലേക്ക്; ‘മരക്കാര്‍’ തിയേറ്ററില്‍ വേണ്ടെന്ന് ചിലര്‍ മുന്നേ തീരുമാനിച്ചെന്ന് ആന്റണി

‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’ കൂടാതെ മറ്റ് നാല് മോഹന്‍ലാല്‍ ചിത്രങ്ങള്‍ കൂടി നേരിട്ട് ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യും. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡി, ഷാജി കൈലാസ് ഒരുക്കുന്ന എലോണ്‍, ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ട്വല്‍ത് മാന്‍ എന്നിവയും പുലിമുരുകന് ശേഷം മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് ഒരുക്കുന്ന ചിത്രവും നേരിട്ട് ഒടിടിയില്‍ പ്രദര്‍ശിപ്പിക്കുമെന്ന് ആന്റണി പെരുമ്പാവൂര്‍ പ്രഖ്യാപിച്ചു. പ്രിയദര്‍ശന്‍ മോഹന്‍ലാലിനെ നായകനാക്കി ചെയ്യുന്ന ബോക്‌സിങ്ങ് ചിത്രം ലൂസിഫര്‍ രണ്ടാം ഭാഗമായ എമ്പുരാന്‍ എന്നിവയുടെ റിലീസിനേക്കുറിച്ച് ആന്റണി പെരുമ്പാവൂര്‍ വ്യക്തമായി പ്രതികരിച്ചില്ല.

മരക്കാര്‍ ഒടിടിയില്‍ റിലീസ് ചെയ്യുന്നത് മോഹന്‍ലാല്‍ പറഞ്ഞിട്ടാണെന്ന് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. തിയേറ്ററുകള്‍ സഹകരിക്കാതെ വന്നതോടെയാണ് ഈ തീരുമാനമെടുക്കാന്‍ നിര്‍ബന്ധിതനായത്. തിയേറ്ററുടമകള്‍ തന്നോട് വിഷയം ചര്‍ച്ച ചെയ്യാന്‍ പോലും തയ്യാറായില്ല. 230ഓളം തിയേറ്ററുകളുമായി കരാറിന് ശ്രമിച്ചെങ്കിലും 89 തിയേറ്ററുകള്‍ മാത്രമാണ് അതിന് തയ്യാറായത്. ഇത്രയും വലിയ ചിത്രം വലിയ തുക കളക്ട് ചെയ്തില്ലെങ്കില്‍ വലിയ നഷ്ടം വരും. 40 കോടി രൂപ ഞാന്‍ ഒടിടിയില്‍ നിന്ന് വാങ്ങിയെന്ന് പറയുന്നത് സത്യമല്ല. പുറത്തുനിന്ന് കേള്‍ക്കുന്ന കാര്യങ്ങള്‍ പലതും വാസ്തവ വിരുദ്ധമാണ്. തിയേറ്ററുകാരോട് ഞാന്‍ ചെയ്ത തെറ്റ് എന്താണെന്ന് മനസിലാകുന്നില്ല. നേതൃത്വം മാറാതെ ഇനി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോകില്‍ പ്രവര്‍ത്തിക്കില്ലെന്നും ആന്റണി പെരുമ്പാവൂര്‍ കൊച്ചിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിച്ചു.

മോഹന്‍ലാല്‍ സാര്‍ എന്നോടിങ്ങനെ പറഞ്ഞു. ‘ആന്റണീ..നമ്മള്‍ ഒരുപാട് സിനിമകള്‍ മുന്നില്‍ സ്വപ്‌നം കണ്ട് ചെയ്യാന്‍ ആഗ്രഹിക്കുന്നവരാണ്. നമ്മുടെ ആഗ്രഹങ്ങള്‍ നടക്കണമെങ്കില്‍ നമ്മളുണ്ടാകണം. ബലത്തോടെ ഉണ്ടാകണം. അത് ഒരു സിനിമയിലൂടെ നഷ്ടപ്പെട്ടാല്‍ വീണ്ടും അതുപോലെ സ്വപ്‌നം കാണാന്‍ പറ്റില്ല.’

ആന്റണി പെരുമ്പാവൂര്‍

തിയേറ്ററുകളില്‍ നിന്ന് ഫിയോക് പറഞ്ഞതിനേക്കാള്‍ പണം താന്‍ വാങ്ങിയിട്ടുണ്ട്. 4.89 കോടി രൂപയാണ് തിയേറ്ററുകാര്‍ തന്നത്. ആ പണം മുഴുവന്‍ തിരിച്ചുകൊടുത്തു. ചിലര്‍ പണം ഇപ്പോള്‍ വേണ്ടെന്നും അടുത്ത സിനിമയിലേക്ക് കരുതാമെന്നും പറഞ്ഞു. തിയേറ്റര്‍ ഉടമകള്‍ തനിക്ക് എതിരല്ല. ചില വ്യക്തികളാണ് എതിര് നില്‍ക്കുന്നത്. മരക്കാര്‍ സിനിമ റിലീസ് ചെയ്യേണ്ട എന്നാണ് അവരുടെ തീരുമാനമെന്ന് തനിക്ക് തോന്നി. മിനിമം ഗ്യാരണ്ടിയെന്ന വാക്ക് താന്‍ പറഞ്ഞിട്ടില്ലെന്നും ആന്റണി പറഞ്ഞു.

പൃഥ്വിരാജ്, ആന്റണി പെരുമ്പാവൂര്‍, മോഹന്‍ലാല്‍

ആന്റണി പെരുന്വാവൂര്‍ പറഞ്ഞത്

“തിയേറ്ററില്‍ റിലീസ് ചെയ്യാന്‍ പറ്റാത്ത സാഹചര്യമായതുകൊണ്ടാണ് മരക്കാര്‍ ഒടിടി റിലീസിന് വിടുന്നത്. എന്തെങ്കിലും സാധ്യതയുണ്ടെങ്കില്‍ തിയേറ്ററില്‍ കൊണ്ടുവരാനാണ് ശ്രമിച്ചത്. മന്ത്രി സജി ചെറിയാനുമായുള്ള ചര്‍ച്ച നിര്‍ഭാഗ്യവശാല്‍ നടക്കാതെ പോയി. പലരും പറഞ്ഞതല്ല സത്യം. നിര്‍മ്മാതാക്കളും വിതരണക്കാരും ഫെഫ്കയും ഫിലിം ചേംബറും എല്ലാവരും ചേര്‍ന്ന് ചര്‍ച്ച ചെയ്യാമെന്നാണ് കരുതിയത്. പക്ഷെ, തിയേറ്ററുടമകള്‍ മുന്‍പ് സമ്മതിച്ച ഉപാധികളില്‍ നിന്നുകൂടി പിന്നോട്ടുപോകുകയാണെന്ന് അറിഞ്ഞു. മന്ത്രിയെ വിളിച്ച് നടക്കാത്ത കാര്യത്തില്‍ ഒരു ചര്‍ച്ച നടത്തേണ്ടെന്ന് ഞാന്‍ തന്നെയാണ് പറഞ്ഞത്. 40 കോടി രൂപ ഞാന്‍ ഒടിടിയില്‍ നിന്ന് വാങ്ങിയെന്ന് പലരും പറഞ്ഞു. അത്രയും പൈസ നല്‍കി സിനിമ കളിക്കാന്‍ തിയേറ്ററുകള്‍ക്ക് സാധിക്കുന്ന സാഹചര്യമല്ല. കേരളത്തില്‍ തിയേറ്ററുകളില്‍ നിന്ന് ഫിയോക് പറഞ്ഞതിനേക്കാള്‍ പണം ഞാന്‍ വാങ്ങിയിട്ടുണ്ട്. തിയേറ്ററുകള്‍ നല്‍കിയ സഹായങ്ങള്‍ മറക്കില്ല. തിയേറ്ററുകാരുടെ സംഘടന എന്നോട് സംസാരിക്കാന്‍ തയ്യാറായില്ല.

തിയേറ്ററുകാരോട് ഞാന്‍ ചെയ്ത തെറ്റെന്താണെന്ന് മനസിലാകുന്നില്ല. ഫിയോക് പറഞ്ഞതു പ്രകാരം 220-230 തിയേറ്ററുകള്‍ക്ക് എന്റെ ഓഫീസില്‍ നിന്ന് ഞാന്‍ കരാര്‍ അയച്ചിരുന്നു. 89 തിയേറ്ററുകളില്‍ നിന്നാണ് തിരിച്ച് ഉറപ്പുകിട്ടിയത്. എല്ലാവരുടേയും പിന്തുണയില്ലെന്ന് എനിക്ക് മനസിലായി. ഒരുപാട് ചിത്രങ്ങള്‍ റിലീസ് ചെയ്യാനുണ്ടെന്ന് പറഞ്ഞാണ് തിയേറ്ററുകാര്‍ പൂര്‍ണമായി സഹകരിക്കാതിരുന്നത്.

ജനങ്ങളുടെ പ്രാര്‍ത്ഥന കൊണ്ട് മോഹന്‍ലാല്‍ സാര്‍ എത്രയോ സൂപ്പര്‍ഹിറ്റ് സിനിമകള്‍ ചെയ്തു. പുറത്തുനിന്ന് കേള്‍ക്കുന്നതുപോലല്ല. ആരും എന്നെ വിളിച്ച് എങ്ങനെ റിലീസ് ചെയ്യാമെന്ന് സംസാരിച്ചില്ല. തിയേറ്ററില്‍ റിലീസ് ചെയ്ത് വളരെയധികം പണം കളക്ട് ചെയ്താലേ എനിക്ക് മുതലാകൂ. കൊവിഡ് സാഹചര്യമാണ്. ഞാന്‍ മോഹന്‍ലാല്‍ സാറിന്റെയടുത്ത് എന്റെ സങ്കടം പറഞ്ഞു. മോഹന്‍ലാല്‍ സാര്‍ എന്നോടിങ്ങനെ പറഞ്ഞു. ‘ആന്റണീ..നമ്മള്‍ ഒരുപാട് സിനിമകള്‍ മുന്നില്‍ സ്വപ്‌നം കണ്ട് ചെയ്യാന്‍ ആഗ്രഹിക്കുന്നവരാണ്. നമ്മുടെ ആഗ്രഹങ്ങള്‍ നടക്കണമെങ്കില്‍ നമ്മളുണ്ടാകണം. ബലത്തോടെ ഉണ്ടാകണം. അത് ഒരു സിനിമയിലൂടെ നഷ്ടപ്പെട്ടാല്‍ വീണ്ടും അതുപോലെ സ്വപ്‌നം കാണാന്‍ പറ്റില്ല. സ്വപ്‌നങ്ങള്‍ ഇനിയും കാണാന്‍ അതിലേക്ക് യാത്ര ചെയ്യാന്‍ ബലമോടെ മാത്രമേ സാധിക്കൂ.’ മോഹന്‍ലാല്‍ സാര്‍ നിര്‍ദ്ദേശിച്ചതു പ്രകാരമാണ് ഈ തീരുമാനമെടുത്തത്. പ്രിയദര്‍ശന്‍ ഉള്‍പ്പെടെ എല്ലാവരോടും സംസാരിച്ച് സമ്മതം വാങ്ങിയാണ് മരക്കാര്‍ ഒടിടിയിലേക്ക് കൊടുക്കുന്നത്.

4.89 കോടി രൂപയാണ് തിയേറ്ററുകാര്‍ തന്നത്. എന്നെ ചര്‍ച്ചകളില്‍ നിന്നും ഒഴിവാക്കി. മരക്കാര്‍ സിനിമ റിലീസ് ചെയ്യേണ്ട എന്നാണ് അവരുടെ തീരുമാനമെന്ന് എനിക്ക് തോന്നി. ആ പൈസ എല്ലാവര്‍ക്കും തിരിച്ചുകൊടുത്തു. ഒരു കോടി രൂപ തിയേറ്ററുകാരില്‍ നിന്ന് നാലു വര്‍ഷം മുന്നേ കിട്ടാനുണ്ട്. ആറ് മാസവും ഒരു വര്‍ഷവും വൈകി പൈസ നല്‍കിയവരുണ്ട്. അവര്‍ പണിത തിയേറ്ററുകളില്‍ അവകാശവാദം ഉന്നയിക്കാന്‍ എനിക്ക് കഴിയുമോ? തിയേറ്ററുടമകള്‍ അല്ല ചില വ്യക്തികള്‍ മാത്രമാണ് എനിക്ക് എതിര്.

എനിക്കും തിയേറ്ററുകളുണ്ട്. ഈ സംവിധാനം നിലനില്‍ക്കണമെന്നത് എന്റെ കൂടെ ആവശ്യമാണ്. സത്യം പറയാതെ എന്തൊക്കെയോ സംസാരിക്കുകയാണ്. ഫിയോക് ഉണ്ടാക്കുന്ന സമയത്ത് പ്രസിഡന്റായിരുന്നയാളാണ് ഞാന്‍. തിരിച്ച് കമന്റ് പറഞ്ഞ് ആളാകാനില്ല.

മോഹന്‍ലാല്‍ സാറിനെ വെച്ച് ഒരു സിനിമയെടുക്കാന്‍ 25-30 കോടിയോളം രൂപ ചെലവ് മതി. 35 കോടി രൂപ ചെലവ് ചെയ്താല്‍ നിര്‍മ്മാതാവിന് 10 കോടി രൂപയാകും നിക്ഷേപ റിസ്‌ക്. മരക്കാര്‍ വലിയ സിനിമയാണ്. അതില്‍ റിസ്‌ക് കൂടുതലാണ്. 680 സ്‌ക്രീനുകള്‍ 3 ലക്ഷം രൂപ വെച്ച് കൊടുത്താല്‍ 20 കോടി രൂപയുണ്ടാകും. മൂന്ന് ലക്ഷത്തില്‍ രണ്ട് ലക്ഷം ഓഹരിയാണെങ്കില്‍ അവര്‍ക്ക് വരുന്ന നഷ്ടം ഒരു ലക്ഷം രൂപയാണ്. ആ ഒരു ലക്ഷം റിസ്‌ക് ചെയ്യാന്‍ തിയേറ്ററുടമകള്‍ തയ്യാറല്ല. ആന്റണിയുടെ കോടികള്‍ നഷ്ടമാകട്ടെ എന്നാണ് ചിന്തിക്കുന്നത്.

150 കോടിയുടേയും 200 കോടിയുടേയും ചിത്രങ്ങളെടുത്ത് അന്യഭാഷകളോട് മത്സരിക്കുകയാണ് വേണ്ടത്. 40 കോടി ഞാന്‍ വാങ്ങി എന്ന് പ്രചരിപ്പിച്ചവരോട് തന്നെ അത് ചോദിക്കണം. മിനിമം ഗ്യാരണ്ടിയെന്ന വാക്ക് ഞാന്‍ പറഞ്ഞിട്ടില്ല. തിയേറ്ററുകളെ തകര്‍ക്കുമെന്ന ഒരു ഫോര്‍മാറ്റുമായി ഞാന്‍ വരില്ല. ഞാന്‍ സംഘടന പിളര്‍ത്താന്‍ വേണ്ടി നടക്കുന്നയാളല്ല. ഫിയോക്കില്‍ നിന്നും ഞാന്‍ രാജിവെച്ചു. സ്ഥാപക നേതാവ് കൂടിയായ ദിലീപിനാണ് രാജിക്കത്ത് നല്‍കിയത്. നിലവിലെ നേതൃത്വം മാറിയാല്‍ മാത്രമേ ഇനി ഫിയോക്കില്‍ പ്രവര്‍ത്തിക്കുകയുള്ളൂ.”